
തിരുവനന്തപുരം: ജനജീവിതം ദുസ്സഹമാക്കി ഇന്ധന വില (fuel price) വർധന തുടരുന്നു. നാളെയും വിലയിൽ മാറ്റമുണ്ടാകും. കേരളപ്പിറവി ദിനമായ നാളെ പെട്രോളിനും (Petrol) ഡീസലിനും (Diesel) 48 പൈസ വീതമാണ് വർധിക്കുക. ഇന്നും ഇന്ധന വില വർധിപ്പിച്ചിരുന്നു. രാജ്യത്ത് 121 രൂപയും കടന്ന് പെട്രോള്‍ വില (Petrol price) കുതിക്കുകയാണ്.
ഇന്ന് പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചിലയിടങ്ങളിലുമാണ് പെട്രോള്‍ വില 121 രൂപ കടന്നത്. ഇന്ന് വരെ ഒരു മാസത്തിനിടെ പെട്രോളിന് 7 രൂപ 92 പൈസയും ഡീസലിന് 8 രൂപ 95 പൈസയുമാണ് കൂടിയത്. ആഗോള എണ്ണവിലയും കുതിക്കുകയാണ്. അന്താരാഷ്ട്ര എണ്ണവില ബാരലിന് 100 ഡോളർ കടക്കുമെന്നാണ് സൂചന. ഏഴ് വർഷത്തെ ഉയർന്ന നിലയിലാണ് ആഗോള എണ്ണവില.
എണ്ണക്കമ്പനികൾ ദിനംപ്രതി ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. തീപ്പട്ടി മുതൽ പെയിന്റിന് വരെ വിലവർധിക്കുന്ന നിലയായി. ഭക്ഷ്യസാധനങ്ങളുടെ വിലയും അനിയന്ത്രിതമായി കുതിക്കുന്നുണ്ട്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന ആവശ്യമുണ്ടെങ്കിലും അവരത് കേട്ടഭാവം നടിക്കുന്നില്ല. വില 150 വരെയെത്തുമാണ് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
ഇന്ധന വില ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന് ജനം ആവർത്തിച്ച് ആവശ്യപ്പെടുമ്പോഴും പല സംസ്ഥാനങ്ങളും നികുതി വരവിലെ ഇടിവ് ഭയന്ന് ഇതിനെ എതിർക്കുകയാണ്. അതിനാൽ തന്നെ വില വർധിക്കുമ്പോൾ അത് സംസ്ഥാനങ്ങളുടെ നിലപാട് കാരണമാണെന്ന് കേന്ദ്രസർക്കാരും വാദിക്കുന്നു. ഈ സാഹചര്യത്തിൽ ആരോട് പരാതിപ്പെടാനും കഴിയാതെ നിരാശയിലാണ് പൊതുജനം.