9.82 ലക്ഷം കോടിയുടെ നഷ്ടം; അദാനി കമ്പനികളുടെ മൂല്യം പകുതിയായി

By Web TeamFirst Published Feb 3, 2023, 6:20 PM IST
Highlights

അദാനി കമ്പനികളുടെ മൂല്യം പകുതിയായി. 120 ബില്യൺ ഡോളർ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സമ്പന്ന പട്ടികയില്‍ ആദ്യ ഇരുപതില്‍ നിന്നും ഇന്ന് അദാനി പുറത്തായി

മുംബൈ: ഓഹരി മൂല്യം ഉയർത്തി തട്ടിപ്പ് നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി കമ്പനികളുടെ മൂല്യം പകുതിയായി. വിപണിയിൽ ഓഹരി മൂല്യം ഇടിഞ്ഞതോടെ 9.82 ലക്ഷം കോടി രൂപയുടെ (120 ബില്യൺ ഡോളർ) നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 

അദാനി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്  പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാർ ലോക്സഭയുടെ ഇന്ന് നടുത്തളത്തിലറങ്ങി മുദ്രാവാക്യം വിളിച്ചു.  ബജറ്റ്, ജി20 വിഷയങ്ങളില്‍ ചർച്ച നടക്കേണ്ട സമയമാണെന്നും തടസ്സപ്പെടുത്തരുതെന്നും ലോക്സഭ സ്പീക്കർ ഓംബിർള ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഒടുവില്‍ ലോക്സഭ രണ്ട് മണിവരെയും രാജ്യസഭ രണ്ടര വരെയും നിര്‍ത്തിവെച്ചു. സഭ ചേരുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേർന്നിരുന്നു. 16 പാർട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. അദാനിക്കെതിരെ ജെപിസി അന്വേഷണമോ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷമോ നടത്തുന്നത് വരെ പ്രതിഷേധം തുടരാനാണ് യോഗത്തിലെ തീരുമാനം. 

ഹിൻഡൻബർഗ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം, വെറും രണ്ട് വ്യാപാര സെഷനുകളിൽ അദാനി ഗ്രൂപ്പിന് 50 ബില്യൺ ഡോളറിലധികം വിപണി മൂല്യമാണ് നഷ്ടപ്പെട്ടത്. അദാനി ഗ്രൂപ്പിന്‍റെ ക്രമക്കേടുകൾ എണ്ണിപ്പറഞ്ഞുള്ള ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയിൽ കനത്ത തിരിച്ചടി അദാനി ഗ്രൂപ്പ് നേരിട്ടെങ്കിലും ഇടയ്ക്ക് തിരിച്ചുവരവിന്‍റെ സൂചനകള്‍ കാണിച്ചിരുന്നു. 

ചെയർമാൻ ഗൗതം അദാനിക്ക് 20 ബില്യൺ ഡോളറിലധികം അല്ലെങ്കിൽ അദ്ദേഹത്തിന്റെ മൊത്തം സമ്പത്തിന്റെ അഞ്ചിലൊന്ന് നഷ്ടമായെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനെന്ന നേട്ടവും അദാനിക്ക് നഷ്ടമായിരുന്നു. ഫോർബ്‌സിന്റെ തൽസമയ ശതകോടീശ്വരൻമാരുടെ പട്ടികയിലാണ്  റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ അദാനിയെ പിറകിലാക്കിയത്.  
 

click me!