വന്‍ കുതിപ്പ്; കേരളത്തില്‍ റെക്കോര്‍ഡുകൾ തകർത്ത് സ്വർണ വില

By Web TeamFirst Published Aug 5, 2020, 10:29 AM IST
Highlights

കൊവിഡ് വ്യാപനത്തിനിടയിലും ആഗോള വിപണിയിൽ സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വര്‍ണത്തിന് ആഗോള തലത്തിൽ പ്രിയം കൂടിയതാണ് വില ഉയരാൻ കാരണം. 

കൊച്ചി: സംസ്ഥാനത്ത് സ്വർണവില റെക്കോ‍ർഡുകൾ തകർത്ത് കുതിക്കുന്നു. സ്വർണവില ഇന്ന് ​ഗ്രാമിന് 65 രൂപയാണ് കൂടിയത്. പവന് 520 രൂപയും വർധിച്ചു. ഒരു ഗ്രാമിന് 5,100 രൂപയും പവന് 40,800 രൂപയുമാണ് സ്വർണത്തിന്‍റെ ഇന്നത്തെ വിൽപ്പന നിരക്ക്. രാജ്യാന്തര വിപണിയിൽ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും വില കൂടാൻ കാരണം.

കൊവിഡ് വ്യാപനത്തിനിടയിലും ആഗോള വിപണിയിൽ സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വര്‍ണത്തിന് ആഗോള തലത്തിൽ പ്രിയം കൂടിയതാണ് വില ഉയരാൻ കാരണം. വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരാനാണ് സാധ്യത. വിവിധ രാജ്യങ്ങളിൽ കൊവിഡിന്‍റെ രണ്ടാം വരവിന്‍റെ സൂചനകൾ കണ്ടതും ഓഹരി വിപണിയിലെ ചാഞ്ചാട്ടവുമാണ് സ്വർണത്തിലേക്ക് നിക്ഷേപ താത്പര്യമെത്തിച്ചത്. കൊവിഡ് മൂലം തകർന്ന വിപണിയെ ഉത്തേജിപ്പിക്കാൻ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ഉത്തേജനപാക്കേജുകൾ വീണ്ടും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടി.

ഡോളറിന്‍റെ വിലയിടിവും അമേരിക്ക ചൈന വ്യാപാര യുദ്ധവും സ്വര്‍ണത്തിലേക്ക് നിക്ഷേപ താത്പര്യം മാറുന്നതിന് കാരണമായി. സംസ്ഥാനത്ത് സ്വര്‍ണ വില പുതിയ ഉയരങ്ങളിൽ എത്തിയെങ്കിലും ആഭരണ ശാലകളിൽ തിരക്കില്ല. എന്നാൽ ഓൺലൈൻ വിപണിയിൽ സ്വര്‍ണത്തിന് ആവശ്യക്കാർ ഏറെയാണ്. രാജ്യന്തര വിപണിയുടെ ചുവട് പിടിച്ച് കേരളത്തിൽ സ്വർണ വില ഇനിയും ഉയരാനാണ് സാധ്യത.

click me!