ജിയോയിൽ 33,733 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഗൂഗിൾ

By Web TeamFirst Published Jul 15, 2020, 3:29 PM IST
Highlights

എൻട്രി ലെവൽ 4ജി-5ജി ഫോണുകൾക്കായി ഗൂഗിളും ജിയോയും ചേർന്ന് പ്രത്യേ ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിക്കുമെന്നും ഗൂഗിളും ജിയോയും തമ്മിലുള്ള സഹകരണത്തിലൂടെ ഇന്ത്യയെ 2 ജി മുക്തമാക്കുമെന്നും അംമ്പാനി അവകാശപ്പെട്ടു.

മുംബൈ: ജിയോ പ്ലാറ്റ്ഫോമുകളിൽ ആഗോള ടെക് ഭീമൻ ഗൂഗിൾ 33,733 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയൻസ് ഇന്ത്യ ചെയർമാൻ മുകേഷ് അംബാനിയുടെ സ്ഥിരീകരണം. 7.7 ശതമാനം ഓഹരി ഗൂഗളിന് നൽകുമെന്നും അംബാനി അറിയിച്ചു. റിലയൻസ് ഇന്ത്യയുടെ 43-ാം വാർഷിക ജനറൽ മീറ്റിലാണ് അംബാനിയുടെ പ്രഖ്യാപനം. 

ഇന്ത്യയിൽ അടുത്ത ഏഴ് വർഷത്തിനിടെ 10 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന ആൽഫബെറ്റ് സിഇഒ സുന്ദർപിച്ചൈയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് 33,733 കോടി രൂപ ഗൂഗിൾ റിലയൻസിൽ നിക്ഷേപിക്കുന്നത്. വലിയ കമ്പനികളിലും സ്റ്റാർട്ടപ്പുകളിലും പാർട്ണർ ഷിപ്പുകളിലും നിക്ഷേപം നടത്തുകയായിരിക്കും രീതിയെന്ന് പിച്ചൈ പറഞ്ഞിരുന്നു. 

ഫേസ്ബുക്കും, അമേരിക്കൻ  ചിപ്പ് നിർമ്മാതാക്കളായ ക്വാൽക്കോമും ഈയടുത്ത് ജിയോയിൽ നിക്ഷേപം നടത്തിയിരുന്നു. എൻട്രി ലെവൽ 4ജി-5ജി ഫോണുകൾക്കായി ഗൂഗിളും ജിയോയും ചേർന്ന് പ്രത്യേ ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിക്കുമെന്നും ഗൂഗിളും ജിയോയും തമ്മിലുള്ള സഹകരണത്തിലൂടെ ഇന്ത്യയെ 2 ജി മുക്തമാക്കുമെന്നും അംബാനി അവകാശപ്പെട്ടു. നിലവിൽ 2 ജി ഫീച്ചർ ഫോണുകളുപയോഗിക്കുന്ന 35 കോടി ഇന്ത്യക്കാരെ താങ്ങാവുന്ന വിലയുള്ള സ്മാർട്ട് ഫോണുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. 

ജിയോ മാർട്ടും വാട്സാപ്പും കൂടുതൽ ചേർന്ന് പ്രവർത്തിക്കുമെന്നും അംബാനി ഇന്ന് അറിയിച്ചു. 200 നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ജിയോ മാർട്ട് ചെറുകിട കച്ചവടക്കാരെ ഉൾക്കൊള്ളിക്കുന്ന ഇ കൊമേഴ്സ് പ്ലാറ്റ്ഫോമാണ്. 

click me!