ബിഎസ്എൻഎൽ അടച്ചുപൂട്ടുമോ? നയം വ്യക്തമാക്കി കേന്ദ്രസർക്കാർ

By Web TeamFirst Published Feb 4, 2021, 12:39 PM IST
Highlights

ബിഎസ്എൻഎല്ലിന്റെ നഷ്ടം 2019-20 കാലത്ത് 15500 കോടി രൂപയായി. 2018-19 ൽ 14904 കോടി രൂപയായിരുന്നു നഷ്ടം. 

ദില്ലി: നഷ്ട്ത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതും വിൽക്കുന്നതും കേന്ദ്രസർക്കാർ നയമായത് കൊണ്ടാവണം, ലോക്സഭയിൽ ഒരു ചോദ്യമുയർന്നു. ബിഎസ്എൻഎൽ വിൽക്കാനുള്ള ആലോചന വല്ലതുമുണ്ടോയെന്നായിരുന്നു അത്. ഇതിന് മറുപടി രേഖാമൂലം എഴുതി നൽകിയത് കേന്ദ്ര ടെലികോം വകുപ്പ് സഹമന്ത്രി സഞ്ജയ് ധോത്ത്രേയാണ്. അത്തരത്തിലൊരു പദ്ധതി പരിഗണനയിലില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ബിഎസ്എൻഎല്ലിന്റെ നഷ്ടം 2019-20 കാലത്ത് 15500 കോടി രൂപയായി. 2018-19 ൽ 14904 കോടി രൂപയായിരുന്നു നഷ്ടം. എംടിഎൻഎല്ലിന്റെ നഷ്ടം ഇതേ കാലത്ത് 3398 കോടിയിൽ നിന്ന് 3811 കോടി രൂപയായി ഉയർന്നു. ഇരു കമ്പനികളും അടച്ചുപൂട്ടാൻ യാതൊരു ആലോചനയും ഇല്ല. എന്നാൽ ഇരു കമ്പനികളെയും ശക്തിപ്പെടുത്താൻ 69000 കോടി രൂപയുടെ പദ്ധതി ഉണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.

ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവ് നിയന്ത്രിക്കുക, വിആർഎസ് നടപ്പിലാക്കുക, 4ജി സേവനത്തിനുള്ള സംവിധാനമൊരുക്കാൻ സാമ്പത്തിക സഹായം നൽകുക തുടങ്ങിയ പദ്ധതികളാണ് ഇതിന്റെ ഭാഗമെന്നും മന്ത്രി വിശദീകരിച്ചു. ബിഎസ്എൻഎല്ലിന്റെ 78569 ജീവനക്കാരും എംടിഎൻഎല്ലിന്റെ 14387 ജീവനക്കാരും വിആർഎസ് എടുത്തെന്നും മന്ത്രി പറഞ്ഞു.

click me!