രുചി അത്ര പോര; ഇറക്കുമതി സവാള പകുതി വിലയ്ക്ക് വില്‍ക്കാനൊരുങ്ങി സര്‍ക്കാര്‍

By Web TeamFirst Published Jan 18, 2020, 4:26 PM IST
Highlights
  • ആവശ്യക്കാരില്ലാതെ വന്നതോടെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത സവാള കെട്ടിക്കിടക്കുന്നു. 
  • സവാള പകുതി വിലയ്ക്ക് വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

ദില്ലി: രാജ്യത്ത് സവാള വില ഉയര്‍ന്നതും സവാളയുടെ ലഭ്യതക്കുറവും കണക്കിലെടുത്ത് ഇറക്കുമതി ചെയ്ത ടണ്‍ കണക്കിന് സവാള ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുന്നു. തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത 34,000 ടണ്‍ സവാളയാണ് ഇത്തരത്തില്‍ ആര്‍ക്കും വേണ്ടാതെ കെട്ടിക്കിടക്കുന്നത്. 

ഇറക്കുമതി ചെയ്ത സവാളയ്ക്ക് ഇന്ത്യന്‍ സവാളയുടെ അത്ര എരിവും രുചിയും ഇല്ലാത്തതാണ് ആവശ്യക്കാരില്ലാത്തതിന് കാരണം. സവാളയുടെ രുചിക്കുറവ് മൂലം സംസ്ഥാനങ്ങളൊന്നും ഇത് വാങ്ങാന്‍ തയ്യാറാകാതെ വന്നതോടെ ഇറക്കുമതി സവാള വില കുറച്ച് വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഇറക്കുമതി സവാള കിലോയ്ക്ക് 55 രൂപയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ആവശ്യക്കാരില്ലാതെ വന്നതോടെ 25 രൂപയ്ക്ക് സവാള വില്‍ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പകുതിയിലും താഴെ വിലയ്ക്ക് സവാള വില്‍ക്കുന്നതോടെ സര്‍ക്കാരിന് വന്‍ നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നത്.

Read More: പൗരത്വ നിയമ ഭേദ​ഗതിയെ അനുകൂലിച്ച് മോ​ദിക്ക് ലഭിച്ചത് 42000 പോസ്റ്റ് കാർഡുകൾ

ഇറക്കുമതി ചെയ്ത സവാള ഇന്ത്യന്‍ സവാളയേക്കാള്‍ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് കേടാകും. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ വിറ്റഴിക്കാന്‍ സാധിക്കാതെ വരുന്നത് ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, മാലദ്വീപ് എന്നിവിടങ്ങളിലേക്ക് കയറ്റി അയയ്ക്കാനും സര്‍ക്കാര്‍ തീരുമാനിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

click me!