ഇന്ത്യയിലെ യുവ സംരംഭകരിലും സ്റ്റാര്‍ട്ടപ്പുകളിലും അംബാനിക്ക് വലിയ പ്രതീക്ഷയാണുള്ളത്

അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യ 30 ലക്ഷം കോടി ഡോളറിന്റെ (ഏകദേശം 2500 ലക്ഷം കോടി രൂപ) വന്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി. സാങ്കേതിക വിദ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കരുത്തുപകരുന്ന പുതിയ കാലഘട്ടത്തില്‍ ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ നടന്ന ജിയോ-ബ്ലാക്ക് റോക്ക് ചടങ്ങില്‍ ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്കുമായി നടത്തിയ ചര്‍ച്ചയിലാണ് അംബാനി തന്റെ ശുഭാപ്തിവിശ്വാസം പങ്കുവെച്ചത്.

100 റിലയന്‍സുകള്‍ വരും

ഇന്ത്യയിലെ യുവ സംരംഭകരിലും സ്റ്റാര്‍ട്ടപ്പുകളിലും അംബാനിക്ക് വലിയ പ്രതീക്ഷയാണുള്ളത്. ഇന്ന് 28-30 വയസ്സുള്ള യുവാക്കള്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നത് കാണുമ്പോള്‍ എനിക്ക് വലിയ ആത്മവിശ്വാസം തോന്നുന്നു. വരും വര്‍ഷങ്ങളില്‍ റിലയന്‍സിനെപ്പോലെയുള്ള 100 പുതിയ വമ്പന്‍ കമ്പനികള്‍ ഇന്ത്യയില്‍ നിന്നുയര്‍ന്നു വരുന്നത് എനിക്ക് കാണാം. ഒരുപക്ഷേ 100 കമ്പനികള്‍ പോലും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തികയില്ല''. അംബാനി പറഞ്ഞു. നിലവില്‍ 110 ലക്ഷം കോടി ഡോളറുള്ള ലോക സമ്പദ്വ്യവസ്ഥ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ 300 ലക്ഷം കോടിയായി വളരുമ്പോള്‍ അതില്‍ സിംഹഭാഗവും ഇന്ത്യക്കായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഊര്‍ജ്ജരംഗത്ത് വന്‍ മാറ്റം

നിലവില്‍ ഇന്ത്യക്കാവശ്യമായ അസംസ്‌കൃത എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. എന്നാല്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഈ ചിത്രം മാറുമെന്ന് അംബാനി പ്രവചിക്കുന്നു. പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ നിക്ഷേപത്തിലൂടെ ഇന്ത്യ ഊര്‍ജ്ജരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കും. 'അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് ഇന്ത്യ അവസാനിപ്പിക്കും. സ്വന്തമായി ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ നമുക്ക് സാധിക്കും,' അദ്ദേഹം വ്യക്തമാക്കി.

സമ്പാദ്യം നിക്ഷേപമാകണം

ഇന്ത്യക്കാരുടെ സമ്പാദ്യശീലം നിക്ഷേപങ്ങളായി മാറണമെന്നാണ് അംബാനിയുടെയും ലാറി ഫിങ്കിന്റെയും അഭിപ്രായം.വീട്ടിലിരിക്കുന്ന പണം വിപണിയിലേക്ക് നിക്ഷേപമായി ഒഴുകണം. വെറുതെ സൂക്ഷിച്ചു വെക്കുന്നതിനേക്കാള്‍, പണം വിപണിയില്‍ നിക്ഷേപിക്കുന്നത് വഴി കൂടുതല്‍ ലാഭം ജനങ്ങള്‍ക്ക് ലഭിക്കും.

ഇന്ത്യയുടെ കാലഘട്ടം

വിപണിയിലെ ചെറിയ ചലനങ്ങളില്‍ ആശങ്കപ്പെടാതെ ഇന്ത്യയുടെ ദീര്‍ഘകാല വളര്‍ച്ചയില്‍ വിശ്വസിക്കാനാണ് ലാറി ഫിങ്ക് നിക്ഷേപകര്‍ക്ക് നല്‍കുന്ന ഉപദേശം. 'ഇത് ഇന്ത്യയുടെ കാലഘട്ടമാണ്. വിപണിയിലെ താല്‍ക്കാലിക ബഹളങ്ങളില്‍ ശ്രദ്ധിക്കാതെ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് മികച്ച നേട്ടം കൊയ്യാനാകും,' ലാറി ഫിങ്ക് പറഞ്ഞു.