എണ്ണക്കമ്പനികൾക്ക് സുപ്രധാന നിർദേശം നൽകി കേന്ദ്രസർക്കാർ: രാജ്യത്ത് നഗര - ഗ്രാമ വ്യത്യാസമില്ലാതെ ഗാർഹിക എൽപിജി ബുക്ക് ചെയ്യാനുള്ള സമയപരിധി ഏകീകരിച്ചു

Published : Sep 07, 2026, 08:46 PM IST
Gas

Synopsis

ഗാർഹിക എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി കേന്ദ്ര സർക്കാർ ഏകീകരിച്ചു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഇനി 25 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഉപഭോക്താക്കൾക്ക് അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാം. എൽ.പി.ജി വിതരണ സാഹചര്യം മെച്ചപ്പെട്ടതിനാലാണ് ഈ പുതിയ തീരുമാനമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

ദില്ലി: ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. രാജ്യത്ത് നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഇനിമുതൽ 25 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഉപഭോക്താക്കൾക്ക് അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കും. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം എണ്ണ വിതരണ കമ്പനികൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകി.

നേരത്തെ നഗരപ്രദേശങ്ങളിൽ 25 ദിവസവും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസവുമായിരുന്നു രണ്ടു ബുക്കിംഗുകൾ തമ്മിൽ ഉണ്ടായിരിക്കേണ്ട നിർബന്ധിത സമയപരിധി. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് എൽ.പി.ജി ലഭ്യതയിൽ തടസം നേരിട്ട പശ്ചാത്തലത്തിലായിരുന്നു തീരുമാനം. വിതരണം ക്രമീകരിച്ച് എല്ലാവർക്കും എൽ.പി.ജി ലഭ്യമാക്കുന്നതിൻ്റെ ഭാഗമായാണ് ഗ്രാമപ്രദേശങ്ങളിൽ 45 ദിവസത്തെ ഇടവേള ഏർപ്പെടുത്തിയിരുന്നത്. ഈ നിയന്ത്രണത്തിലാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ഇളവ് വരുത്തിയിരിക്കുന്നത്.

നിലവിൽ എൽ.പി.ജി വിതരണ സാഹചര്യം മെച്ചപ്പെട്ടതിനാലാണ് നിയന്ത്രണം ലഘൂകരിച്ചതെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. ഇതോടെ ഗ്രാമീണ മേഖലയിലുള്ള ഉപഭോക്താക്കൾക്കും 20 ദിവസം മുൻപേ തന്നെ അടുത്ത സിലിണ്ടറിനായി അപേക്ഷിക്കാൻ സാധിക്കും. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പുതിയ പരിഷ്കാരം ഉടനടി നടപ്പിലാക്കാൻ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഓള്‍ഡ് മങ്ക് റം അല്ലാതായി മാറിയതെന്ത് കൊണ്ട്? മദ്യവിപണിയിലെ സത്യങ്ങളും ബോംബെ ഹൈക്കോടതിയിലെ കേസും അറിയാം
ശാസ്ത്രലോകത്തെ ഞെട്ടിച്ച് 'ഓപ്പണ്‍ എഐ'; നിയന്ത്രണം വിട്ട് എഐ ഏജന്റുകള്‍, ജര്‍മന്‍ വെബ്‌സൈറ്റ് രഹസ്യത്താവളമാക്കി