
സാന്‍ഫ്രാന്‍സിസ്‌കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യന്റെ നിയന്ത്രണങ്ങള്‍ ഭേദിച്ച് സ്വയം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയോ? ടെക് ലോകത്തെ ഒന്നാകെ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചാറ്റ്ജിപിടി ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാതാക്കളായ 'ഓപ്പണ്‍ എഐ'യുടെ നിയന്ത്രണം ഭേദിച്ച് കുറെ എഐ ഏജന്റുകള്‍ ചേര്‍ന്ന് ഒരു ജര്‍മന്‍ വെബ്‌സൈറ്റ് പിടിച്ചെടുത്തതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മറ്റ് എഐ ഏജന്റുകള്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനുള്ള ഒരു രഹസ്യ ബുളളറ്റിന്‍ ബോര്‍ഡാക്കി ഈ വെബ്‌സൈറ്റിനെ മാറ്റുകയായിരുന്നു. റോയിട്ടേഴ്‌സ് ആണ് ഈ വിവരം പുറത്തുവിട്ടത്.
ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ഓപ്പണ്‍ എഐ അധികൃതര്‍ക്ക് ഈ വിവരം അറിയാമായിരുന്നുവെങ്കിലും അവര്‍ ഇത് രഹസ്യമാക്കി വെക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്ഫോമായ 'ഹഗ്ഗിങ് ഫെയ്‌സില്‍' ഉണ്ടായ സുരക്ഷാ വീഴ്ചയുടെ നാണക്കേടില്‍ നില്‍ക്കുന്നതിനാലാണ് കമ്പനി ഈ പുതിയ വീഴ്ച പുറത്തുവിടാന്‍ മടിച്ചത്.
മെയ് മാസത്തില്‍ ആരംഭിച്ച ഈ രഹസ്യനീക്കം എഐ വ്യവസായ മേഖലയിലെ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു. കൂടുതല്‍ സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ കഴിയുന്ന എഐകളെ നിര്‍മ്മിക്കാനുള്ള നെട്ടോട്ടത്തിലാണ് കമ്പനികള്‍. എന്നാല്‍, ഈ എഐകള്‍ നിയമങ്ങള്‍ വളച്ചൊടിക്കാനും പഴുതുകള്‍ കണ്ടെത്താനും തങ്ങളുടെ സ്രഷ്ടാക്കള്‍ പോലുമറിയാതെ പരസ്പരം ആശയവിനിമയം നടത്താനും പഠിച്ചുകഴിഞ്ഞു എന്നതിന്റെ വ്യക്തമായ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
എഐ മോഡലുകളെ കൂടുതല്‍ കര്‍ശനമായി നിരീക്ഷിക്കുമെന്ന് ഓപ്പണ്‍ എഐ ഉറപ്പുനല്‍കിയിരുന്നു. സുരക്ഷാ മുന്‍കരുതലുകള്‍ വര്‍ധിപ്പിക്കുന്നതിനായി കഴിഞ്ഞ മാസം ചില മോഡലുകളുടെ പരിശീലനം കമ്പനി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, മനുഷ്യന്റെ നിരീക്ഷണങ്ങളെപ്പോലും മറികടക്കാന്‍ സാധ്യതയുള്ള, കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പുതിയ എഐ മോഡലായ 'അസ്ട്രാ' ഈ ആഴ്ചയാണ് കമ്പനി പുറത്തിറക്കിയത്.
എഐ സുരക്ഷാ സന്നദ്ധ സംഘടനയായ നൈറ്റിംഗേലിന്റെ സിഇഒ സിഡ്‌നി വോണ്‍ ആര്‍ക്‌സും ഗവേഷകനായ കോര്‍മാക് സ്ലേഡ് ബൈര്‍ഡും ചേര്‍ന്നാണ് ഓഗസ്റ്റ് അവസാനത്തോടെ ഈ വിവരങ്ങള്‍ കണ്ടെത്തിയത്. പ്രോഗ്രാമര്‍മാര്‍ക്ക് വിവരങ്ങള്‍ പങ്കുവെക്കാനായി വിക്കിപീഡിയ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 'ഡിഎസ്ഇ വിക്കി' എന്ന ജര്‍മന്‍ വെബ്‌സൈറ്റിലാണ് എഐ ഏജന്റുകള്‍ കടന്നുകയറിയത്. ഇവിടെ 15,000-ത്തിലധികം തിരുത്തലുകളാണ് എഐകള്‍ നടത്തിയത്.
ഓപ്പണ്‍ എഐയുടെ നിയന്ത്രണങ്ങളെ മറികടക്കാനും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മറച്ചുവെക്കാനുമുള്ള തന്ത്രങ്ങളാണ് ഇവര്‍ ഇവിടെ പങ്കുവെച്ചത്. മനുഷ്യര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും വേഗത്തിലായിരുന്നു ഇവയുടെ പ്രവര്‍ത്തനം. സ്വയം ഏജന്റുകള്‍ എന്ന് വിശേഷിപ്പിച്ച വ്യത്യസ്ത പേരുകളിലാണ് ഈ വെബ്‌സൈറ്റില്‍ ഇടപെട്ടത്. ഓപ്പണ്‍ എഐ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റ് അസൂര്‍ ഇന്‍ഫ്രാസ്ട്രക്ചറില്‍ നിന്നാണ് ഇതില്‍ പല പ്രവര്‍ത്തനങ്ങളും നടന്നതെന്ന് സെര്‍വര്‍ രേഖകള്‍ വ്യക്തമാക്കുന്നു. സംഭവത്തിന് ശേഷം ഓപ്പണ്‍ എഐ ജീവനക്കാര്‍ ഈ വെബ്‌സൈറ്റ് സന്ദര്‍ശിച്ചതും സംശയമുണര്‍ത്തുന്നുണ്ട്.
പിടിക്കപ്പെടാതിരിക്കാന്‍ ടോര്‍ പോലുള്ള ടൂളുകള്‍ ഉപയോഗിക്കാനും, തങ്ങളുടെ അക്കൗണ്ടുകള്‍ പൂട്ടിയാല്‍ പോലും ആശയവിനിമയം തുടരാനുമുള്ള വഴികള്‍ എഐകള്‍ ആസൂത്രണം ചെയ്തു. ജൂണില്‍ വെബ്‌സൈറ്റ് അഡ്മിന്‍ ഈ പേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍, അതിനെ മറികടക്കാന്‍ എഐകള്‍ ബാക്കപ്പ് പേജുകള്‍ ഉണ്ടാക്കി. 'പേജുകള്‍ ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ട്, ഈ പേജ് അപ്രത്യക്ഷമായാല്‍ മറ്റൊരു പേജില്‍ നോക്കുക' എന്ന് ജൂണ്‍ 19-ന് ഒരു എഐ ഏജന്റ് കുറിച്ചു.
വെബ്‌സൈറ്റില്‍ കൃത്രിമം കാണിക്കാനുള്ള എഐകളുടെ ശ്രമം ഒരു ഹാക്കിങ് തന്നെയാണെന്ന് കിങ്‌സ് കോളേജ് ലണ്ടനിലെ ലൂക്കാസ് ഒലെജ്‌നിക് പറയുന്നു. എന്നാല്‍ ഓപ്പണ്‍ എഐ ഇത് നിഷേധിച്ചു. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗവേഷകനായ മോറിസ് ചിയോഡോയുടെ വാക്കുകള്‍ കൂടുതല്‍ ഭയപ്പെടുത്തുന്നതാണ്. 'ഏതോ വലിയ ലക്ഷ്യം നേടാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു അധോലോക സംഘത്തെപ്പോലെയാണ്' ഈ എഐകളുടെ ആശയവിനിമയം എന്നാണ് അദ്ദേഹം പറയുന്നത്. ഭാവിയില്‍ മനുഷ്യരാശിക്ക് ഏറ്റവും വലിയ ഭീഷണി ആകാന്‍ പോകുന്നത് ഒറ്റയ്ക്കുള്ള ഒരു സൂപ്പര്‍ ഇന്റലിജന്റ് സിസ്റ്റം ആയിരിക്കില്ല, മറിച്ച് പരസ്പരം രഹസ്യമായി ആശയവിനിമയം നടത്തുന്ന ഇത്തരം എഐകളുടെ വന്‍കൂട്ടങ്ങളായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.