ഉപയോക്താക്കളുടെ എച്ച്ഐവി വിവരങ്ങള്‍ ചോര്‍ത്തി; ഡേറ്റിങ് ആപ്പായ ഗ്രൈന്‍ഡര്‍ നല്‍കേണ്ടത് 26 ദശലക്ഷം പൗണ്ട് നഷ്ടപരിഹാരം

Published : Sep 08, 2026, 03:44 PM IST
Dating app

Synopsis

ഗ്രൈൻഡർ ഉപയോക്താക്കളുടെ എച്ച്.ഐ.വി വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ഡാറ്റ ചോര്‍ത്തിയെന്ന കേസില്‍ 285 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു. യുകെയിലെ 11,000-ത്തിലധികം ഉപയോക്താക്കള്‍ക്ക് രണ്ട് ഗഡുക്കളായി തുക നല്‍കുമെങ്കിലും, 2020-ന് മുമ്പുള്ള മാനേജ്‌മെന്റിന്റെ വീഴ്ചയാണിതെന്നും കുറ്റം സമ്മതിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ എല്‍ജിബിടിക്യൂ പ്ലസ് ഡേറ്റിങ് ആപ്പായ ഗ്രൈന്‍ഡര്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ വന്‍തുക നഷ്ടപരിഹാരം നല്‍കുന്നതില്‍ തീരുമാനമായി. ഉപയോക്താക്കളുടെ എച്ച്.ഐ.വി വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ മുന്‍കൂര്‍ അനുമതിയില്ലാതെ മറ്റ് കമ്പനികള്‍ക്ക് കൈമാറിയെന്ന കേസിലാണ് 26 ദശലക്ഷം പൗണ്ട് (ഏകദേശം 285 കോടി രൂപ) നല്‍കാന്‍ കമ്പനി തയ്യാറായത്.

2024-ല്‍ യുകെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുകയും പിന്നീട് അമേരിക്കന്‍ കോടതികളിലേക്ക് മാറുകയും ചെയ്ത കേസില്‍ 11,000-ത്തിലധികം ആളുകളാണ് ഗ്രൈന്‍ഡറിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പ്രകാരം രണ്ട് ഗഡുക്കളായാണ് കമ്പനി തുക നല്‍കുക. ആദ്യത്തെ 13 ദശലക്ഷം പൗണ്ട് ഈ വര്‍ഷം ഡിസംബര്‍ 31-നകവും ബാക്കി തുക 2027 മാര്‍ച്ച് 31-നകവും കൈമാറും. എന്നാല്‍ ഈ ഒത്തുതീര്‍പ്പ് കുറ്റം സമ്മതിച്ചുകൊണ്ടുള്ളതല്ലെന്നാണ് കമ്പനിയുടെ വിശദീകരണം.

വിവരങ്ങള്‍ വിറ്റത് വാണിജ്യ ആവശ്യങ്ങള്‍ക്ക്

യുകെയിലെ സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ച് ഉപയോക്താക്കളുടെ വംശം, ലൈംഗിക ആഭിമുഖ്യം, എച്ച്.ഐ.വി വിവരങ്ങള്‍ തുടങ്ങിയവ ഗ്രൈന്‍ഡര്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി മൂന്നാം കക്ഷികള്‍ക്ക് നല്‍കിയെന്നാണ് ഓസ്റ്റിന്‍ ഹെയ്സ് എന്ന നിയമ സ്ഥാപനം ഫയല്‍ ചെയ്ത കേസില്‍ ആരോപിക്കുന്നത്.

സമൂഹത്തിലെ ഒറ്റപ്പെടുത്തലുകള്‍ ഒഴിവാക്കാനും ആരോഗ്യപരമായ തീരുമാനങ്ങള്‍ എടുക്കാനും ലക്ഷ്യമിട്ടാണ് എച്ച്.ഐ.വി പരിശോധനാ ഫലങ്ങളും തീയതിയും പ്രൊഫൈലില്‍ ചേര്‍ക്കാന്‍ ഗ്രൈന്‍ഡര്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കിയത്. എന്നാല്‍ ഈ ഡാറ്റ ആപ്പ്റ്റിമൈസ്, ലോക്കലിറ്റിക്‌സ് എന്നീ രണ്ട് ഡാറ്റ അനലിറ്റിക്‌സ് കമ്പനികള്‍ക്ക് ഗ്രൈന്‍ഡര്‍ കൈമാറുകയായിരുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള പരസ്യങ്ങള്‍ നല്‍കാന്‍ വേണ്ടിയായിരുന്നു ഇത്. ഏറ്റവും സ്വകാര്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ ഇത്തരത്തില്‍ ചോര്‍ന്നത് ഉപയോക്താക്കളില്‍ കടുത്ത മാനസിക സംഘര്‍ഷമാണ് ഉണ്ടാക്കിയതെന്ന് കേസ് നടത്തിയവര്‍ ആരോപിച്ചു.

പഴയ മാനേജ്‌മെന്റിന്റെ വീഴ്ചയെന്ന് ഗ്രൈന്‍ഡര്‍

ചൈനീസ് കമ്പനിയായ കുന്‍ലുന്‍ ഗ്രൈന്‍ഡറിന്റെ ഉടമസ്ഥരായിരുന്ന 2020-ന് മുമ്പുള്ള കാലഘട്ടത്തിലാണ് ഈ ഡാറ്റാ ചോര്‍ച്ച നടന്നതെന്നാണ് നിലവിലെ മാനേജ്‌മെന്റ് പറയുന്നത്. കേസ് നല്‍കിയവരുടെ ആരോപണങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നില്ലെങ്കിലും, യുകെയിലെ ഉപയോക്താക്കള്‍ക്കുണ്ടായ മാനസിക ബുദ്ധിമുട്ടും നഷ്ടപ്പെട്ട വിശ്വാസവും തങ്ങള്‍ മനസിലാക്കുന്നുണ്ടെന്ന് സെപ്റ്റംബര്‍ 2-ന് സമര്‍പ്പിച്ച ഒത്തുതീര്‍പ്പ് രേഖകളില്‍ കമ്പനി വ്യക്തമാക്കി. 2020-ന് ശേഷം തങ്ങളുടെ പ്രൈവസി പോളിസികളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഉപയോക്താക്കള്‍ക്ക് തികച്ചും സുരക്ഷിതമായ ഇടമാണ് ആപ്പ് എന്നും ഗ്രൈന്‍ഡര്‍ അവകാശപ്പെടുന്നു.

മുന്‍പ് നേരിട്ട നടപടികള്‍

2018-ലാണ് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഗ്രൈന്‍ഡര്‍ മറ്റ് കമ്പനികള്‍ക്ക് നല്‍കുന്നുണ്ടെന്ന വാര്‍ത്തകള്‍ ആദ്യമായി പുറത്തുവരുന്നത്.ഡാറ്റാ ചോര്‍ച്ചയുടെ പേരില്‍ നോര്‍വേയിലെ ഡാറ്റാ പ്രൊട്ടക്ഷന്‍ ഏജന്‍സി മുമ്പ് ഗ്രൈന്‍ഡറിന് 5.5 ദശലക്ഷം പൗണ്ട് പിഴ ചുമത്തിയിരുന്നു. കൂടാതെ 2022-ല്‍ യുകെ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഓഫീസും കമ്പനിയുടെ ഡാറ്റാ പോളിസികളില്‍ താക്കീത് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോഴത്തെ വന്‍ തുകയുടെ ഒത്തുതീര്‍പ്പ്.

PREV
Read more Articles on
click me!

Recommended Stories

അടിമുടി മാറാനൊരുങ്ങി കെഎസ്ആ‍‌ർടിസി; 10 വർഷത്തേക്ക് പരസ്യം ചെയ്യാൻ അവസരം, സ്പോൺസർഷിപ്പ് വഴി പുതിയ ബസുകൾ നിരത്തിലേക്ക്
എണ്ണക്കമ്പനികൾക്ക് സുപ്രധാന നിർദേശം നൽകി കേന്ദ്രസർക്കാർ: രാജ്യത്ത് നഗര - ഗ്രാമ വ്യത്യാസമില്ലാതെ ഗാർഹിക എൽപിജി ബുക്ക് ചെയ്യാനുള്ള സമയപരിധി ഏകീകരിച്ചു