GST : ജിഎസ്ടി സ്ലാബുകളിൽ മാറ്റം വന്നേക്കും: 5 % നികുതി നിരക്കിലെ ഉത്പന്നങ്ങൾ വിഭജിക്കും

By Web TeamFirst Published Apr 18, 2022, 4:27 AM IST
Highlights

നിലവിൽ സ്വർണത്തിനും സ്വർണാഭരണങ്ങൾക്കും മൂന്ന് ശതമാനമാണ് നികുതി. മറ്റെല്ലാ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും അഞ്ച്, 12, 18, 28 എന്നിങ്ങനെ നാല് സ്ലാബുകൾ ആക്കി തിരിച്ചാണ് നികുതി ഈടാക്കിയിരുന്നത്.

ദില്ലി: ജി എസ് ടി സ്ലാബുകളിൽ മാറ്റം വന്നേക്കും. അഞ്ച് ശതമാനം നികുതി നിരക്കിന് കീഴിൽ വരുന്ന ഉൽപ്പന്നങ്ങളെ വിഭജിച്ച് മൂന്ന് ശതമാനം നികുതി നിരക്കിലും എട്ട് ശതമാനം നികുതി നിരക്കിലും ഉൾപ്പെടുത്താനാണ് ആലോചന. ജി എസ് ടി നഷ്ടപരിഹാരം ഇനി മുതൽ സംസ്ഥാനങ്ങൾക്ക് നൽകില്ല. അതിനാൽ തന്നെ സംസ്ഥാനങ്ങളുടെ വരുമാനം ഇടിയുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നത്.

നിലവിൽ സ്വർണത്തിനും സ്വർണാഭരണങ്ങൾക്കും മൂന്ന് ശതമാനമാണ് നികുതി. മറ്റെല്ലാ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും അഞ്ച്, 12, 18, 28 എന്നിങ്ങനെ നാല് സ്ലാബുകൾ ആക്കി തിരിച്ചാണ് നികുതി ഈടാക്കിയിരുന്നത്. 5 ശതമാനം നികുതി നിരക്ക് വിഭജിച്ചാൽ നിലവിലെ നാല് സ്ലാബുകൾ എന്നത് ഇനി അഞ്ച് സ്ലാബുകൾ ആയി മാറും.

അതേസമയം ഉൽപ്പന്നങ്ങളെ മൂന്ന് ശതമാനം നികുതി നിരക്കിന് കീഴിൽ കൊണ്ടുവരുന്നതിനു പകരം, അഞ്ച് ശതമാനം എന്ന നികുതി നിരക്ക് പരിഷ്കരിച്ച് ഏഴ് ശതമാനമോ എട്ട്  ശതമാനമോ ഒൻപത് ശതമാനമോ ആക്കി ഉയർത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

അഞ്ചു ശതമാനം നികുതി നിരക്കിൽ ഒരു ശതമാനമെങ്കിലും വർദ്ധനവ് ഉണ്ടായാൽ അതിലൂടെ സർക്കാരിന്റെ വരുമാനം പ്രതിവർഷം 50,000 കോടി വർദ്ധിക്കും. എങ്കിലും ഇപ്പോഴത്തെ വിലക്കയറ്റം പരിഗണിച്ച് ഇങ്ങനെയൊരു തീരുമാനമെടുത്താൽ അത് ജനരോഷത്തിന് കാരണമാകും. അതിനാൽ തന്നെ 5 ശതമാനം നികുതി നിരക്കിനെ വിഭജിക്കാനുള്ള തീരുമാനവുമായി ജിഎസ്ടി കൗൺസിൽ മുന്നോട്ടു പോകുമെന്നാണ് വിലയിരുത്തൽ.

click me!