2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്‌ടി? വിശദീകരണവുമായി ധനമന്ത്രാലയം

Published : Jul 23, 2025, 01:06 PM IST
UPI

Synopsis

കഴിഞ്ഞ വര്‍ഷം , 2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകളുടെ സേവന നിരക്കിന് 18 ശതമാനം ജി.എസ്.ടി ചുമത്തുന്നതിനെക്കുറിച്ച് ഒരു നിര്‍ദ്ദേശം വന്നിരുന്നു.

യുപിഐ ഇടപാടുകള്‍ക്ക് ജി.എസ്.ടി ബാധകമാക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം. ജിഎസ്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ജി.എസ്.ടി കൗണ്‍സിലിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് എടുക്കുന്നതെന്നും, നിലവില്‍ അത്തരമൊരു ശുപാര്‍ശ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. 2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ എന്നുള്ള രാജ്യസഭാംഗം അനില്‍ കുമാര്‍ യാദവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി കൗണ്‍സിലിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ജി.എസ്.ടി നിരക്കുകളും ഇളവുകളും തീരുമാനിക്കുന്നതെന്നും ഇത് കേന്ദ്ര-സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഭരണഘടനാ സ്ഥാപനമാണെന്നും ജി.എസ്.ടി കൗണ്‍സിലില്‍ നിന്ന് അത്തരമൊരു ശുപാര്‍ശയും നിലവിലില്ലെന്നും പങ്കജ് ചൗധരി പറഞ്ഞു.

നിലവില്‍ വ്യക്തികള്‍ തമ്മിലോ (പിയര്‍ ടു പിയര്‍ - പി2പി )) വ്യക്തിയും വ്യാപാരിയും തമ്മിലോ (പിയര്‍ ടു മെര്‍ച്ചന്റ് - പി2എം) ഉള്ള ഒരു യു.പി.ഐ ഇടപാടിനും ജി.എസ്.ടി ഈടാക്കുന്നില്ല. ഇടപാടിന്റെ തുക എത്രയാണെങ്കിലും ജി.എസ്.ടി ബാധകമല്ല. അതേ സമയം ഒരു പേയ്മെന്റ് അഗ്രഗേറ്ററോ ഗേറ്റ്വേയോ യു.പി.ഐ ഇടപാടിന് ഒരു സേവന നിരക്ക് ഈടാക്കുകയാണെങ്കില്‍, ആ സേവന നിരക്കിന് മാത്രമാണ് ജി.എസ്.ടി ബാധകം; ഇടപാട് തുകയ്ക്ക് ജി.എസ്.ടി ഇല്ല. കഴിഞ്ഞ വര്‍ഷം , 2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകളുടെ സേവന നിരക്കിന് 18 ശതമാനം ജി.എസ്.ടി ചുമത്തുന്നതിനെക്കുറിച്ച് ഒരു നിര്‍ദ്ദേശം വന്നിരുന്നു. എന്നാല്‍, ഇതുവരെയും ജി.എസ്.ടി കൗണ്‍സില്‍ ഇത്തരമൊരു ശുപാര്‍ശ നല്‍കിയിട്ടില്ല.

ഈ വര്‍ഷം ഏപ്രിലില്‍, 2000 രൂപയില്‍ കൂടുതലുള്ള യു.പി.ഐ ഇടപാടുകളുടെ തുകയ്ക്ക് ജി.എസ്.ടി ചുമത്താന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് ധനമന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. വ്യക്തിയില്‍ നിന്ന് വ്യാപാരിയിലേക്കുള്ള പേയ്മെന്റുകള്‍ക്ക് ജി.എസ്.ടി ഉണ്ടാകില്ലെന്നും അതില്‍ പ്രത്യേകം പറഞ്ഞിരുന്നു. 2019 ഡിസംബര്‍ മുതല്‍ സര്‍ക്കാര്‍ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) അഥവാ ഇടപാട് ഫീസും നീക്കം ചെയ്തിരുന്നു

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം