ജിഎസ്ടി പരിഷ്‌കരണം: കൊക്കകോളയുടെയും പെപ്‌സിയുടേയും വില കൂടുമോ? പഴച്ചാര്‍ വിലയിലെ മാറ്റം ഇങ്ങനെ...

Published : Sep 14, 2025, 01:50 PM IST
Coca Cola

Synopsis

പഴച്ചാറുകള്‍ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങളുടെ വില കുറയാന്‍ സാധ്യതയുണ്ട്

ജിഎസ്ടി ഘടനയില്‍ മാറ്റം വരുത്തിയെങ്കിലും കൊക്കകോള, പെപ്‌സി തുടങ്ങിയ ശീതളപാനീയങ്ങള്‍ക്ക് വില കൂടില്ല. നികുതി ഘടനയില്‍ മാറ്റമുണ്ടായെങ്കിലും മൊത്തം നികുതി നിരക്ക് പഴയ പടി തുടരുന്നതാണ് കാരണം. ജിഎസ്ടി 2.0 പ്രകാരം കാര്‍ബണേറ്റഡ് ഫ്രൂട്ട് ഡ്രിങ്കുകള്‍, കഫീന്‍ ചേര്‍ത്ത പാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, പഞ്ചസാരയോ മറ്റു മധുരങ്ങളോ ചേര്‍ത്ത പാനീയങ്ങള്‍ എന്നിവയ്ക്ക് ഇനി 40% ജിഎസ്ടിയാണ് ബാധകം. നേരത്തെ ഇത് 28% ജിഎസ്ടിയും 12% സെസ്സുമായിരുന്നു. അതുകൊണ്ട് തന്നെ മൊത്തം നികുതി 40% ആയി തുടരുന്നു. എന്നാല്‍ പഴച്ചാറുകള്‍ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങളുടെ വില കുറയാന്‍ സാധ്യതയുണ്ട്

പഴച്ചാറുകള്‍ക്ക് വില കുറയും

സര്‍ക്കാര്‍ അറിയിപ്പ് പ്രകാരം, കാര്‍ബണേറ്റഡ് അല്ലാത്ത പഴച്ചാറുകള്‍ക്ക് 12% ഉണ്ടായിരുന്ന നികുതി 5% ആയി കുറച്ചു. ഇതോടെ ട്രോപ്പിക്കാന, മിനിറ്റ് മെയ്ഡ്, മാസാ, റിയല്‍ ഫ്രൂട്ട് ജ്യൂസുകള്‍ തുടങ്ങിയ പാനീയങ്ങളുടെ വില കുറയും. എന്നാല്‍, 40% പ്രത്യേക നികുതി നിരക്ക് ബാധകമായ ഉത്പന്നങ്ങള്‍ എന്തൊക്കെയാണെന്ന് സര്‍ക്കാര്‍ വിശദമായ വിജ്ഞാപനം പുറത്തിറക്കേണ്ടതുണ്ട്. രാജ്യത്ത് വര്‍ധിച്ചു വരുന്ന പ്രമേഹരോഗം നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ അനാരോഗ്യകരമായ ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിടുന്നതിന്റെ ഭാഗമായി പഴച്ചാറുകളുടെ നിര്‍വചനത്തില്‍ മാറ്റം വരുത്തുമോ എന്നും വ്യവസായ മേഖല ഉറ്റുനോക്കുന്നുണ്ട്

വ്യവസായ മേഖലയുടെ പ്രതികരണം

പഴച്ചാറുകള്‍ക്കുള്ള ജിഎസ്ടി നിരക്ക് കുറച്ചതിനെ വ്യവസായ മേഖല സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, കാര്‍ബണേറ്റഡ് പാനീയങ്ങളുടെ നികുതി നിരക്ക് മാറ്റമില്ലാതെ തുടരുന്നതില്‍ അവര്‍ ആശങ്ക പ്രകടിപ്പിച്ചു. ഈ ഉത്പന്നങ്ങളെ 'സിന്‍ ഗൂഡ്‌സ്' എന്ന വിഭാഗത്തില്‍ നിന്ന് മാറ്റുമെന്നും കുറഞ്ഞ നികുതി നിരക്ക് ഏര്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഇന്ത്യന്‍ ബെവറേജ് അസോസിയേഷന്‍ പറയുന്നു. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുന്‍പ്, കാര്‍ബണേറ്റഡ് പാനീയങ്ങളെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് ഐബിഎ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. പഞ്ചസാരയുടെ അളവിനനുസരിച്ച് നികുതി ചുമത്തുന്ന ഒരു മാതൃകയും അവര്‍ മുന്നോട്ട് വെച്ചിരുന്നു. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്ക് ജിഎസ്ടി 18% ആയി കുറയ്ക്കണമെന്നായിരുന്നു അവരുടെ ആവശ്യം

PREV
Read more Articles on
click me!

Recommended Stories

ടാറ്റയെ നയിച്ച പെൺകരുത്ത്; ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു
പലിശ കുറച്ച് ആർബിഐ, റിപ്പോ 5.25 ശതമാനത്തിൽ; നേട്ടം ആർക്കൊക്കെ?