'എന്റെ ധാർമ്മികതയുമായി ഒത്തുപോകുന്നില്ല, വേർപിരിയേണ്ട സമയമായി'; എച്ച്ഡിഎഫ്സി ബാങ്ക് ചെയർമാൻ രാജിവെച്ചു

Published : Mar 19, 2026, 01:23 PM IST
Atanu Chakraborty

Synopsis

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പാർട്ട് ടൈം ചെയർമാൻ അതാനു ചക്രവർത്തി, ബാങ്കിലെ സമീപകാല സംഭവങ്ങൾ തൻ്റെ വ്യക്തിപരമായ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രാജിവെച്ചു. രാജിക്ക് പിന്നാലെ ബാങ്കിന്റെ ഓഹരികൾക്ക് കനത്ത ഇടിവ് രേഖപ്പെടുത്തി, ആർബിഐ കെകി മിസ്ത്രിയെ ഇടക്കാല ചെയർമാനായി നിയമിച്ചു.

ദില്ലി: രാജ്യത്തെ ഏറ്റവും പ്രധാന സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയുടെ പാർട്ട് ടൈം ചെയർമാനും സ്വതന്ത്ര ഡയറക്ടറുമായ അതാനു ചക്രവർത്തി രാജിവെച്ചു. കഴിഞ്ഞ രണ്ട് വർഷമായി ബാങ്കിനുള്ളിൽ നടക്കുന്ന സംഭവങ്ങൾ എന്റെ വ്യക്തിപരമായ മൂല്യങ്ങളോടും ധാർമ്മികതയോടും പൊരുത്തപ്പെടുന്നില്ലെന്നും അതുകൊണ്ട് രാജിവെക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജിക്ക് മറ്റ് കാരണങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2021 മെയിലാണ് അതാനു ചക്രവർത്തി ബാങ്കിന്റെ ബോർഡിൽ അം​ഗമായത്. എന്റെ കാലാവധിയിൽ ബാങ്ക് എച്ച്ഡിഎഫ്സി ലിമിറ്റഡുമായി ലയിച്ചത് പോലുള്ള സുപ്രധാന സംഭവങ്ങൾ ഉണ്ടായി. ഇത് ബാങ്കിന് കീഴിൽ ഒരു കൂട്ടായ്മ സൃഷ്ടിച്ചു. ഈ തന്ത്രപരമായ സംരംഭം ബാങ്കിനെ രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കാക്കി മാറ്റി. എന്നാൽ, ലയനത്തിന്റെ ഗുണങ്ങൾ ഇതുവരെ പൂർണ്ണമായി ഫലവത്തായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എച്ച്ഡി‌എഫ്‌സി ബാങ്ക് ഞാൻ അഞ്ച് വർഷമായി വളർത്തിയ ഒരു സ്ഥാപനമാണ്. ബാങ്കിലെ ഒരു തെറ്റും ഞാൻ ചൂണ്ടിക്കാണിക്കുന്നില്ല. 

എന്റെ പ്രത്യയശാസ്ത്രങ്ങൾ സംഘടനയുമായി പൊരുത്തപ്പെടുന്നില്ല, അതിനാൽ വേർപിരിയേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. സഹകരണത്തിനും പിന്തുണയ്ക്കും ബോർഡിനും മുതിർന്ന മാനേജ്‌മെന്റിനും അദ്ദേഹം നന്ദി പറഞ്ഞു. ചക്രവർത്തി തന്റെ ഭരണകാലത്ത് ബാങ്കിന് നൽകിയ സംഭാവനകളെ ഡയറക്ടർ ബോർഡ് അഭിനന്ദിച്ചു. ഭാവി ജീവിതത്തിൽ അദ്ദേഹത്തിന് ആശംസകൾ നേർന്നു. അദ്ദേഹത്തിന്റെ ഭാവി ശ്രമങ്ങളിൽ എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്യുന്നു" എന്ന് ബാങ്ക് കൂട്ടിച്ചേർത്തു.

എച്ച്ഡിഎഫ്‌സി ബാങ്കുമായി ലയിക്കുന്നതിന് മുമ്പ് എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ വൈസ് ചെയർമാനായിരുന്ന കെകി മിസ്ത്രിയെ മാർച്ച് 19 മുതൽ മൂന്ന് മാസത്തേക്ക് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഇടക്കാല പാർട്ട് ടൈം ചെയർമാനായി നിയമിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നൽകിയിരുന്നു. എച്ച്ഡിഎഫ്‌സി ബാങ്കിലെ സമീപകാല സംഭവവികാസങ്ങൾ റിസർവ് ബാങ്ക് നിരീക്ഷിക്കുന്നുണ്ടെന്നും ബാങ്കിന്റെ പാർട്ട് ടൈം ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട് ബാങ്ക് അഭ്യർത്ഥിച്ച ക്രമീകരണം റിസർവ് ബാങ്ക് അംഗീകരിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.

ചക്രവർത്തിയുടെ രാജിയെ തുടർന്ന് എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡിന്റെ ഓഹരികൾ വ്യാഴാഴ്ച ശ്രദ്ധാകേന്ദ്രമാകും. സംഭവവികാസങ്ങൾക്ക് പിന്നാലെ എച്ച്ഡിഎഫ്സി ബാങ്കിന്റെ യുഎസ്-ലിസ്റ്റ് ചെയ്ത ഓഹരികൾ ഒറ്റരാത്രികൊണ്ട് 7 ശതമാനത്തിലധികം ഇടിഞ്ഞു. ഇന്ത്യൻ വിപണികളിൽ, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ 4.73 ശതമാനം ഇടിഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ 'രഹസ്യ' നീക്കം; യുദ്ധത്തിനിടയിലും 90 കപ്പലുകൾ കടന്നുപോയി, ഇന്ത്യയ്ക്കും പാകിസ്ഥാനും ആശ്വാസം
വിലക്കയറ്റം അളക്കാന്‍ ഇനി ബിയറും, വളര്‍ത്തുമൃഗങ്ങളുടെ ബ്യൂട്ടി പാര്‍ലറും! ജീവിതച്ചെലവ് കണക്കാക്കാൻ പുത്തൻ മാറ്റങ്ങളുമായി ബ്രിട്ടൻ