
ദില്ലി : കൂടുതൽ ബ്രാഞ്ചുകൾ ആരംഭിക്കാൻ ഒരുങ്ങി എച്ച്‌ഡിഎഫ്‌സി ബാങ്ക്. പ്രതിവർഷം 1,500 മുതൽ 2,000 വരെ ബ്രാഞ്ചുകൾ ആരംഭിക്കാനാണ് പദ്ധതി. അടുത്ത അഞ്ച വർഷത്തിനുള്ളിൽ ശൃംഖല ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നു എന്ന് എച്ച്‌ഡിഎഫ്‌സി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശശിധർ ജഗദീശൻ പറഞ്ഞു.
നിലവിൽ ഇന്ത്യയിലുടനീളം എച്ച്‌ഡിഎഫ്‌സി ബാങ്കിന് 6,000 ശാഖകളുണ്ട്. ഓരോ വർഷവും 1,500 മുതൽ 2,000 വരെ ശാഖകൾ തുറക്കുന്നതിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബ്രാഞ്ചുകളുടെ എണ്ണം ഇരട്ടിയാകും. രാജ്യത്തെ ജനസംഖ്യയെ മുൻനിർത്തി നോക്കുമ്പോൾ ഞങ്ങളുടെ ബ്രാഞ്ചുകളുടെ എണ്ണം വളരെ കുറവാണെന്നും അത് വർധിപ്പിക്കാനാണ് ബാങ്കിന്റെ ലക്ഷ്യമെന്നും ശശിധർ ജഗദീശൻ പറഞ്ഞു.
ഈ വർഷം ഏപ്രിലിൽ, ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനും (എച്ച്‌ഡിഎഫ്‌സി) അതിന്റെ അനുബന്ധ സ്ഥാപനമായ എച്ച്‌ഡിഎഫ്‌സി ബാങ്കും തങ്ങളുടെ ലയനം പ്രഖ്യാപിച്ചിരുന്നു. ലയനം 15 മുതൽ 18 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക് അതിന്റെ അറ്റാദായത്തിൽ ഏകദേശം 19 ശതമാനം വളർച്ച നേടി. 36,961 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം.
സ്ഥിര നിക്ഷേപ പലിശ കുത്തനെ കൂട്ടി എച്ച്‌ഡിഎഫ്‌സി ബാങ്ക്; വർധന ആഴ്ചയിൽ രണ്ടാം തവണ
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ വായ്പാ ദാതാക്കളായ എച്ച്‌ഡിഎഫ്‌സി ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. നിലവിൽ 7 ദിവസം മുതലുള്ള നിക്ഷേപങ്ങൾക്ക് സാധാരണക്കാർക്ക് 2.75 ശതമാനം മുതൽ 5.75 ശതമാനം വരെ പലിശയും മുതിർന്ന പൗരന്മാർക്ക് 3.25 ശതമാനം മുതൽ 6.50 ശതമാനം വരെ പലിശ നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ അറിയാം
ഏഴ് ദിവസം മുതൽ 29 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2.50 ശതമാനത്തിൽ നിന്ന് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 2.75 ശതമാനമാക്കി. 30 മുതൽ 90 ദിവസങ്ങൾക്കുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 3 ശതമാനത്തിൽ നിന്ന് 25 ബേസിസ് വർധിപ്പിച്ച് 3.25 ശതമാനമാക്കി. 91 ദിവസം മുതൽ 6 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.50 ശതമാനത്തിൽ നിന്ന് 3.75 ശതമാനമാക്കി ഉയർത്തി.