
തിരുവനന്തപുരം: എച്ച് എൽ എൽ ലേലവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയക്കും. കേന്ദ്ര സര്‍ക്കാർ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ച ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡിന്‍റെ ലേല നടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ചതിൽ പ്രതിഷേധിച്ചാണിത്. കേന്ദ്രസർക്കാർ നടപടിക്കെതിരെ നയപരമായ അഭിപ്രായം അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഇന്ന് ചേർന്ന മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
സംസ്ഥാനത്തിനകത്തുള്ള എച്ച്എൽഎൽ സ്ഥാപനങ്ങളുടെ ലേല നടപടികളിൽ പങ്കെടുക്കാനും സംസ്ഥാനത്തുള്ള ആസ്തികൾ ഏറ്റെടുക്കുന്നതിനും കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനെ ചുമതലപ്പെടുത്തി നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു. സംസ്ഥാന സർക്കാരുകൾക്ക് എച്ച്എൽഎൽ ലേല നടപടികളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ച് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് കത്ത് നൽകിയത്. ഇതിലുള്ള സംസ്ഥാന സർക്കാരിന്റെ വിയോജിപ്പ് പ്രധാനമന്ത്രിക്ക് അയക്കുന്ന കത്തിലൂടെ മുഖ്യമന്ത്രി അറിയിക്കും.
പൊതുമേഖലാ ആസ്തികൾ വിറ്റഴിച്ച് ധനസമാഹരണം നടത്തുകയാണ് കേന്ദ്രസർക്കാർ. നവ ലിബറൽ സാമ്പത്തിക നയങ്ങൾ ശക്തമായി നടപ്പാക്കുകയാണ്. ഇതിന്റെ ഭാഗമായാണ് എച്ച്എൽഎൽ ലൈഫ് കെയർ എന്ന കോടിക്കണക്കിന് രൂപ ലാഭം ഉണ്ടാക്കുന്ന കമ്പനിയും വിൽക്കുന്നത്. ഈ സ്ഥാപനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി മുന്നോട്ട് വന്ന കേരളത്തോട് കേന്ദ്രം മുഖംതിരിച്ചതോടെ രൂക്ഷമായ വാക്പോരിനും നിയമപോരാട്ടത്തിലേക്കും ഇത് മാറിയേക്കും.
എച്ച്എൽഎൽ ലൈഫ് കെയർ
രാജ്യത്ത് ലൈഫ്കെയർ ഉത്പന്നങ്ങളുടെ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നതാണ് ഈ പൊതുമേഖലാ സ്ഥാപനം. കേന്ദ്രസർക്കാരിന് 51 ശതമാനം ഓഹരിയാണ് ഇവിടെയുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം 5375 കോടി രൂപയായിരുന്നു കമ്പനിയുടെ ടേൺ ഓവർ. ലാഭം 145 കോടിയുമായിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 500 കോടി രൂപയാണ് കമ്പനിയുടെ ലാഭം. വൻ ലാഭത്തിൽ പ്രവർത്തിക്കുന്ന മിനി രത്ന പദവിയിലുള്ള കമ്പനിയാണിത്.
കേരളവും എച്ച്എൽഎല്ലും തമ്മിലെ ബന്ധം
എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന്റെ ആസ്ഥാനം കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരമാണ്. കമ്പനി വിൽക്കാനുള്ള തീരുമാനത്തിനെതിരെ കേരളം ആദ്യം എതിർപ്പറിയിച്ചിരുന്നു. കേന്ദ്രം തീരുമാനവുമായി മുന്നോട്ട് പോയതോടെ ലേലത്തിൽ പങ്കെടുത്ത് കമ്പനി ഏറ്റെടുക്കാൻ കേരളം തീരുമാനിക്കുകയായിരുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ എച്ച്എൽഎല്ലിന്‍റെ ആസ്ഥാനത്തിന് പുറമെ നാല് ഫാക്ടറികളും സ്ഥിതി ചെയ്യുന്നത് കേരളത്തിലാണ്.1969 ലാണ് കമ്പനി ആരംഭിച്ചത്. സ്ഥാപനത്തിന് പൊതുതാത്പര്യം കണക്കിലെടുത്ത് വെറും ഒരു രൂപ വാങ്ങിയാണ് 19 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറിയത്.
കേന്ദ്രത്തിന്റെ എതിർപ്പ്
ലേലത്തിൽ (Auction) പങ്കെടുക്കാൻ സർക്കാരിന് അനുമതിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് കത്തയച്ചു. കെഎസ്ഐഡിസിയെയാണ് കേരളം ലേല നടപടികൾക്കായി ചുമതലപ്പെടുത്തിയത്. എന്നാൽ ഈ നീക്കങ്ങൾക്ക് തിരിച്ചടിയായിട്ടാണ് കേന്ദ്രസർക്കാരിന്‍റെ മറുപടി. സർക്കാരിന് നേരിട്ട് 51ശതമാനം ഓഹരിയുള്ള സ്ഥാപനങ്ങൾ വാങ്ങുന്നതിൽ സർക്കാരിനോ പൊതുമേഖലാ സ്ഥാപനങ്ങൾക്കും അനുമതിയില്ലെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 2002ൽ ഡിസ്ഇൻവെസ്റ്റ്മെന്‍റ് മന്ത്രാലയത്തിന്‍റെ തീരുമാനം അറിയിച്ചാണ് തടസവാദം. ഇതോടെ സംസ്ഥാന സർക്കാരിന് പുതിയ വഴികൾ തേടേണ്ടി വരും.