Akshaya Tritiya : ബിഐഎസ് ഹാൾമാർക്ക് ചെയ്യാത്ത സ്വർണം നിങ്ങളുടെ കൈവശമുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

By Web TeamFirst Published Apr 29, 2022, 3:21 PM IST
Highlights

താഴ്ന്ന കാരറ്റിലുള്ള സ്വർണം വാങ്ങുന്നതിൽ നിന്നും ഉപയോക്താക്കളെ തടയാനും  ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപയോക്താക്കൾ വഞ്ചിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് ഹാൾമാർക്ക് നിർബന്ധമാക്കുന്നത്

അക്ഷയ തൃതീയ (Akshaya Tritiya) അടുത്തെത്തി കഴിഞ്ഞു. പലരും സ്വർണം (Gold) വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്. മറ്റുചിലരാകട്ടെ കൈയിലുള്ള സ്വർണം പുതുക്കി പണിയാനുള്ള ഒരുക്കത്തിലും. ഇങ്ങനെ വരുമ്പോൾ തീർച്ചയായും നിങ്ങൾ ബിഐഎസ് ഹാൾമാർക്കിനെ (BIS Hallmark) കുറിച്ച് അറിഞ്ഞിരിക്കണം. 2021 ജൂൺ 16 മുതൽ ബിഐഎസ് ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങൾ മാത്രം വിൽക്കണം എന്ന് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. കയ്യിൽ പരമ്പരാഗതമായി സ്വർണാഭരണങ്ങൾ സൂക്ഷിക്കുന്ന പലർക്കും തങ്ങളുടെ ആഭരണം ബിഐഎസ് ഹാൾമാർക്ക് ചെയ്തതല്ല എന്നുണ്ടെങ്കിൽ നിരവധി സംശയങ്ങൾ ഉണ്ടായേക്കാം. സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിനുള്ള പ്യൂരിറ്റി സർട്ടിഫിക്കേഷനാണ് ബിഐഎസ് ഹാൾമാർക്കിങ്. 2021 ജൂലൈ 1 മുതൽ സ്വർണ്ണാഭരണങ്ങൾക്കുള്ള ഹാൾമാർക്കിംഗ് അടയാളങ്ങൾ സർക്കാർ പരിഷ്കരിച്ചിട്ടുണ്ട്. 

അക്ഷയ തൃതീയ ദിനത്തിൽ മികച്ച രീതിയിൽ സ്വർണ വ്യാപാരം നടക്കും. അതിനാൽതന്നെ ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ഇവ കൃത്യമായി പരിശോധിച്ച് വാങ്ങിക്കണം. താഴ്ന്ന കാരറ്റിലുള്ള സ്വർണം വാങ്ങുന്നതിൽ നിന്നും ഉപയോക്താക്കളെ തടയാനും  ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപയോക്താക്കൾ വഞ്ചിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് സർക്കാർ ഹാൾമാർക്ക് നിർബന്ധമാക്കുന്നത്. ഈ നിയമങ്ങൾ ജ്വല്ലറികൾക്ക് മാത്രം ബാധകമായുള്ളവയാണ്. 

എന്താണ് ബിഐഎസ് ഹാൾമാർക്ക് ചെയ്ത സ്വർണം 

എന്തിനാണ് ഹാൾമാർക്ക് ചെയ്ത സ്വർണം ചോദിച്ചു വാങ്ങണം എന്ന് ആവശ്യപ്പെടുന്നത് എന്ന് പലരുടെയും സംശയമായിരിക്കും. നിങ്ങൾ വാങ്ങുന്ന ആഭരണങ്ങൾ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കാനുള്ള മികച്ച മാർഗമാണ് ഹാൾമാർക്ക്. സ്വർണത്തിന്റെ പരിശുദ്ധി അളന്ന് ഹാൾമാർക്ക് ചെയ്യുന്നത് സർക്കാർ ഏജൻസിയായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അഥവാ ബിഐഎസ് ആണ്. പരിഷ്കരണത്തിന് ശേഷം, ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങൾക്ക് മൂന്ന് ചിഹ്നങ്ങൾ ഉണ്ടായിരിക്കും. ഹാൾമാർക്കിങ് സെന്ററിന്റെ ലോഗോ/ നമ്പർ, ജ്വല്ലേഴ്സ് ഐഡന്റിഫിക്കേഷൻ മാർക്ക്/ ലോഗോ, കാരാറ്റിലും സൂക്ഷ്മതയിലുമുള്ള പ്യൂരിറ്റി മാർക്ക് എന്നിവയാണ് ഇത്. 

ഇങ്ങനെ വരുമ്പോൾ  2021 ജൂലൈ 1-ന് മുമ്പ് വാങ്ങിയ സ്വർണ്ണാഭരണങ്ങൾ അതായത് പഴയ ഹാൾമാർക്കിംഗ് ചിഹ്നങ്ങൾ ഉള്ളതോ ഹാൾമാർക്ക് ചെയ്യാത്തതോ ആയ സ്വർണ്ണാഭരണങ്ങൾ എന്ത് ചെയ്യും? നിങ്ങളുടെ കൈയിൽ  ഹാൾമാർക്ക് ചെയ്യാത്ത സ്വർണ്ണാഭരണങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് രണ്ടു കാര്യങ്ങൾ ചെയ്യാവുന്നതാണ്. ബിഐഎസ് രജിസ്റ്റർ ചെയ്ത ജ്വല്ലറി വഴി ആഭരണങ്ങൾ ഹാൾമാർക്ക് ചെയ്യാം അല്ലെങ്കിൽ ഏതെങ്കിലും ബിഐഎസ് അംഗീകൃത അസൈയിംഗ് & ഹാൾമാർക്കിംഗ് സെന്ററിൽ നിന്ന് ആഭരണങ്ങൾ പരിശോധിപ്പിക്കാം.  ഉപഭോക്തൃ കാര്യ വകുപ്പിന്റെ വെബ്‌സൈറ്റ് അനുസരിച്ച് ഉപഭോക്താവിന് പഴയ സ്വർണ്ണാഭരണങ്ങൾ ബിഐഎസ് രജിസ്റ്റർ ചെയ്ത ജ്വല്ലറി വഴി ഹാൾമാർക്ക് ചെയ്യാവുന്നതാണ്. നിങ്ങളുടെ കൈവശം ഹാൾമാർക്ക് ചെയ്യാത്ത സ്വർണം ഉണ്ടെങ്കിൽ അത് വിൽക്കുന്നതിനോ മാറ്റി വാങ്ങുന്നതിനോ പരിശുദ്ധി അളന്ന് ഹാൾമാർക്ക് ചെയ്യുന്നതിനോ യാതൊരു തടസങ്ങളും നിലനിൽക്കുന്നില്ല. 

click me!