
ഇത്തവണത്തെ ദീപാവലി സീസണില്‍ പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് തിരിച്ചടി. എയര്‍ കണ്ടീഷണറുകള്‍, എല്‍ഇഡി ടിവികള്‍, വാഷിങ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍ എന്നിവയുടെ വില 5 ശതമാനം മുതല്‍ 8 ശതമാനം വരെ ഉയര്‍ത്താന്‍ പ്രമുഖ കമ്പനികള്‍ ഒരുങ്ങുന്നു. പുതിയ നിരക്കുകള്‍ ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
കോപ്പര്‍, സ്റ്റീല്‍ തുടങ്ങിയ ലോഹങ്ങളുടെയും ക്രൂഡ് ഓയില്‍ ഉല്‍പന്നങ്ങളുടെയും വില വര്‍ധിച്ചതാണ് ഉല്‍പാദനച്ചെലവ് കൂട്ടിയത്. ഒപ്പം വിദേശ നാണയ വിനിമയത്തിലുണ്ടായ വ്യതിയാനങ്ങളും തിരിച്ചടിയായി. ഈ വര്‍ഷം അപ്ലയന്‍സ് മേഖലയിലുണ്ടാകുന്ന മൂന്നാമത്തെ വിലവര്‍ധനവാണിത്. കോപ്പര്‍, അലുമിനിയം, സ്റ്റീല്‍, ക്രൂഡ് ഓയില്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ തുടര്‍ച്ചയായ പണപ്പെരുപ്പവും ചരക്കുകൂലി വര്‍ധിച്ചതുമാണ് നിരക്കുകള്‍ വീണ്ടും പുതുക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കിയത്.
എയര്‍ കണ്ടീഷണറുകള്‍ക്കാണ് പ്രധാനമായും 5 മുതല്‍ 8 ശതമാനം വരെ വില കൂട്ടുന്നത്. വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, എല്‍ഇഡി ടിവി എന്നിവയ്ക്ക് ചില കമ്പനികള്‍ 3 മുതല്‍ 4 ശതമാനം വരെയും വില ഉയര്‍ത്തുന്നുണ്ട്. ചെറിയ സ്‌ക്രീന്‍ ടിവികള്‍ക്ക് 20 ശതമാനം വരെയും വലിയ സ്‌ക്രീന്‍ ടിവികള്‍ക്ക് 10 ശതമാനം വരെയും വില ഉയര്‍ന്നേക്കാം. തോംസണ്‍, കോഡാക്, ബ്ലോപങ്ക്റ്റ് ബ്രാന്‍ഡുകള്‍ നിര്‍മിക്കുന്ന എസ്പിപിഎല്‍ ഒക്ടോബറിന് ശേഷം ടിവി വില 7 ശതമാനം ഉയര്‍ത്തുമെന്നും അറിയിച്ചിട്ടുണ്ട്.
കമ്പനികള്‍ പറയുന്നത് ഇങ്ങനെ: ബ്ലൂ സ്റ്റാര്‍ : കോപ്പര്‍, സ്റ്റീല്‍, പ്ലാസ്റ്റിക് എന്നിവയുടെ വില ഉയര്‍ന്നതിനെ തുടര്‍ന്ന് എസികളുടെയും ഡീപ്പ് ഫ്രീസറുകളുടെയും വില 5-8% കൂട്ടി . കഴിഞ്ഞ വര്‍ഷത്തെ ഉത്സവ സീസണെ അപേക്ഷിച്ച് ഉല്‍പാദനച്ചെലവില്‍ 15% വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും, ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന 10% ജിഎസ്ടി ആനുകൂല്യം കാരണം അറ്റ വിലവര്‍ധനവ് 5% മാത്രമായിരിക്കും.
ഗോദ്‌റെജ് അപ്ലയന്‍സസ് : ഉല്‍പാദനച്ചെലവ് 8-10% ഉയര്‍ന്നതിനാല്‍ 5-7% വരെ വില വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് കമ്പനി വ്യക്തമാക്കി.
ഹയര്‍ ഇന്ത്യ : ഒക്ടോബര്‍ 1 മുതല്‍ എസിക്ക് 5% വില കൂട്ടുമെന്ന് കമ്പനിു. ഒക്ടോബറില്‍ 5%, ഡിസംബറില്‍ 5%, ജനുവരിയില്‍ 5% എന്നിങ്ങനെ മൊത്തം 15% വര്‍ധനവാണ് ഹയര്‍ ലക്ഷ്യമിടുന്നത്. മറ്റ് ഉപകരണങ്ങള്‍ക്ക് 2-3% വര്‍ധനവുണ്ടാകും. കഴിഞ്ഞ വര്‍ഷം മെട്രിക് ടണ്ണിന് 8,000-9,000 ഡോളറായിരുന്ന കോപ്പര്‍ വില ഇപ്പോള്‍ 14,500 ഡോളറിലെത്തി. ഒരു എസി നിര്‍മിക്കാന്‍ 3-4 കിലോ കോപ്പര്‍ ആവശ്യമാണ്.
ഡൈകിന്‍ : കോപ്പര്‍ വില 25-35% ഉയര്‍ന്ന പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 16 മുതല്‍ 8-10% വരെ വില കൂട്ടിക്കഴിഞ്ഞതായി ഡൈകിന്‍ ഇന്ത്യ വ്യക്തമാക്കി.
എല്‍ജി, ബോഷ് ഹോം കംഫര്‍ട്ട് : ഹിറ്റാച്ചി ബ്രാന്‍ഡ് ഉള്‍പ്പെടെയുള്ള എസികള്‍ക്ക് ഇരുവരും 5% വരെ വില വര്‍ധിപ്പിച്ചിട്ടുണ്ട്.