Latest Videos

പണം അയച്ച അക്കൗണ്ട് മാറിപ്പോയാൽ തുക തിരിച്ച് കിട്ടുമോ? ഒരു വഴിയുണ്ട്, അറിഞ്ഞിരിക്കണം

By Web TeamFirst Published Dec 29, 2021, 4:36 PM IST
Highlights

2010 ഒക്ടോബറിലെ റിസർവ് ബാങ്ക് ഉത്തരവ് പ്രകാരം ഇത്തരത്തിൽ തെറ്റ് സംഭവിക്കുമ്പോൾ ഉപഭോക്താക്കൾക്ക് തങ്ങളുടെ ബാങ്കിൽ വിളിച്ച് പണം തിരികെ കിട്ടാനായി അപേക്ഷിക്കാവുന്നതാണ്, പക്ഷേ കടമ്പകളുണ്ട്

ദില്ലി: ഡിജിറ്റൽ സംവിധാനങ്ങൾ പണമിടപാടുകൾ കൂടുതൽ എളുപ്പമുള്ളതാക്കി മാറ്റിയെന്നത് ശരി തന്നെ. ഇപ്പോൾ ഒരു മിനിറ്റിനുള്ളിൽ തന്നെ ഒരു ഉപഭോക്താവിന് പണം മറ്റൊരാൾക്ക് കൈമാറാം. പഴയത് പോലെ ബാങ്കിൽ നേരിട്ട് പോകേണ്ട, ചെക്ക് സമർപ്പിക്കേണ്ട, ക്യൂവിൽ കാത്ത് നിൽക്കേണ്ട, ഫോം ഫിൽ ചെയ്ത് കൊടുക്കേണ്ട തുടങ്ങി ബാങ്കിങ് ഇടപാടുകൾ ഡിജിറ്റലായപ്പോൾ കൈവന്ന നേട്ടങ്ങൾ പലതാണ്.

എൻഇഎഫ്ടി, ആർടിജിഎസ്, യുപിഐ തുടങ്ങി നിരവധി മാർഗങ്ങളിലൂടെ ഇന്ന് ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ പണം കൈമാറ്റം ചെയ്യാവുന്നതാണ്. എന്നാൽ ഓൺലൈൻ വഴി ഇടപാട് വളരെ എളുപ്പത്തിലായപ്പോഴും അബദ്ധത്തിൽ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം ചെറുതല്ല. അക്കൗണ്ട് നമ്പർ തെറ്റിയടിച്ചോ, ഫോൺ നമ്പർ തെറ്റിയടിച്ചോ ഒക്കെ പണം നഷ്ടപ്പെടാം.

പണം ലഭിക്കേണ്ട വ്യക്തിയുടെ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുകയെന്നത് അയക്കുന്നയാളിന്റെ മാത്രം ഉത്തരവാദിത്തമാണ്. തെറ്റായ വിവരങ്ങൾ അടിച്ചുകൊടുത്താൽ ചിലപ്പോൾ പണം കൈമാറ്റം ചെയ്യപ്പെടാതിരിക്കുകയും അതിലൂടെ അയക്കുന്നയാൾക്ക് തന്റെ തെറ്റ് മനസിലാക്കാനുമാവും. എന്നാൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ മറ്റൊരാളുടെ സാധുവായ അക്കൗണ്ടിന്റേതാണെങ്കിൽ പണം സെക്കന്റുകൾ കൊണ്ടുതന്നെ നഷ്ടമാവും.

2010 ഒക്ടോബറിലെ റിസർവ് ബാങ്ക് ഉത്തരവ് പ്രകാരം ഇത്തരത്തിൽ തെറ്റ് സംഭവിക്കുമ്പോൾ ഉപഭോക്താക്കൾക്ക് തങ്ങളുടെ ബാങ്കിൽ വിളിച്ച് പണം തിരികെ കിട്ടാനായി അപേക്ഷിക്കാവുന്നതാണ്. എന്നാൽ പണം കിട്ടിയ ആളുടെ സമ്മതമില്ലാതെ ബാങ്കിന് ഈ പണം തിരികെ ലഭ്യമാക്കാനാവില്ലെന്നത് പ്രധാനമാണ്. അതിനാൽ തെറ്റായ ഇടപാട് നടന്നാൽ ഉടൻ തന്നെ ഇക്കാര്യം ബാങ്കിനെ
അറിയിക്കുക. അതിനായി കസ്റ്റമർ കെയറിലേക്ക് വിളിക്കാം. ബാങ്കിൽ നേരിട്ടെത്തി പരാതി നൽകാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. അങ്ങിനെയെങ്കിൽ തൊട്ടടുത്ത ബ്രാഞ്ചിൽ ചെന്ന് പരാതി എഴുതി നൽകുക. ഒപ്പം തെറ്റായ ഇടപാടിന്റെ സ്ക്രീൻഷോട്ട് കൂടി വെയ്ക്കുക. ഒരേ ബാങ്കിലെ അക്കൗണ്ടുകൾ തമ്മിൽ നടന്ന ഇടപാടാണെങ്കിൽ എളുപ്പത്തിൽ പണം കിട്ടിയ ആളെ കണ്ടെത്തി പണം തിരികെ ചോദിക്കാം. എന്നാൽ മറ്റൊരു ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം അയച്ചതെങ്കിൽ ആ ബാങ്കുമായി കൂടി ബന്ധപ്പെടണം.

പ്രസ്തുത ബാങ്കിന്റെ തൊട്ടടുത്ത ബ്രാഞ്ചിലെത്തി പരാതി രേഖാമൂലം അറിയിക്കുക. ഈ ബാങ്കിൽ നിന്ന് പണം ക്രഡിറ്റായ അക്കൗണ്ട് ഉടമയെ വിളിച്ച് അത് തിരികെ അയക്കാൻ ആവശ്യപ്പെടും. ഉപഭോക്താവിന്റെ സമ്മതമില്ലാതെ ബാങ്കിന് ഈ പണം സ്വന്തം നിലയ്ക്ക് തിരികെ അയക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ പ്രസ്തുത ഉപഭോക്താവ് വിസമ്മതിച്ചാൽ പണം നഷ്ടപ്പെടും.

click me!