Mukesh Ambani retirement : റിലയൻസ് തലപ്പത്ത് മാറ്റം?വിശ്രമജീവിതത്തിലേക്കെന്ന സൂചനയുമായി മുകേഷ് അംബാനി

By Web TeamFirst Published Dec 29, 2021, 12:37 PM IST
Highlights

നമ്മൾ അവർക്ക് മാർഗ്ഗം പറഞ്ഞു കൊടുക്കണം, അവരുടെ കരുത്താകണം, അവർക്ക് പ്രചോദനമാകണം. അവർ നമ്മളെക്കാൾ മികച്ച രീതിയിൽ മുന്നോട്ടു പോകുമ്പോൾ നോക്കി നിന്ന് കൈയ്യടിക്കണം എന്നാണ് കുടുംബ യോഗത്തില്‍ മുകേഷ് അംബാനി പറഞ്ഞത്

മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് തലപ്പത്ത് തലമുറ മാറ്റം വേണമെന്ന് നിലവിലെ ചെയർമാൻ മുകേഷ് അംബാനി. ധീരുഭായ് അംബാനിയുടെ ജന്മ വാർഷിക ദിനത്തിൽ വിളിച്ചുചേർത്ത കുടുംബ യോഗത്തിൽ വെച്ചാണ് മുകേഷ് അംബാനി തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. ബിസിനസ് ലോകത്ത് തന്നെ വൻ ചർച്ചയായിരിക്കുകയാണ് ഇപ്പോൾ ഇക്കാര്യം. 'നമ്മൾ അവർക്ക് മാർഗ്ഗം പറഞ്ഞു കൊടുക്കണം, അവരുടെ കരുത്താകണം, അവർക്ക് പ്രചോദനമാകണം. അവർ നമ്മളെക്കാൾ മികച്ച രീതിയിൽ മുന്നോട്ടു പോകുമ്പോൾ നോക്കി നിന്ന് കൈയ്യടിക്കണം,' - മുകേഷ് അംബാനി പറഞ്ഞു.

 2002 ധീരുഭായ് അംബാനിയുടെ മരണശേഷമാണ് മുകേഷ് അംബാനി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്. 64 കാരനായ ഇദ്ദേഹത്തിന് ആകാശ്, ഇഷ, ആനന്ദ് എന്നീ മൂന്ന് മക്കളാണുള്ളത്. ഇവരിലൊരാൾ റിലയൻസ് ടെലികോം ബിസിനസ്സിലും മറ്റൊരാൾ റീട്ടെയിൽ ബിസിനസ്സിലും ഒരാൾ എനർജി ബിസിനസ്സിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ മൂന്നുപേരും റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടർ ബോർഡ് അംഗങ്ങൾ അല്ല.

' ആകാശും ഇഷയും ആനന്ദും റിലയൻസിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിൽ എനിക്ക് തെല്ലും സംശയമില്ല. റിലയൻസിനെ ദൈനംദിന പ്രവർത്തനങ്ങളിൽ അവർ കാണിക്കുന്ന ആത്മാർത്ഥതയും അർപ്പണമനോഭാവവും നേരിട്ട് അറിഞ്ഞിട്ടുള്ള ആളാണ് താൻ. ഇന്ത്യയുടെ വളർച്ചയ്ക്കും ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തിന്റെ പുരോഗതിക്കുമായി തന്റെ അച്ഛന്റെ മനസ്സിലുണ്ടായിരുന്ന വെളിച്ചവും മാർഗ്ഗവും ഞാൻ ഇവരിലും കാണുന്നു,' - മുകേഷ് അംബാനി പറഞ്ഞു.

 2022 ഏപ്രിൽ മാസത്തിൽ എല്ലാ കമ്പനിയുടെയും ചെയർമാൻ സ്ഥാനവും മാനേജിങ് ഡയറക്ടർ സ്ഥാനവും രണ്ട് വ്യക്തികൾക്ക് ആയിരിക്കണമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുകേഷ് അംബാനിയുടെ പ്രസ്താവനകളും വിലയിരുത്തപ്പെടുന്നത്. നിലവിൽ മൂന്ന് റിലയൻസ് ഉപ കമ്പനികളുടെ തലപ്പത്തിരിക്കുന്ന മക്കളെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നെടുനായകത്വത്തിലേക്ക് അധികം വൈകാതെ തന്നെ മുകേഷ് അംബാനി എത്തിക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

click me!