ബാങ്കിംഗ് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ആര്‍ബിഐയുടെ സഹായം തേടാം: അറിയേണ്ടതെല്ലാം

Published : Jul 25, 2025, 05:03 PM IST
RBI MPC Meeting Schedule 2025

Synopsis

ബാങ്കുമായി നിങ്ങള്‍ നടത്തിയ ഇമെയില്‍ വിവരങ്ങള്‍, പരാതി റഫറന്‍സ് നമ്പറുകള്‍, സ്‌ക്രീന്‍ഷോട്ടുകള്‍ എന്നിവ പോലുള്ള രേഖകളും അപ്ലോഡ് ചെയ്യേണ്ടതുണ്ട്.

നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭിക്കുന്നില്ലെങ്കില്‍ എന്തുചെയ്യണം? റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോംപ്ലയിന്റ് മാനേജ്‌മെന്റ് സിസ്റ്റം (CMS) ആണ് ഇതിനുത്തരം. ബാങ്കുകള്‍ ഉപഭോക്താക്കളുടെ പരാതികളില്‍ 30 ദിവസത്തിനകം പ്രതികരിച്ചില്ലെങ്കിലോ, ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിലോ നിങ്ങള്‍ക്ക് ആര്‍ബിഐയെ സമീപിക്കാം. ബാങ്കിംഗ്, എന്‍ബിഎഫ്സി (നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍), ഡിജിറ്റല്‍ പേയ്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ് സിഎംഎസ്. ഇത് റിസര്‍വ് ബാങ്കിന്റെ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ സ്‌കീമിന് കീഴില്‍ വരുന്നതാണ്.

എങ്ങനെ പരാതി നല്‍കാം? 

ആര്‍ബിഐ സിഎംഎസ് പോര്‍ട്ടലായ cms.rbi.org.in സന്ദര്‍ശിച്ചാണ് പരാതി നല്‍കേണ്ടത്. നിങ്ങളുടെ പേര്, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, ബാങ്കിന്റെ വിവരങ്ങള്‍, പരാതിയുടെ വിഭാഗം എന്നിവ ഇവിടെ നല്‍കണം. ബാങ്കുമായി നിങ്ങള്‍ നടത്തിയ ഇമെയില്‍ വിവരങ്ങള്‍, പരാതി റഫറന്‍സ് നമ്പറുകള്‍, സ്‌ക്രീന്‍ഷോട്ടുകള്‍ എന്നിവ പോലുള്ള രേഖകളും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. പരാതി സമര്‍പ്പിച്ച ശേഷം നിങ്ങള്‍ക്ക് ഒരു ട്രാക്കിംഗ് റഫറന്‍സ് നമ്പര്‍ ലഭിക്കും. ബാങ്കിന് പരാതി നല്‍കി 30 ദിവസത്തിന് ശേഷം സിഎംഎസില്‍ പരാതി നല്‍കുന്നതാണ് ഉചിതം.

ഏത് തരം പരാതികള്‍ സിഎംഎസ് സ്വീകരിക്കും? ബാങ്കിംഗ് സേവനങ്ങളിലെ കുറവുകള്‍, പണമിടപാടുകളിലെ കാലതാമസം അല്ലെങ്കില്‍ പണം ലഭിക്കാതിരിക്കുന്നത്, ഡെബിറ്റ് ചാര്‍ജുകള്‍ തിരികെ ലഭിക്കാത്തത്, എടിഎം അല്ലെങ്കില്‍ യുപിഐ ഇടപാടുകള്‍ പരാജയപ്പെടുന്നത്, അനധികൃത ഡെബിറ്റുകള്‍, ലോണ്‍ സംബന്ധമായ പരാതികള്‍ തുടങ്ങിയവ സിഎംഎസ് പോര്‍ട്ടല്‍ സ്വീകരിക്കും. ബാങ്കിന്റെ ആഭ്യന്തര നയങ്ങള്‍, കരാര്‍ വ്യവസ്ഥകള്‍, അല്ലെങ്കില്‍ സേവനം നല്‍കാത്തത് എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ സാധാരണയായി ഇവിടെ പരിഗണിക്കില്ല. പരാതി ഓംബുഡ്സ്മാന്‍ സ്‌കീമിന്റെ പരിധിയില്‍ വരുന്നതാണെങ്കില്‍ മാത്രമേ അത് പരിഗണിക്കൂ.

ആര്‍ബിഐ ഓംബുഡ്സ്മാന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? നിങ്ങളുടെ പരാതി ലഭിച്ചുകഴിഞ്ഞാല്‍, ആര്‍ബിഐ അത് ബന്ധപ്പെട്ട സ്ഥാപനത്തിന് അല്ലെങ്കില്‍ സാമ്പത്തിക സ്ഥാപനത്തിന് മറുപടി നല്‍കുന്നതിനായി കൈമാറും. നിശ്ചിത സമയപരിധിക്കുള്ളില്‍ സ്ഥാപനം മറുപടി നല്‍കിയില്ലെങ്കില്‍ ഓംബുഡ്സ്മാന്‍ നേരിട്ട് നടപടിയെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി പരാതിക്കാരനെ കാണുകയോ, പരാതി നല്‍കിയ വ്യക്തിക്കും സ്ഥാപനത്തിനും ഇടയില്‍ അനുരഞ്ജനം നടത്താന്‍ ആര്‍ബിഐ സഹായിക്കുകയോ ചെയ്യാം. മിക്ക കേസുകളിലും പരാതികള്‍ ഒരു മാസത്തിനുള്ളില്‍ പരിഹരിക്കപ്പെടാറുണ്ട്. ഓംബുഡ്സ്മാന്‍ ഒരു തീരുമാനമെടുത്താല്‍ ബാങ്ക് അത് പാലിക്കാന്‍ ബാധ്യസ്ഥരാണ്.

തീരുമാനത്തില്‍ തൃപ്തനല്ലെങ്കില്‍ അടുത്ത പടി എന്ത്? ഓംബുഡ്സ്മാന്റെ തീരുമാനത്തില്‍ തൃപ്തനല്ലെങ്കില്‍, ആര്‍ബിഐയിലെ അപ്പലേറ്റ് അതോറിറ്റിക്ക് അപ്പീല്‍ നല്‍കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. ഓംബുഡ്സ്മാന്റെ ഉത്തരവ് വന്ന് 30 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കണം. ഇതിലും പരിഹാരം ലഭിക്കാത്ത പക്ഷം, നിങ്ങള്‍ക്ക് കണ്‍സ്യൂമര്‍ കോടതിയെ സമീപിക്കുകയോ നിയമപരമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുകയോ ചെയ്യാം.

ആര്‍ബിഐ സിഎംഎസ് പോര്‍ട്ടല്‍ വഴി പരാതികള്‍ ഏറ്റവും ഉയര്‍ന്ന റെഗുലേറ്ററി തലത്തില്‍ എത്തുന്നു. ഈ സംവിധാനം സൗജന്യവും പൂര്‍ണ്ണമായും ഓണ്‍ലൈനും ആയതിനാല്‍, ബാങ്കുകളില്‍ നിന്ന് വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത ഉപഭോക്താക്കള്‍ക്ക് ഇത് ഒരു വലിയ സഹായമാണ്. ആശയവിനിമയങ്ങളുടെ രേഖകള്‍ സൂക്ഷിക്കുക, ഔദ്യോഗിക പോര്‍ട്ടല്‍ ഉപയോഗിക്കുക, റഫറന്‍സ് ഐഡി വഴി പരാതി ട്രാക്ക് ചെയ്യുക എന്നിവയിലൂടെ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ തന്നെ പരാതികള്‍ ഫലപ്രദമായി പരിഹരിക്കാന്‍ സാധിക്കും.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം