വേനൽച്ചൂടിന് ആശ്വാസം കിട്ടാൻ ഐസ്ക്രീം കഴിക്കുന്ന ശീലമുണ്ടോ?വില കുത്തനെ ഉയരാൻ സാധ്യത, കാരണങ്ങൾ അറിയാം

Published : Apr 30, 2026, 05:26 PM IST
ice cream

Synopsis

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള വിതരണ ശൃംഖലയെ ബാധിച്ചതിനാൽ ഐസ്‌ക്രീമിനും ചോക്ലേറ്റിനും വില വർധിക്കുന്നു. കൊക്കോ, ഹേസൽനട്ട് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നതും ഗതാഗതച്ചെലവ് വർധിച്ചതുമാണ് ഇതിന് പ്രധാന കാരണം.

ചുട്ടുപൊള്ളുന്ന വേനലില്‍ അല്പം ഐസ്‌ക്രീമോ ചോക്ലേറ്റോ കഴിച്ച് ആശ്വാസം കണ്ടെത്താമെന്ന് ഇനി കരുതേണ്ട. പശ്ചിമേഷ്യയിലെ യുദ്ധവും സംഘര്‍ഷാവസ്ഥയും ആഗോള വിതരണ ശൃംഖലയെ ബാധിച്ചതോടെ ഐസ്‌ക്രീമിനും ചോക്ലേറ്റിനും വില വര്‍ധിക്കാന്‍ ഒരുങ്ങുകയാണ്. ഇറാന്‍-അമേരിക്ക സംഘര്‍ഷം വിപണിയില്‍ അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമത്തിന് വഴിതെളിച്ചതാണ് തിരിച്ചടിയായത്. ഐസ്‌ക്രീമിനും ചോക്ലേറ്റിനും രുചി പകരുന്ന പ്രധാന ചേരുവകളുടെ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. യുദ്ധത്തിന് മുന്‍പുള്ള വിലയേക്കാള്‍ 15% മുതല്‍ 22% വരെ വര്‍ധനവാണ് അണ്ടിപ്പരിപ്പിനും ഡ്രൈ ഫ്രൂട്ട്സിനും ഉണ്ടായിരിക്കുന്നത്.

ചോക്ലേറ്റ് നിര്‍മ്മാണത്തിന് ഒഴിച്ചുകൂടാനാവാത്ത കൊക്കോയുടെ വിതരണം തടസ്സപ്പെട്ടു. ഹേസല്‍നട്ടിന്റെ വിലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 75% വര്‍ധനവാണ് രേഖപ്പെടുത്തിയത് എന്നതും തിരിച്ചടിയാണ്. കടല്‍മാര്‍ഗമുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ പല സാധനങ്ങളും വിമാനമാര്‍ഗമാണ് എത്തിക്കുന്നത്. ഇത് ഗതാഗതച്ചെലവ് കൂട്ടി. ഐസ്‌ക്രീം സൂക്ഷിക്കുന്ന തെര്‍മോകോള്‍ ബോക്‌സുകള്‍ ഉള്‍പ്പെടെയുള്ള പാക്കേജിംഗ് സാമഗ്രികളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്.

സീസണ്‍ സമയമായതിനാല്‍ പെട്ടെന്നൊരു വില വര്‍ധനവ് പല കമ്പനികളും ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ലാഭവിഹിതം കുറയുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. മദര്‍ ഡയറിയും ഐസ്‌ക്രീം വിലയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഡ്രൈ ഫ്രൂട്ട്സിന്റെ അളവ് കുറയ്ക്കാന്‍ കഴിയില്ലെന്നും, അതിനാല്‍ എംആര്‍പി വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നുമാണ് ദിന്‍ഷാസ് ഡയറി ഫുഡ്സ് വ്യക്തമാക്കുന്നത്. ഹേസല്‍നട്ട് ചോക്ലേറ്റുകള്‍ക്ക് അടുത്ത മാസം മുതല്‍ വില കൂട്ടുമെന്ന് പസ്‌കാറ്റി ചോക്ലേറ്റ്‌സ് അറിയിച്ചു. തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഹേസല്‍നട്ട് ഇപ്പോള്‍ വിമാനമാര്‍ഗമാണ് എത്തിക്കുന്നത്. ഇന്ധനവില ഇനിയും വര്‍ധിക്കുകയാണെങ്കില്‍ അത് സാധാരണക്കാരന്റെ പോക്കറ്റിനെ കൂടുതല്‍ ബാധിക്കുമെന്ന് വാള്‍ക്കോ ഫുഡ് കമ്പനിയും മുന്നറിയിപ്പ് നല്‍കുന്നു. ചുരുക്കത്തില്‍, ഈ വേനല്‍ക്കാലത്ത് തണുപ്പും മധുരവും ആസ്വദിക്കണമെങ്കില്‍ ഉപഭോക്താക്കള്‍ അല്പം കൂടുതല്‍ പണം ചിലവാക്കേണ്ടി വരും.

PREV
Read more Articles on
click me!

Recommended Stories

വസ്ത്രവിപണിയിലും 'യുദ്ധം എഫക്ട്'; ഈ ബ്രാന്റുകളുടെ വസ്ത്രങ്ങൾക്ക് വില കൂടും! മില്ലുകള്‍ പ്രതിസന്ധിയില്‍
കരുത്തുചോര്‍ന്ന് 'ഒപെക്'; യുഎഇ പുറത്തേക്ക്, പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍? എണ്ണവിപണിയില്‍ ആശങ്ക