
റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് മേല്‍ അമേരിക്ക പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ, റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ വാങ്ങിയിരുന്ന ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ പിന്‍മാറിയേക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലുക്കോയിലിനും എതിരെയാണ് അമേരിക്ക ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നീക്കം, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യന്‍ സ്വകാര്യ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ റഷ്യന്‍ എണ്ണയുടെ കയറ്റുമതിയില്‍ ഉടനടി ഇടിവുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കെപ്ലറും അഭിപ്രായപ്പെട്ടു.
യുഎസ് നീക്കത്തെ റഷ്യന്‍ സമ്പദ്വ്യവസ്ഥയ്ക്കെതിരായ 'ഏറ്റവും കടുത്ത നടപടി' എന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് വിശേഷിപ്പിക്കുന്നത്. ചരിത്രപരമായി, ഇറാന്‍ പോലുള്ള ഉപരോധം നേരിടുന്ന രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങാന്‍ ചൈനയെ അപേക്ഷിച്ച് ഇന്ത്യ വിമുഖത കാണിച്ചിരുന്നു. റോസ്‌നെഫ്റ്റിന്റെ പിന്തുണയുള്ള നയാര റിഫൈനറിക്ക് യുഎസ് നടപടി കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ പ്രിയപ്പെട്ട രാജ്യമായിരുന്ന യുഎസില്‍ കുടിയേറ്റം കര്‍ശനമാക്കിയതോടെ, ഇന്ത്യക്കാര്‍ ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. ഈ തൊഴിലാളികള്‍ വിദേശത്ത്‌നിന്ന് പ്രതിവര്‍ഷം 135 ബില്യണ്‍ ഡോളറാണ് ഇന്ത്യയിലേക്ക് അയക്കുന്നത്. കൂടാതെ, ഇവര്‍ തിരികെയെത്തുമ്പോള്‍ കൊണ്ടുവരുന്ന പണവും അറിവും രാജ്യത്തിന്റെ സംരംഭകത്വ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും പത്രം പറയുന്നു.
ട്രംപ് ഭരണകൂടം എച്ച്-1ബി വിസ ഫീസ് വര്‍ദ്ധിപ്പിച്ചത് യുഎസിലെ ഗ്രാമീണ ആരോഗ്യമേഖലയെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിലെ ഡോക്ടര്‍മാരില്‍ 25 ശതമാനം പേരും വിദേശ പരിശീലനം ലഭിച്ചവരാണ്. ഇവരില്‍ 64 ശതമാനം പേരും അമേരിക്കന്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്യാന്‍ മടിക്കുന്ന ഗ്രാമീണ മേഖലകളിലാണ് സേവനം ചെയ്യുന്നത്. യുഎസിലെ ഓരോ അഞ്ച് കുടിയേറ്റ ഡോക്ടര്‍മാരിലും ഒരാള്‍ ഇന്ത്യക്കാരനാണ്. ഈ ഫീസ് വര്‍ദ്ധന, എച്ച്-1ബി വിസയിലുള്ള ഡോക്ടര്‍മാരെ നിയമിക്കുന്നതില്‍നിന്ന് ആശുപത്രികളെ പിന്തിരിപ്പിക്കുമെന്നും, ഇത് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഗ്രാമീണ സമൂഹങ്ങളിലെ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നതിന് വഴിയൊരുക്കുമെന്നും അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയ്ക്ക് എഴുതിയ കത്തില്‍ പറയുന്നു.