കൊവിഡ് തിരിച്ചടിക്കിടയിലും പ്രതീക്ഷയായി കയറ്റുമതി, ഇന്ത്യ കാത്തിരുന്ന വാർത്ത

By Web TeamFirst Published Oct 15, 2020, 10:48 PM IST
Highlights

കഴിഞ്ഞ വർഷം ഈ തിരിച്ചടികളൊന്നും ഇല്ലാതിരുന്നിട്ടും സെപ്തംബറിൽ ഇപ്പോഴത്തേതിലും കുറവ് കയറ്റുമതിയാണ് നടന്നത്. 

ദില്ലി: കൊവിഡ് ചില്ലറ ദ്രോഹമല്ല സാമ്പത്തിക രംഗത്ത് വരുത്തിയത്. ഇന്ത്യയുടെ ജിഡിപി തന്നെ 10 ശതമാനത്തോളം താഴേക്ക് പോകുമെന്നാണ് ഐഎംഎഫിന്റെ റിപ്പോർട്ട്. ജോലി നഷ്ടപ്പെട്ടതും വിപണി നിശ്ചലമായതും ഗതാഗത രംഗത്തുണ്ടായ കുറവുമെല്ലാം അതിന്റെ പ്രതിഫലനം മാത്രമായിരുന്നു. എന്നാൽ, ഇപ്പോഴിതാ ഇന്ത്യ കാത്തിരുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

മുൻവർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 5.99 ശതമാനം വർധിച്ചു. 27.58 ബില്യൺ ഡോളറാണ് സെപ്തംബറിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയുടെ മൂല്യം. കേന്ദ്രസർക്കാരാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 

കഴിഞ്ഞ വർഷം ഈ തിരിച്ചടികളൊന്നും ഇല്ലാതിരുന്നിട്ടും സെപ്തംബറിൽ ഇപ്പോഴത്തേതിലും കുറവ് കയറ്റുമതിയാണ് നടന്നത്. 2019 സെപ്തംബറിൽ 26.02 ബില്യൺ ഡോളറായിരുന്നു കയറ്റുമതിയെന്നാണ് സർക്കാർ രേഖകൾ പറയുന്നത്.

അതേസമയം, സെപ്തംബറിൽ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. 19.06 ശതമാനം ഇടിവോടെ 30.31 ബില്യൺ ഡോളറിലേക്കാണ് ഇറക്കുമതി അളവ് വീണത്. കഴിഞ്ഞ വർഷം ഇതേ മാസം 37.69 ബില്യൺ ഡോളറായിരുന്നു ഇറക്കുമതി. 

click me!