എയര്‍ ഡക്കാന്‍ മുതല്‍ സൂം എയര്‍ വരെ: ഇരുപത് വര്‍ഷം കൊണ്ട് പൂട്ടിപ്പോയ വിമാനക്കമ്പനികള്‍

By Web TeamFirst Published Mar 28, 2019, 11:35 AM IST
Highlights

 ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ വന്‍ തരംഗമായി മാറിയ വിമാനക്കമ്പനികളായിരുന്നു എയര്‍ സഹാറയും എയര്‍ ഡക്കാനും. എയര്‍ സഹാറ 1993 ല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും 2007 ല്‍ കമ്പനിയെ ജെറ്റ് എയര്‍ വാങ്ങുകയും ചെയതു. 

തിരുവനന്തപുരം: വ്യോമയാന മേഖലയിലെ പരിഷ്കരണ നടപടികള്‍ മൂലം കഴിഞ്ഞ 20 വര്‍ഷത്തിനിടയ്ക്ക് ഒരു ഡസണിലേറെ വിമാന കമ്പനികളാണ് രാജ്യത്ത് നിലവില്‍ വന്നത്. ഇവയില്‍ പലതും ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ വന്‍ സ്വാധീനം ചെലത്തുകയും ചെയ്തു. 

എന്നാല്‍, തുടക്കത്തില്‍ മികച്ച വളര്‍ച്ച നിരക്ക് പ്രകടിപ്പിച്ച ഇവയില്‍ മിക്കവയും അധികം വൈകാതെ പൂട്ടിപ്പോകുന്നതിനും ഇന്ത്യന്‍ വ്യോമയാന മേഖല സാക്ഷ്യം വഹിച്ചു. 1995 നും 2018 നും ഇടയില്‍ മറഞ്ഞുപോയത് 12 വിമാന കമ്പനികളാണ്. 1992 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈസ്റ്റ്‍വെസ്റ്റ് എയര്‍ലൈന്‍സ് 1996 ലാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ദമാനിയ എയര്‍വേസ് 1993 ല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും 1995 ല്‍ കമ്പനി എന്‍ഇപിസിക്ക് കൈമാറുകയും ചെയ്തു. 

1993 ല്‍ പ്രവര്‍ത്തനം തുടങ്ങിയ മോദി ലൂഫറ്റ്, എന്‍ഇപിസി എന്നീ വിമാനക്കമ്പനികളില്‍ മോദി ലൂഫറ്റ് 1996 ലും എന്‍ഇപിസി എയര്‍ലൈന്‍സ് 1997 ലും നിലത്തിറങ്ങി. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ വന്‍ തരംഗമായി മാറിയ വിമാനക്കമ്പനികളായിരുന്നു എയര്‍ സഹാറയും എയര്‍ ഡക്കാനും. എയര്‍ സഹാറ 1993 ല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും 2007 ല്‍ കമ്പനിയെ ജെറ്റ് എയര്‍ വാങ്ങുകയും ചെയതു. 2003 ല്‍ പ്രവര്‍ത്തനം ആരംഭിച്ച എയര്‍ ഡക്കാനെ 2007 ല്‍ 2005 ല്‍ പ്രവര്‍ത്തനം തുടങ്ങിയ വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വാങ്ങുകയായിരുന്നു. എയര്‍ ഡെക്കാനെ ഏറ്റെടുത്ത് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2012 ല്‍ കിങ്ഫിഷന്‍ എയര്‍ലൈന്‍സും കടബാധ്യതയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തി. കിങ്ഫിഷര്‍ തുടങ്ങിയ അതെ വര്‍ഷം ആരംഭിച്ച പാരമൗണ്ടിന് അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നു. 

2013 ല്‍ പ്രവര്‍ത്തനം തുടങ്ങിയ എയര്‍ കോസ്റ്റ 2017 ലും 2015 ല്‍ പ്രവര്‍ത്തനം തുടങ്ങിയ എയര്‍ പെഗാസസ് ഒരു വര്‍ഷത്തിനിപ്പുറം 2016 ലും പ്രവര്‍ത്തനം അവസാനിപ്പിച്ചു. 2016 ല്‍ പ്രവര്‍ത്തനം തുടങ്ങിയ എയര്‍ കാര്‍ണിവലിനും 2017 ല്‍ ആരംഭിച്ച സൂം എയറിനും ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആയുസ്സ് ഉണ്ടായിരുന്നില്ല. നിലവില്‍ അടച്ച് പൂട്ടലിന്‍റെ വക്കില്‍ നിന്നാണ് ഇപ്പോള്‍ ജെറ്റ് എയര്‍വേസ് പുതിയ തുടക്കത്തിന് തയ്യാറെടുക്കുന്നത്. 

click me!