
തേനിന്റെ കുറഞ്ഞ കയറ്റുമതി വില സംബന്ധിച്ച നിലവിലെ മാനദണ്ഡങ്ങള്‍ 2026 ഡിസംബര്‍ 31 വരെ തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ടണ്ണിന് 1,400 ഡോളര്‍ (ഏകദേശം 1.30 ലക്ഷം രൂപ) എന്ന നിരക്കിലാകും കയറ്റുമതി നടക്കുക. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കയറ്റുമതിക്കാര്‍ക്ക് വിപണിയില്‍ കൂടുതല്‍ സ്ഥിരത ഉറപ്പാക്കാനും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ തേനിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനുമാണ് ഈ നീക്കം. ഒരു രാജ്യം മറ്റൊരു രാജ്യത്തേക്ക് സാധനങ്ങള്‍ കയറ്റുമതി ചെയ്യുമ്പോള്‍ ഈടാക്കേണ്ട ഏറ്റവും കുറഞ്ഞ വിലയെയാണ് 'മിനിമം എക്‌സ്‌പോര്‍ട്ട് പ്രൈസ്' എന്ന് വിളിക്കുന്നത്. ഇതിലും കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വിദേശത്ത് വില്‍ക്കാന്‍ കയറ്റുമതിക്കാര്‍ക്ക് അനുവാദമുണ്ടാകില്ല.
ഈ വര്‍ഷം ജനുവരിയില്‍, കുറഞ്ഞ കയറ്റുമതി വിലയുടെ കാലാവധി മാര്‍ച്ച് 31 വരെ മാത്രമാണ് നീട്ടിയിരുന്നത്. എന്നാല്‍ ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ കണക്കിലെടുത്ത് കയറ്റുമതിക്കാര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ലഭിക്കുന്നതിനാണ് ഇപ്പോള്‍ 2026 അവസാനം വരെ കാലാവധി വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യന്‍ തേനിന്റെ ആഗോള മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി കയറ്റുമതി വില ടണ്ണിന് 2,000 ഡോളറില്‍ നിന്ന് 1,400 ഡോളറായി സര്‍ക്കാര്‍ കുറച്ചിരുന്നു. അന്നുമുതല്‍ ഇതേ നിരക്കിലാണ് വ്യാപാരം തുടരുന്നത്.
ലോകത്തിലെ ഏറ്റവും വലിയ തേന്‍ ഉല്‍പ്പാദക രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യക്ക് വിദേശ വിപണികളില്‍ വലിയ ഡിമാന്‍ഡാണുള്ളത്. പ്രധാനമായും അമേരിക്ക, യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് തേന്‍ കയറ്റി അയക്കുന്നത്.
ഉല്‍പ്പാദനത്തില്‍ മുന്നില്‍ ഈ സംസ്ഥാനങ്ങള്‍
രാജ്യത്തെ മൊത്തം തേന്‍ ഉല്‍പ്പാദനത്തിന്റെ 17 ശതമാനവും സംഭാവന ചെയ്യുന്നത് ഉത്തര്‍പ്രദേശാണ്. തൊട്ടുപിന്നാലെയുള്ള പശ്ചിമ ബംഗാള്‍ ഉല്‍പ്പാദനത്തിന്റെ 16 ശതമാനം വിഹിതം കൈയ്യാളുന്നു. രാജ്യത്തെ ആകെ ഉല്‍പ്പാദനത്തിന്റെ 14 ശതമാനം വരുന്നത് പഞ്ചാബില്‍ നിന്നാണ്. 12 ശതമാനവുമായി ബിഹാര്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നു. പട്ടികയില്‍ അഞ്ചാമതുള്ള രാജസ്ഥാന്‍ ദേശീയ ഉല്‍പ്പാദനത്തിന്റെ 9 ശതമാനമാണ് വിപണിയില്‍ എത്തിക്കുന്നത്.