
കേരളത്തിൽ പാലക്കാട് ജില്ലയിൽ ഉൾപ്പെടെ ചൂട് 40 ഡിഗ്രി വരെ എത്തിയെന്ന വിവരമാണ് പുറത്തു വരുന്നത്. ഇത് മുതലെടുത്ത് എയർകണ്ടീഷൻ അഥവാ എസി വിപണിയും സജീവമായി രംഗത്തുണ്ട്. എന്നാൽ ശരിയായ എസി തിരഞ്ഞെടുക്കാൻ ചില പ്രധാന കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. കൂളിംഗ് കപ്പാസിറ്റി മുതൽ എനർജി എഫിഷ്യൻസി വരെ പല ഘടകങ്ങളും ഇതിൽ ശ്രദ്ധിക്കേണ്ടതുണ്ട്.
1. കൂളിംഗ് കപ്പാസിറ്റി (ടൺ)
എസി തിരഞ്ഞെടുക്കുമ്പോൾ റൂമിന്റെ വലുപ്പം പ്രധാനമാണ്. 120–140 ചതുരശ്ര അടിയുള്ള മുറിക്ക് 1 ടൺ, 150–180 ചതുരശ്ര അടിക്ക് 1.5 ടൺ, 180–240 ചതുരശ്ര അടിയുള്ള വലിയ മുറികൾക്ക് 2 ടൺ എസി ആവശ്യമാണ്. ഈ അനുപാതം നോക്കി എസി വാങ്ങാൻ ശ്രദ്ധിക്കുക.
2. എനർജി എഫിഷ്യൻസി (സ്റ്റാർ റേറ്റിംഗ്)
വൈദ്യുതി ചെലവ് കുറയ്ക്കാൻ ഉയർന്ന സ്റ്റാർ റേറ്റിംഗ് ഉള്ള എസി തിരഞ്ഞെടുക്കുക. ഏറ്റവും കുറഞ്ഞത് 3-സ്റ്റാർ എങ്കിലും എടുക്കുന്നത് നല്ലതാണ്. ചെലവനുസരിച്ച് 4 സ്റ്റാറോ 5 സ്റ്റാറോ പരിഗണിക്കാം.
3. സ്പ്ലിറ്റ് എസിയും വിൻഡോ എസിയും
സ്പ്ലിറ്റ് എസികൾക്ക് ശബ്ദം കുറവായിരിക്കും. കുറേക്കൂടി ആകർഷകമായ ഡിസൈനും സ്പ്ലിറ്റ് എസിയുടെ പ്രത്യേകതയാണ്. എന്നാൽ വില കൂടും. വിൻഡോ എസികൾക്ക് വില കുറവായിരിക്കും. ഇൻസ്റ്റാളേഷനും ഇവക്ക് എളുപ്പമായിരിക്കും.
4. ഇൻവെർട്ടർ എസി വേണോ?
കൂടുതൽ സ്ഥിരതയുള്ള കൂളിംഗ് നൽകുകയും വൈദ്യുതി ചെലവ് കുറയ്ക്കുകയും ചെയ്യുന്നതാണ് ഇൻവെർട്ടർ എസികൾ. തുടക്കത്തിൽ, വാങ്ങുന്ന ചെലവ് കൂടുതലാണെങ്കിലും ഇവ ദീർഘകാലത്തിൽ നല്ല പെർഫോമൻസ് ആയിരിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്.
5. ബ്രാൻഡ്
പരിചയസമ്പന്നമായ ബ്രാൻഡുകൾ തിരഞ്ഞെടുക്കുന്നത് മികച്ച സേവനവും വിശ്വാസ്യതയും ഉറപ്പാക്കും. മറ്റെവിടെയും കേൾക്കാത്ത പരിചിതമല്ലാത്ത ബ്രാൻഡുകൾ മേടിക്കുകയാണെങ്കിൽ മുൻപ് എസി വാങ്ങിയവരുമായി സംസാരിക്കുക. സർവ്വീസിനെക്കുറിച്ചുമെല്ലാം അന്വേഷിക്കുക.
6. മൾട്ടിപർപ്പസ് ഫീച്ചറുകൾ
ചില എസികൾക്ക് ഹീറ്റിംഗിനുള്ള ഫെസിലിറ്റിയും ഉണ്ടാകും. കേരളത്തെ സംബന്ധിച്ച് മഞ്ഞുകാലം ഒരു വലിയ സീസൺ ഇല്ലെങ്കിലും ആവശ്യമനുസരിച്ച് ഇതും തെരഞ്ഞെടുക്കാം.
7. കൂളിംഗ് സ്പീഡ്
ഉയർന്ന ചൂടുള്ള പ്രദേശങ്ങളിൽ വേഗത്തിൽ തണുപ്പിക്കുന്ന എസി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ആവശ്യവും സ്ഥലവും അനുസരിച്ച് തെരഞ്ഞെടുക്കാവുന്നതാണ്.
8. എയർ ക്വാളിറ്റി ഫിൽറ്റർ
മോഡേൺ എസികളിൽ എയർ ഫിൽറ്ററുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മലിനീകരണം കൂടുതലുള്ള പ്രദേശങ്ങളിൽ ഇത് അത്യാവശ്യമായിത്തന്നെ പരിഗണിക്കാവുന്നതാണ്.
9. സർവീസ് നെറ്റ്വർക്ക്
എസി വർഷത്തിൽ കുറഞ്ഞത് ഒരിക്കൽ സർവീസ് ചെയ്യേണ്ടതാണ്. അതിനാൽ നല്ല സർവീസ് സൗകര്യമുള്ള ബ്രാൻഡ് തിരഞ്ഞെടുക്കുക.
10. സ്മാർട്ട് എസി
സ്മാർട്ട് ഫോണിലൂടെ നിയന്ത്രിക്കാവുന്ന എസികൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. വോയ്സ് കമാൻഡ്, പവർ ട്രാക്കിംഗ് തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്.
ശരിയായ എസി തിരഞ്ഞെടുക്കുന്നത് ഒരു നിക്ഷേപം കൂടിയാണ്. വില മാത്രം നോക്കാതെ ദീർഘകാല ഉപയോഗം, വൈദ്യുതി ചെലവ്, സർവ്വീസ് സൗകര്യങ്ങൾ എന്നിവ പരിഗണിച്ച് മാത്രം തീരുമാനമെടുക്കുക.