തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയിലും കുതിപ്പ്, വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ വര്‍ധനവ്, റെക്കോര്‍ഡ് 

By Web TeamFirst Published Mar 23, 2024, 1:05 PM IST
Highlights

2021 ഒക്ടോബറിൽ, രാജ്യത്തിൻ്റെ വിദേശനാണ്യ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന നിലയിലെത്തിയെങ്കിലും പിന്നീട് താഴ്ന്നു.

ദില്ലി: ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ തുടര്‍ച്ചയായ കുതിപ്പ്.  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മാർച്ച് 15ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം നാലാമത്തെ ആഴ്ചയും ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. 642.292 ബില്യൺ ഡോളറാണ് നിലവില്‍ ഇന്ത്യയുടെ ശേഖരം. ഈ ആഴ്‌ചയിൽ, വിദേശനാണ്യ ശേഖരം 6.396 ബില്യൺ ഡോളർ ഉയർന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊട്ടുമുമ്പത്തെ ആഴ്ചയില്‍ 10.470 ബില്യൺ ഡോളർ ഉയർന്ന് 636.095 ബില്യൺ ഡോളറായിരുന്നു. കഴിഞ്ഞ ആഴ്‌ചയിലെ സ്വർണശേഖരം 425 മില്യൺ ഡോളർ ഉയർന്ന് 51.140 ബില്യൺ ഡോളറിലെത്തി. 2023 സാമ്പത്തിക വർഷത്തിൽ, കരുതല്‍ ശേഖരത്തില്‍ 58 ബില്യൺ  ഡോളറിന്‍റെ വര്‍ധനവാണ് ഉണ്ടായത്.  2022-ൽ, ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ധനത്തില്‍ 71 ബില്ല്യണ്‍ ഡോളറിന്‍റെ കുറവ് വന്നിരുന്നു.

2021 ഒക്ടോബറിൽ, രാജ്യത്തിൻ്റെ വിദേശനാണ്യ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന നിലയിലെത്തിയെങ്കിലും പിന്നീട് താഴ്ന്നു. 2022-ൽ ഇറക്കുമതി ചെലവ് വര്‍ധിച്ചതും രൂപയുടെ മൂല്യത്തകര്‍ച്ചയും തിരിച്ചടിയായി. തുടര്‍ന്ന് ആര്‍ബിഐ ഇടപെടലുണ്ടായതോടെയാണ് കരുതല്‍ ശേഖരത്തില്‍ വര്‍ധനവുണ്ടായത്.  

click me!