1991-ലെ 'രഹസ്യനീക്കം'; നിത്യവൃത്തിക്ക് സ്വര്‍ണ്ണം പണയം വെച്ച ഇന്ത്യ, ഇന്ന് 700 ബില്യണ്‍ ഡോളറിന്റെ കരുത്ത്

Published : Apr 25, 2026, 03:56 PM IST
Gold bar

Synopsis

1991-ലെ ഗൾഫ് യുദ്ധകാലത്ത് 67 ടൺ സ്വർണ്ണം പണയം വെച്ച് തകർച്ചയിൽ നിന്ന് കരകയറിയ സാമ്പത്തിക ചരിത്രമുള്ള രാജ്യമാണ് ഇന്ത്യ.  35 വർഷങ്ങൾക്കിപ്പുറം, സമാനമായ പ്രതിസന്ധിയിലും 700 ബില്യൺ ഡോളറിലധികം വിദേശനാണ്യ ശേഖരവുമായി രാജ്യം ഇന്ന് ഏറെ ശക്തമാണ്.

രാജ്യത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകവും എന്നാല്‍ വേദനാനിര്‍ഭരവുമായ ആ രാത്രികള്‍ക്ക് 35 വയസ്സ് തികയുകയാണ്. 1991 മെയ് മാസം. പുലര്‍ച്ചെ മുംബൈയിലെ നിരത്തുകളിലൂടെ അതീവ രഹസ്യമായി ചില ട്രക്കുകള്‍ വിമാനത്താവളത്തിലേക്ക് കുതിച്ചു. ആ ട്രക്കുകളില്‍ ഇന്ത്യയുടെ ആത്മാഭിമാനമായിരുന്നു. റിസര്‍വ് ബാങ്കിന്റെ പക്കലുണ്ടായിരുന്ന 67 ടണ്‍ സ്വര്‍ണ്ണം! ഗള്‍ഫ് യുദ്ധത്തെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ സമ്പദ്വ്യവസ്ഥയെ രക്ഷിക്കാന്‍ ഈ സ്വര്‍ണ്ണം ലണ്ടനിലും സ്വിറ്റ്‌സര്‍ലന്‍ഡിലും പണയം വെക്കാന്‍ കൊണ്ടുപോവുകയായിരുന്നു അന്ന്. എന്നാല്‍ ഇന്ന്, 2026-ല്‍ വീണ്ടും ഗള്‍ഫ് മേഖലയില്‍ യുദ്ധമേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍ ഇന്ത്യ ഭയപ്പെടുന്നില്ല. അന്ന് വെറും 1.2 ബില്യണ്‍ ഡോളര്‍ മാത്രം വിദേശനാണ്യ ശേഖരമുണ്ടായിരുന്ന ഇന്ത്യയുടെ പക്കല്‍ ഇന്ന് 700 ബില്യണ്‍ ഡോളറിലധികം കരുതല്‍ ധനമുണ്ട്.

അന്ന് നടന്നത്

1990-ല്‍ ഇറാഖ് കുവൈത്തിനെ ആക്രമിച്ചതോടെയാണ് ഇന്ത്യയുടെ കഷ്ടകാലം തുടങ്ങിയത്. ക്രൂഡ് ഓയില്‍ വില ബാരലിന് 17 ഡോളറില്‍ നിന്ന് ഒറ്റയടിക്ക് 46 ഡോളറിലേക്ക് കുതിച്ചു. ഗള്‍ഫില്‍ നിന്നുള്ള വരുമാനം നിലച്ചു. ലക്ഷക്കണക്കിന് പ്രവാസികള്‍ മടങ്ങിയെത്തി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. വിദേശ രാജ്യങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ വെറും മൂന്നാഴ്ചത്തെ പണം (1.2 ബില്യണ്‍ ഡോളര്‍) മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അന്നത്തെ ചന്ദ്രശേഖര്‍ സര്‍ക്കാര്‍ 47 ടണ്‍ സ്വര്‍ണ്ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിലേക്കും 20 ടണ്‍ സ്വര്‍ണ്ണം യൂണിയന്‍ ബാങ്ക് ഓഫ് സ്വിറ്റ്‌സര്‍ലന്‍ഡിലേക്കും വിമാനം വഴി കടത്തി. ഇതിലൂടെ ലഭിച്ച 600 മില്യണ്‍ ഡോളറാണ് അന്ന് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഈ പ്രതിസന്ധിയാണ് പിന്നീട് നരസിംഹറാവു-മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ കൊണ്ട് ഇന്ത്യയുടെ വിപണികള്‍ ലോകത്തിന് തുറന്നു കൊടുക്കാനും ലൈസന്‍സ് രാജ് അവസാനിപ്പിക്കാനും പ്രേരിപ്പിച്ചത്.

ഇന്ന് 2026-ല്‍: ആവനാഴിയില്‍ കരുത്തുറ്റ ആയുധങ്ങള്‍

35 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഗള്‍ഫില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുകയാണ്. ഇറാന് മേലുള്ള ആക്രമണങ്ങളും ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളും കാരണം ക്രൂഡ് ഓയില്‍ വില 100 ഡോളറിന് മുകളിലെത്തി. രൂപയുടെ മൂല്യം ഡോളറിന് 95.21 എന്ന നിരക്കിലേക്ക് താഴ്ന്നു. എങ്കിലും 1991-ലെ അവസ്ഥയിലല്ല ഇന്ന് ഇന്ത്യ.

1. വിദേശനാണ്യ ശേഖരം

1991-ല്‍ വെറും 1.2 ബില്യണ്‍ ഡോളറായിരുന്ന ശേഖരം 2026 ഏപ്രില്‍ ആയപ്പോഴേക്കും 700.95 ബില്യണ്‍ ഡോളറിലെത്തി. അതായത്, ലോകത്ത് എന്ത് സാമ്പത്തിക പ്രത്യാഘാതം ഉണ്ടായാലും 11 മാസം ഇറക്കുമതി നടത്താനുള്ള പണം ഇന്ത്യയുടെ പക്കലുണ്ട്.

2. എണ്ണ സംഭരണശാലകള്‍

അന്ന് ഇന്ത്യയ്ക്ക് സ്വന്തമായി എണ്ണ സംഭരണ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്ന് വിശാഖപട്ടണം, മംഗളൂരു, പാടൂര്‍ എന്നിവിടങ്ങളില്‍ വമ്പന്‍ ഭൂഗര്‍ഭ സംഭരണികളിലായി 5.33 മില്യണ്‍ മെട്രിക് ടണ്‍ എണ്ണ ഇന്ത്യ ശേഖരിച്ചു വെച്ചിട്ടുണ്ട്. ഇത് കൂടാതെ എണ്ണ കമ്പനികളുടെ പക്കല്‍ 64 ദിവസത്തേക്കുള്ള സ്റ്റോക്കുമുണ്ട്.

3. വരുമാന മാര്‍ഗ്ഗങ്ങള്‍

കയറ്റുമതിയില്‍ നിന്നുള്ള വരുമാനവും പ്രവാസി മലയാളികളടക്കമുള്ളവര്‍ അയക്കുന്ന പണവും (129 ബില്യണ്‍ ഡോളര്‍) ഇന്ത്യയുടെ നട്ടെല്ലാണ്. റഷ്യ ഉള്‍പ്പെടെ 40-ഓളം രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ ഇന്ന് എണ്ണ വാങ്ങുന്നുണ്ട്.

ഇനി എന്ത്?

പ്രതിസന്ധികള്‍ ഇല്ലാ എന്നല്ല ഇതിനര്‍ത്ഥം. എണ്ണവില കൂടുമ്പോള്‍ വളം സബ്സിഡിക്കായി വമ്പന്‍ തുക (1.71 ലക്ഷം കോടി രൂപ) കേന്ദ്ര സര്‍ക്കാരിന് ചിലവാക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ 1991-ലെ പോലെ 'ഗതികെട്ട്' സ്വര്‍ണ്ണം പണയം വെക്കേണ്ട അവസ്ഥ ഇന്ത്യയ്ക്ക് ഇനി ഉണ്ടാവില്ല. എണ്ണയ്ക്ക് പകരമായി എഥനോള്‍ കലര്‍ത്തിയ ഇന്ധനവും , ഗ്രീന്‍ ഹൈഡ്രജനും പ്രോത്സാഹിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഗള്‍ഫിനെ മാത്രം ആശ്രയിക്കാതെ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ പോരാട്ടത്തിന് 1991-ലെ ആ കറുത്ത ദിനങ്ങള്‍ വലിയൊരു പാഠമാണ് നല്‍കിയത്. അന്ന് നിര്‍ബന്ധിതമായി നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ ഇന്ന് ഇന്ത്യയുടെ ആത്മവിശ്വാസമായി മാറിയിരിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പൂട്ടിടാൻ കേന്ദ്രസർക്കാർ; അടിമുടി മാറ്റങ്ങൾ, പുതിയ നിയമം മെയ് ഒന്നു മുതല്‍
'ഉൽപാദനം കൂട്ടിയും പുറത്ത് നിന്ന് വാങ്ങിയും അശ്രാന്ത പരിശ്രമം, പരമാവധി സഹകരിക്കണം'; അഭ്യർത്ഥനയുമായി കെ എസ് ഇ ബി