യൂറോപ്യന്‍ യൂണിയനിലേക്ക് മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍ എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി. കയറ്റുമതി നിയമങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ കര്‍ശന മാറ്റങ്ങള്‍ വരുത്തിയെങ്കിലും, ഈ അംഗീകാരം ലഭിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി തടസ്സമില്ലാതെ തുടരാന്‍ വഴിയൊരുങ്ങി.
യൂറോപ്യന്‍ യൂണിയനിലേക്ക് മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി. കയറ്റുമതി നിയമങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ കര്‍ശന മാറ്റങ്ങള്‍ വരുത്തിയെങ്കിലും പുതിയ അംഗീകാരം ലഭിച്ചതോടെ വരുന്ന സെപ്റ്റംബറിന് ശേഷവും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി തടസ്സമില്ലാതെ തുടരാമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.
ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (മരുന്നുകളോടുള്ള പ്രതിരോധം വര്‍ധിക്കുന്നത്) സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ അവരുടെ കയറ്റുമതി നിയമങ്ങളില്‍ അടുത്തിടെ മാറ്റം വരുത്തിയിരുന്നു. 2026 സെപ്റ്റംബര്‍ മുതല്‍ നിലവില്‍ വരുന്ന ഈ പുതിയ നിയമപ്രകാരം, മൃഗങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് അധിക നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പുതിയ പട്ടികയില്‍ ഇന്ത്യ ഇടംനേടിയതോടെ കയറ്റുമതിക്കാര്‍ക്ക് ആശങ്ക വേണ്ടതില്ല.
മത്സ്യമേഖലയ്ക്കാണ് യൂറോപ്യന്‍ യൂണിയന്റെ ഈ തീരുമാനം ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക. നിലവില്‍ ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലേക്കുള്ള മത്സ്യ-സമുദ്രോല്‍പ്പന്ന കയറ്റുമതിയുടെ മൂല്യം ഏകദേശം 1.59 ബില്യണ്‍ ഡോളറാണ്. കേന്ദ്ര വാണിജ്യ വകുപ്പും എക്‌സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ കൗണ്‍സിലും നടത്തിയ നിരന്തരമായ ഇടപെടലുകളാണ് ഈ നേട്ടത്തിന് പിന്നില്‍. യൂറോപ്യന്‍ കമ്മീഷനുമായി ചര്‍ച്ചകള്‍ നടത്തിയ വാണിജ്യ വകുപ്പ്, വിപണിയിലെ തടസ്സങ്ങള്‍ നീക്കാന്‍ മുന്‍കൈയെടുത്തു. ഇതിന് പുറമെ, യൂറോപ്യന്‍ നിയമങ്ങള്‍ക്കനുസരിച്ച് ഇന്ത്യയിലെ പരിശോധനകളും സര്‍ട്ടിഫിക്കേഷന്‍ സംവിധാനങ്ങളും എക്‌സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ കൗണ്‍സില്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു. കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാന്‍ വാണിജ്യ വകുപ്പ്, എക്‌സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ കൗണ്‍സില്‍, എംപിഇഡിഎ തുടങ്ങിയവ യൂറോപ്യന്‍ യൂണിയന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യയ്ക്ക് ലഭിച്ച ഈ അനുമതി, കയറ്റുമതിക്കാര്‍ക്ക് യൂറോപ്യന്‍ വിപണിയില്‍ തുടരാന്‍ സഹായകമാകും. മാത്രമല്ല, ഈ മേഖലകളില്‍ വ്യാപാരം വര്‍ധിപ്പിക്കാനും പുതിയ അവസരങ്ങള്‍ കണ്ടെത്താനും ഇത് വഴിയൊരുക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.


