
ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് രൂപപ്പെട്ട ഊർജ പ്രതിസന്ധി തുടരുന്നതിനിടെ ഇന്ത്യയിലെ എൽപിജി ഉപഭോഗവുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത്. പെട്രോളിയം ആൻഡ് നാചുറൽ ഗ്യാസ് മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ (PPAC) ആണ് പുതിയ കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. ഗ്രാമീണ കുടുംബങ്ങളെ ലക്ഷ്യമിട്ട് കേന്ദ്രം നടപ്പാക്കിയ പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പദ്ധതിയുടെ ഗുണഭോക്താക്കൾ കൂടുതലുള്ള സംസ്ഥാനങ്ങളിലാണ് രാജ്യത്ത് മൊത്തത്തിലുള്ള എൽപിജി ഉപഭോഗവും കൂടുതലെന്ന് പുതിയ ഡാറ്റ വ്യക്തമാക്കുന്നു. എന്നാൽ ഈ സംസ്ഥാനങ്ങളിൽ ഓരോ കുടുംബവും ഉപയോഗിക്കുന്ന എൽപിജിയുടെ അളവ് നഗരങ്ങൾ കൂടുതലുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്നും കണ്ടെത്തൽ.
കഴിഞ്ഞ 30 വർഷത്തിനിടെ ഇന്ത്യയിലെ എൽപിജി ഉപഭോഗം ആറിരട്ടിയോളം വർധിച്ചു. 1998–99 കാലയളവിൽ 446 ആയിരം മെട്രിക് ടണ്ണായിരുന്ന ഉപഭോഗം 2025–26 കാലയളവിൽ 2,754 ആയിരം മെട്രിക് ടണ്ണായി ഉയർന്നു. 2000 മുതൽ 2010 വരെയുള്ള കാലഘട്ടത്തിലാണ് എൽപിജി ഉപഭോഗം വർഷംതോറും 8% മുതൽ 11% വരെ വേഗത്തിൽ വളർന്നത്. 2016–17ൽ പിഎംയുവൈ പദ്ധതി ആരംഭിച്ചതിന് പിന്നാലെ എൽപിജി ഉപഭോഗത്തിൽ വലിയ വർധനവുണ്ടായി. സൗജന്യ ഗ്യാസ് കണക്ഷനും സബ്സിഡിയുള്ള സിലിണ്ടറുകളും ഗ്രാമീണർക്ക് നൽകിയതോടെ മുൻവർഷത്തേക്കാൾ 10.1 ശതമാനം വർധനവ് രേഖപ്പെടുത്തി. എന്നാൽ 2020ന് ശേഷം ഗ്യാസ് കണക്ഷനുകൾ കൂടുതലായും വീടുകളിലെത്തിയതോടെ ഉപഭോഗ വർധനയുടെ വേഗം കുറഞ്ഞതായി കണക്കുകൾ പറയുന്നു.
നേരത്തെ ഉത്തരേന്ത്യൻ ഗ്രാമീണ മേഖലകളിൽ പാചകത്തിനായി വിറക്, പശുവിന്റെ ചാണകം തുടങ്ങിയവയാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്. രാജ്യത്ത് നിലവിൽ 33.37 കോടി എൽപിജി ഉപഭോക്താക്കളുണ്ട്. ഇതിൽ 10.56 കോടി പേർ പിഎംയുവൈ പദ്ധതിയിലൂടെ ലഭിച്ച കണക്ഷനുകളാണ്. സംസ്ഥാനങ്ങളെ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഗ്രാമീണ ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളിലാണ് എൽപിജി ഉപഭോക്താക്കളും കൂടുതലായി കാണുന്നത്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ എൽപിജി ഉപഭോക്താക്കൾ ഉള്ളത്. ഇത് 4.87 കോടിയാണ്. ഇതിൽ 1.88 കോടി പേർ ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കളാണ്.
രാജ്യത്തെ മൊത്തം എൽപിജി ഉപഭോക്താക്കളിൽ ഏകദേശം 15 ശതമാനം ഉത്തർപ്രദേശിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര (3.2 കോടി), പശ്ചിമബംഗാൾ (2.72 കോടി), തമിഴ്നാട് (2.4 കോടി), ബിഹാർ (2.33 കോടി), കർണാടക (1.9 കോടി) എന്നിവയാണ് പിന്നിലുള്ള സംസ്ഥാനങ്ങൾ. പദ്ധതിയിൽ ഉത്തർപ്രദേശിന് ശേഷം ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ പശ്ചിമബംഗാളിലാണ് – 1.24 കോടി. ബിഹാർ (1.18 കോടി), മധ്യപ്രദേശ് (89 ലക്ഷം), രാജസ്ഥാൻ (74.3 ലക്ഷം) എന്നീ സംസ്ഥാനങ്ങളും ലിസ്റ്റിലുണ്ട്.
അതേ സമയം, ഓരോ വീട്ടിലും മാസത്തിൽ ഉപയോഗിക്കുന്ന എൽപിജിയുടെ അളവ് പരിശോധിക്കുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണെന്നാണ് കണക്കുകൾ പറയുന്നത്. നഗരപ്രദേശങ്ങളിൽ ഉപഭോഗം വളരെ കൂടുതലാണ്. ഉദാഹരണത്തിന്, ദില്ലിയിലെ ഒരു വീട്ടിൽ ശരാശരി മാസത്തിൽ 11.4 കിലോ എൽപിജി ഉപയോഗിക്കുമ്പോൾ ബിഹാറിൽ അത് 6.7 കിലോയാണ്. ഉത്തർപ്രദേശിൽ ഇത് ശരാശരി 7.7 കിലോയാണ്. അതായത് ഒരു സിലിണ്ടറിന്റെ പകുതിയിലും കുറവാണ് ഉപഭോഗം. രാജ്യത്തെ ഗ്രാമങ്ങളിൽ ഗ്യാസ് കണക്ഷനൊപ്പം മറ്റ് പരമ്പരാഗത മാർഗങ്ങളും ഉപയോഗിക്കുന്നുണ്ടെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. അതേ സമയം നഗരങ്ങളിൽ കുടുംബങ്ങൾ പാചകത്തിനായി പൂർണ്ണമായും എൽപിജിയെയാണ് ആശ്രയിക്കുന്നത്. ഓരോ വീട്ടിലെയും ഉപഭോഗം സംസ്ഥാനങ്ങളുടെ വരുമാന നിലയുമായി ബന്ധമുള്ളതാണെന്നും പഠനം വ്യക്തമാക്കുന്നു. ഉയർന്ന വരുമാനമുള്ള സംസ്ഥാനങ്ങളിലെ കുടുംബങ്ങൾ മാസത്തിൽ കൂടുതൽ എൽപിജി ഉപയോഗിക്കുന്ന പ്രവണതയാണ് കാണുന്നത്.
ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ രാജ്യത്ത് ഏറ്റവും കൂടുതൽ എൽപിജി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലൊന്നായിട്ടും ഓരോ വീട്ടിലെയും ശരാശരി ഉപഭോഗത്തിൽ പിന്നിലാണ്. ഉദാഹരണത്തിന് ഉത്തർപ്രദേശ് പ്രതിമാസം ശരാശരി 377.4 മെട്രിക് ടൺ എൽപിജി ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴും ഓരോ വീട്ടിലെയും ഉപഭോഗത്തിൽ രാജ്യത്ത് 22-ാം സ്ഥാനത്താണ്. പശ്ചിമബംഗാൾ, ബിഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതേ പ്രവണതയാണ് കാണുന്നത്.