
പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായതോടെ ആഗോള ഊർജ വിതരണ പാതകളിൽ അനിശ്ചിതത്വം വർധിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് ഹോർമുസ് കടലിടുക്ക് വഴി നടക്കുന്ന കപ്പൽ ഗതാഗതത്തിൽ തടസം ഉണ്ടാകുന്ന സാഹചര്യത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ എൽ പി ജി പ്രതിസന്ധി അടക്കമുള്ള സാഹചര്യങ്ങൾ നേരിടുകയാണ്. കേരളത്തിലടക്കം ഹോട്ടലുകളിലും ചായക്കടകളിലും വീടുകളിലുമടക്കം എൽ പി ജി പ്രതിസന്ധി നേരിടുന്നുണ്ട്. കേരളത്തിലെ പല കടകളിലും ചായയടക്കം കിട്ടാനില്ലാത്ത സ്ഥിതിയാണിപ്പോൾ. വീടുകളിലും സ്ഥിതി മറ്റൊന്നല്ല. എന്നാൽ, എങ്ങനെ ഈ ഊർജ പ്രതിസന്ധിയെ മറികടക്കാം? ഗ്യാസ് സിലിണ്ടറിന് പകരം ഉപയോഗിക്കാവുന്ന ചില മാർഗങ്ങൾ നോക്കാം.
വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇൻഡക്ഷൻ സ്റ്റൗവ് എൽപിജിക്ക് ഏറ്റവും പ്രായോഗികമായ ബദലായാണ് കണക്കാക്കപ്പെടുന്നത്. വെള്ളം തിളപ്പിക്കൽ, എന്തെങ്കിലും ഫ്രൈ ചെയ്തെടുക്കാൻ, ഭക്ഷണം വേവിക്കുന്നതിന് തുടങ്ങിയവക്കെല്ലാം ഇത് ഉപയോഗിക്കാം.
ചോറ് വയ്ക്കാൻ, പയർവിഭവങ്ങൾ, സൂപ്പ്, വേവിച്ച പച്ചക്കറികൾ എന്നിവ തയ്യാറാക്കാൻ റൈസ് കുക്കറും ഇലക്ട്രിക് പ്രഷർ കുക്കറും ഉപയോഗിക്കാം. പല വീടുകളിലും ഇപ്പോൾ തന്നെ പലരും ഇതെല്ലാം വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
ഇലക്ട്രിക് കെറ്റിൽ
വെള്ളം തിളപ്പിക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രിക് കെറ്റിലുകൾ ഇൻസ്റ്റന്റ് നൂഡിൽസ്, സൂപ്പ്, വേവിച്ച മുട്ട, ചായ വക്കാൻ തുടങ്ങിയ ലളിതമായ വിഭവങ്ങൾ തയ്യാറാക്കുന്നതിനും സഹായകരമാണ്.
മൈക്രോവേവ് ഓവൻ
മൈക്രോവേവിൽ ഭക്ഷണം ചൂടാക്കാനും ലളിതമായ ഭക്ഷണങ്ങൾ തയ്യാറാക്കാനും കഴിയും. റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ, ഫ്രോസൺ ഐറ്റങ്ങൾ എന്നിവ ഉപയോഗിച്ച് ഗ്യാസ് ഉപഭോഗം കുറയ്ക്കാം.
പരമ്പരാഗത അടുപ്പുകൾ
കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിലടക്കം ഇപ്പോഴും വളരെ സാധാരണയായി ഉപയോഗിച്ചു വരുന്ന ഒരു പാചക രീതിയാണ് അടുപ്പുകൾ. പഴയ പുകയടുപ്പുകൾ കൂടാതെ പുകയില്ലാത്ത ആലുവ അടുപ്പുകളും ഇന്ന് പ്രചാരത്തിലുണ്ട്. ആലുവ അടുപ്പുകൾ പോലുള്ളവ ഉപയോഗിക്കുന്നതു വഴി വിറക് വരെ ലാഭിക്കാനുമാകും.
പാകം ചെയ്യേണ്ടാത്ത ഭക്ഷണങ്ങൾ
സലാഡുകൾ, പഴവർഗങ്ങൾ, യോഗർട്ട്, സാൻഡ്വിച്ചുകൾ, ഓവർനൈറ്റ് ഓട്സ് പോലുള്ള ഭക്ഷണങ്ങൾ തയ്യാറാക്കാൻ ചൂട് ആവശ്യമില്ല. ഗ്യാസ് ക്ഷാമമുള്ളപ്പോൾ ഇതും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരവും ആണ്.
സമൂഹ പാചകം
അയൽവാസികളോ കുടുംബങ്ങളോ ചേർന്ന് ഒരേ അടുക്കള ഉപയോഗിക്കുന്നത് ഇപ്പോൾ പ്രായോഗികമാക്കാവുന്ന ഒരു രീതിയാണ്. കുറഞ്ഞ പാചകം ആവശ്യമായ ഭക്ഷണ വിഭവങ്ങൾ പ്ലാൻ ചെയ്യുന്നതും ഇക്കാലത്ത് പരിഗണിക്കാം. ഇത്തരത്തിലുള്ള രീതികൾ താൽക്കാലികമായി ഗ്യാസിന്റെ ഉപയോഗം കുറക്കാനും സഹായിക്കും.
എൽപിജി ഇന്ത്യയിലെ ഒരു പ്രധാന പാചക ഇന്ധനമായിരിക്കുമ്പോഴും വിതരണ തടസങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ വീടുകൾക്ക് ബദൽ മാർഗങ്ങൾ പരീക്ഷിക്കാതെ തരമില്ല. വൈദ്യുത ഉപകരണങ്ങൾ, ലളിതമായ ഭക്ഷണ രീതികൾ, ഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ച് ഇത്തരം സാഹചര്യങ്ങൾ താൽക്കാലികമായി കൈകാര്യം ചെയ്യാനുമാകും.