
ആഗോളതലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്ത് നിക്ഷേപം വർധിക്കുന്നതിനിടെ ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതിയിലും വൻ കുതിപ്പ്. 2026 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസക്കാലയളവിൽ ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതി 158 ശതമാനം വർധിച്ച് 483 മില്യൺ ഡോളറിലെത്തി. ഏകദേശം 4,300 കോടി രൂപയാണിത്. എഐ ഡാറ്റാ സെന്ററുകൾക്കായി ആഗോള ടെക് കമ്പനികൾ നിക്ഷേപം വർധിപ്പിക്കുന്നതാണ് ഇന്ത്യൻ നിർമാതാക്കൾക്ക് നേട്ടമാകുന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകളാണ് കയറ്റുമതിയിലെ ഈ വളർച്ച വ്യക്തമാക്കുന്നത് എന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ഉദ്ദരിച്ച് ഇന്ത്യാ ടുഡേ ടെക്ക് റിപ്പോർട്ട് ചെയ്യുന്നു. എഐ സാങ്കേതികവിദ്യയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഇന്ത്യയുടെ പങ്ക് വർധിക്കുന്നതിന്റെ സൂചനയായാണ് ഈ മുന്നേറ്റം വിലയിരുത്തപ്പെടുന്നത്.
ഇന്ത്യൻ ഒപ്റ്റിക്കൽ ഫൈബർ ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയായി അമേരിക്ക മാറി. 2026 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 266.7 മില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങളാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. എഐ മോഡലുകളുടെയും ഡാറ്റാ സെന്ററുകളുടെയും വികസനത്തിനായി ഓപ്പൺഎഐ, ഗൂഗിൾ, ആന്ത്രോപിക്, മെറ്റ തുടങ്ങിയ കമ്പനികൾ അമേരിക്കയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്.
52.4 മില്യൺ ഡോളറിന്റെ കയറ്റുമതിയുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. പോളണ്ടിലേക്ക് 22.8 മില്യൺ ഡോളറിന്റെയും വിയറ്റ്നാമിലേക്ക് 22.6 മില്യൺ ഡോളറിന്റെയും ഉൽപ്പന്നങ്ങൾ കയറ്റി അയച്ചു. ജപ്പാൻ, കാനഡ, ഇറ്റലി എന്നിവയും പ്രധാന വിപണികളാണ്. ബ്രിട്ടൻ, ജർമനി, ബ്രസീൽ, മലേഷ്യ, യുഎഇ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യൻ ഉൽപ്പന്നങ്ങൾ എത്തുന്നുണ്ട്.
എഐ രംഗത്തെ ആഗോള മത്സരത്തിൽ ചിപ്പുകൾക്കും എഐ മോഡലുകൾക്കുമാണ് കൂടുതൽ ശ്രദ്ധ ലഭിക്കുന്നതെങ്കിലും, ഈ സാങ്കേതികവിദ്യയുടെ പ്രവർത്തനത്തിന് ശക്തമായ അടിസ്ഥാന സൗകര്യങ്ങളും അനിവാര്യമാണ്. അതിൽ പ്രധാനമാണ് ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ. വൈദ്യുത സിഗ്നലുകൾക്ക് പകരം പ്രകാശ തരംഗങ്ങൾ ഉപയോഗിച്ചാണ് ഇത്തരം കേബിളുകൾ വിവരങ്ങൾ കൈമാറുന്നത്. ഇതുവഴി വലിയ അളവിലുള്ള ഡാറ്റ അതിവേഗത്തിൽ ദൂരങ്ങളിലേക്ക് എത്തിക്കാനാകും. ഡാറ്റാ സെന്ററുകളിലെ ആയിരക്കണക്കിന് സെർവറുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനും ആശയവിനിമയ ശൃംഖലകളുമായി ഡാറ്റാ സെന്ററുകളെ ബന്ധിപ്പിക്കുന്നതിനും ഇവ ഉപയോഗിക്കുന്നു.
കൂടുതൽ എഐ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ കമ്പനികൾ മത്സരിക്കുന്നതോടെ വേഗതയേറിയതും വിശ്വസനീയവുമായ കണക്ഷനുകളുടെ ആവശ്യകത വർധിക്കുകയാണ്. എഐയുടെ വളർച്ചയ്ക്കൊപ്പം 5ജി, ബ്രോഡ്ബാൻഡ് ശൃംഖലകളുടെ വ്യാപനവും ഒപ്റ്റിക്കൽ ഫൈബർ വിപണിക്ക് കരുത്തേകുന്നു. ആഗോള സാങ്കേതിക മുന്നേറ്റം ഇന്ത്യയിലെ കേബിൾ നിർമാതാക്കൾക്ക് പുതിയ കയറ്റുമതി അവസരങ്ങൾ തുറന്നുനൽകുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.