
അമേരിക്കയുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുകയാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ആഗോള ഊര്‍ജ്ജ വിപണിയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ അമേരിക്ക ചുമത്തിയിരുന്ന ഇറക്കുമതി തീരുവ 18 ശതമാനമായി കുറയ്ക്കുന്ന കരാറിന് പകരമായി റഷ്യന്‍ എണ്ണ ഉപേക്ഷിക്കാമെന്ന് ഇന്ത്യ സമ്മതിച്ചതായാണ് ട്രംപിന്റെ അവകാശവാദം. കഴിഞ്ഞ ഓഗസ്റ്റില്‍ റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയ്ക്കു മേല്‍ ചുമത്തിയ 25 ശതമാനം തീരുവ പിന്‍വലിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയ്ക്ക് പകരം അമേരിക്കയില്‍ നിന്നും വെനസ്വേലയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
മോദി സ്വാഗതം ചെയ്തു; പക്ഷേ എണ്ണയെക്കുറിച്ച് മിണ്ടിയില്ല
യുഎസ് പ്രഖ്യാപിച്ച തീരുവ കുറയ്ക്കല്‍ നടപടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്‌തെങ്കിലും, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തുന്നതിനെക്കുറിച്ച് തന്റെ പ്രസംഗത്തില്‍ എവിടെയും പരാമര്‍ശിച്ചില്ല. 50,000 കോടി ഡോളറിന്റെ വമ്പന്‍ പ്രതിരോധ-വാണിജ്യ കരാറിനാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിരിക്കുന്നത്. ഇതില്‍ വിമാനങ്ങള്‍, ടെലികോം ഉല്‍പ്പന്നങ്ങള്‍, മരുന്നുകള്‍ എന്നിവയ്ക്കൊപ്പം അമേരിക്കന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി വര്‍ദ്ധിപ്പിക്കുമെന്നും ഇന്ത്യ ഉറപ്പുനല്‍കിയിട്ടുണ്ട്.
എണ്ണക്കമ്പനികള്‍ ഇരുട്ടില്‍
ട്രംപിന്റെ പ്രസ്താവന പുറത്തുവന്നെങ്കിലും, റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ നിര്‍ത്താന്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ യാതൊരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ റിഫൈനറികള്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി മാസത്തില്‍ ലോഡ് ചെയ്യേണ്ട എണ്ണയ്ക്കായി ഇതിനോടകം കരാറുകള്‍ ഒപ്പിട്ടു കഴിഞ്ഞു. മാര്‍ച്ചില്‍ ലഭിക്കേണ്ട ഈ എണ്ണ വിതരണം പെട്ടെന്ന് റദ്ദാക്കുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. വിദേശത്തുനിന്നുള്ള രാഷ്ട്രീയ പ്രസ്താവനകളേക്കാള്‍ ഉപരി, കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണ് കമ്പനികള്‍.
വെനസ്വേല ബദലാകുമോ?
റഷ്യന്‍ എണ്ണയ്ക്ക് പകരമായി വെനസ്വേലയെ ട്രംപ് നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും സാങ്കേതികമായി ഇത് അത്ര എളുപ്പമല്ല. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നയാര എനര്‍ജി എന്നീ സ്വകാര്യ കമ്പനികള്‍ക്ക് മാത്രമേ വെനസ്വേലയില്‍ നിന്നുള്ള 'ഹെവി ക്രൂഡ്' ശുദ്ധീകരിക്കാനുള്ള ശേഷിയുള്ളൂ. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് റഷ്യന്‍ എണ്ണയ്ക്ക് പകരമായി വെനസ്വേലന്‍ എണ്ണ 10 ശതമാനത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നതാണ് വസ്തുത.
ഇന്ത്യയുടെ റഷ്യന്‍ ബന്ധം
2022-ല്‍ യുക്രെയ്ന്‍ യുദ്ധം തുടങ്ങിയത് മുതല്‍ റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവാണ് ഇന്ത്യ. കുറഞ്ഞ നിരക്കില്‍ റഷ്യ എണ്ണ നല്‍കിയത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയ്ക്കാന്‍ സഹായിച്ചിരുന്നു. ഒഎന്‍ജിസി , ഇന്ത്യന്‍ ഓയില്‍ തുടങ്ങിയ കമ്പനികള്‍ക്ക് റഷ്യന്‍ എണ്ണപ്പാടങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുണ്ട്. റഷ്യന്‍ കമ്പനിയായ റോസ്നെഫ്റ്റിന് പങ്കാളിത്തമുള്ള നയാര എനര്‍ജി പൂര്‍ണ്ണമായും റഷ്യന്‍ എണ്ണയെയാണ് ആശ്രയിക്കുന്നത്. ഇറക്കുമതി നിര്‍ത്തുന്നത് ഈ കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും.
ചുരുക്കത്തില്‍ പെട്ടെന്നൊരു പിന്‍വാങ്ങല്‍ ഇന്ത്യയ്ക്ക് പ്രായോഗികമല്ല. കഴിഞ്ഞ ഡിസംബറില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 22 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഘട്ടംഘട്ടമായി റഷ്യയെ ഒഴിവാക്കി അമേരിക്കന്‍ എണ്ണയിലേക്ക് മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതൊരു പെട്ടെന്നുള്ള മാറ്റമല്ല, മറിച്ച് വര്‍ഷങ്ങള്‍ നീളുന്ന പ്രക്രിയയായിരിക്കും എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം, ഇന്ത്യയുമായുള്ള തന്ത്രപ്രധാന ബന്ധത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ഇറക്കുമതി നിര്‍ത്തുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചു.