1963 ൽ സൈക്കിളിൽ റോക്കറ്റ് കൊണ്ടുപോയ രാജ്യം സ്വന്തമായി യാത്രാവിമാനം നിർമ്മിക്കാനൊരുങ്ങുന്നു; മുന്നിലുള്ള കടമ്പകൾ എന്തൊക്കെ?

Published : Jun 11, 2026, 01:03 PM IST
Passenger Flight

Synopsis

ഇന്ത്യ തദ്ദേശീയമായി യാത്രാ വിമാനങ്ങൾ നിർമ്മിക്കാൻ ഒരുങ്ങുന്നു. ഈ പദ്ധതി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, തൊഴിലവസരങ്ങൾ, വ്യോമയാന മേഖലയിലെ സ്വയംപര്യാപ്തത എന്നിവയ്ക്ക് വലിയ ഉത്തേജനം നൽകുമെങ്കിലും, എഞ്ചിൻ സാങ്കേതികവിദ്യ പോലുള്ള വെല്ലുവിളികളും മുന്നിലുണ്ട്. റഷ്യയുമായുള്ള സഹകരണത്തോടെ ഈ സ്വപ്നം യാഥാർത്ഥ്യമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

രാജ്യത്ത് തദ്ദേശീയമായി നിർമിച്ച ആദ്യത്തെ 'മെയ്ഡ് ഇൻ ഇന്ത്യ' എയർബസ് സി-295 സൈനിക ഗതാഗത വിമാനം കന്നി പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ ഈ അഭിമാന നിമിഷത്തിൽ മറ്റൊരു ച‍ർച്ച കൂടി അണിയറയിലുണ്ട്. ഇന്ത്യ സ്വന്തമായി നി‍ർമിക്കുന്ന യാത്രാ വിമാനങ്ങൾ കാത്തിരിക്കുകയാണ് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി മാസങ്ങൾക്ക് മുന്നെ ഇത് പ്രഖ്യാപിച്ചിരുന്നു. പദ്ധതി യാഥാർത്ഥ്യമായാൽ വാണിജ്യ വ്യോമയാന മേഖലയിലേക്കുള്ള (Commercial Aviation) ഈ ചുവടുവെപ്പ് ഇന്ത്യയുടെ സാമ്പത്തിക ശക്തിയിലും ഒരു പുതിയ നാഴികക്കല്ലാകും. മെയ്ഡ് ഇൻ ഇന്ത്യ യാത്രാ വിമാനങ്ങൾ പുറത്തിറക്കിയാൽ അത് രാജ്യത്തിന്റെ വളർച്ചയെ എങ്ങനെയൊക്കെ സ്വാധീനിക്കുമെന്ന് നോക്കാം.

ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണി

ഇന്ന് ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയുടേത്. വ്യോമയാന മേഖലയിൽ രാജ്യം വലിയ മുന്നേറ്റമാണ് നടത്തുന്നത്. നിലവിൽ ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയാണ് ഇന്ത്യ. വിമാനയാത്ര ഇന്ന് സമ്പന്നർക്ക് മാത്രമല്ല, ഇടത്തരക്കാരുടെയും ആവശ്യമായി മാറിയിരിക്കുന്നു. ഈ വലിയ ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യൻ എയർലൈനുകൾ ഓരോ വർഷവും വിദേശ കമ്പനികളിൽ നിന്ന് വിമാനങ്ങൾ വാങ്ങുന്നതിനും ലീസിനെടുക്കുന്നതിനുമായി കോടിക്കണക്കിന് ഡോളറാണ് ചിലവഴിക്കുന്നത്. വിമാനങ്ങൾ നാട്ടിൽ തന്നെ നിർമ്മിക്കാൻ തുടങ്ങിയാൽ ഇന്ത്യയ്ക്ക് വൻതോതിൽ വിദേശനാണ്യ ശേഖരം ലാഭിക്കാം. ഇതോടെ, ഭാവിയിൽ യാത്രാച്ചെലവ് വീണ്ടും കുറക്കാം.

രാജ്യത്തിന്റെ വികസനം

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ 'ഉഡാൻ' (UDAN) പദ്ധതിയിലൂടെ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെപ്പോലും വ്യോമഗതാഗതവുമായി ബന്ധിപ്പിക്കാൻ രാജ്യത്തിന് സാധിച്ചു. 2014 ൽ രാജ്യത്ത് വെറും 74 വിമാനത്താവളങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ, ഇന്നത് 164 ആയി ഉയർന്നിട്ടുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികം ആഘോഷിക്കുന്ന 2047-ഓടെ ഇത് 350- 400 വിമാനത്താവളങ്ങളായി ഉയർത്താനാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. പ്രാദേശിക റൂട്ടുകളിലേക്ക് അനുയോജ്യമായ ചെറിയതും ഇടത്തരവുമായ (70 മുതൽ 100 ​​സീറ്റുകൾ വരെയുള്ള) തദ്ദേശീയ വിമാനങ്ങൾക്കാകും മുൻഗണന.

തൊഴിലവസരങ്ങളും സമ്പദ്‌വ്യവസ്ഥയും

യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടും എന്നതിലുപരി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും വമ്പൻ മുന്നേറ്റമുണ്ടാകും. നിലവിൽ ഇന്ത്യയുടെ വ്യോമയാന മേഖലയിൽ ആകെ 77 ലക്ഷത്തിലധികം തൊഴിലവസരങ്ങളുണ്ടെന്നാണ് കണക്ക്. നേരിട്ടുള്ള ജോലിക്കാരെ മാത്രമല്ല, പരോക്ഷമായി മേഖലയിൽ ഇടപെടുന്നവരും കൂടിയുള്ള കണക്കാണിത്. ഇതിൽ 3,69,000 പേർക്ക് ഈ മേഖലയിൽ നേരിട്ട് ജോലി ലഭിക്കുന്നു. ഇന്ത്യ സ്വന്തമായി യാത്രാവിമാന നിർമ്മാണം ആരംഭിക്കുമ്പോൾ എയറോസ്‌പേസ് എഞ്ചിനീയറിംഗ്, മെയിന്റനൻസ് ആന്റ് റിപ്പയർ (MRO), പ്രാദേശിക ഘടകങ്ങളുടെ നിർമ്മാണം എന്നിവ ഉൾപ്പെടുന്ന ഒരു വലിയ ഇക്കോസിസ്റ്റം ഇവിടെ രൂപപ്പെടും. ഇത് ലക്ഷക്കണക്കിന് പുതിയ ഹൈടെക് ജോലികൾ സൃഷ്ടിക്കും.

ആഗോള കുത്തകകളെ വെല്ലുവിളിക്കാനുള്ള സ്വയംപര്യാപ്തത

നിലവിൽ രണ്ടോ മൂന്നോ വിദേശ കമ്പനികൾ മാത്രമാണ് ആഗോള വാണിജ്യ വ്യോമയാന വിപണിയെ മൊത്തത്തിൽ നിയന്ത്രിക്കുന്നത്. നാളെ ഒരു ആഗോള പ്രതിസന്ധിയോ സപ്ലൈ ചെയിൻ തടസമോ ഉണ്ടായാൽ ഇന്ത്യൻ വ്യോമയാന മേഖല പ്രതിസന്ധിയിലായേക്കാം. 'മെയ്ഡ് ഇൻ ഇന്ത്യ' വിമാനങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ ഈ മേഖലയിൽ ഇന്ത്യയ്ക്ക് സ്വയംപര്യാപ്തത കൈവരിക്കാനാകും. മാത്രമല്ല, 'ഗ്ലോബൽ സൗത്തിലെ' (Global South) ചെറിയ വികസ്വര രാജ്യങ്ങളിലേക്ക് ഈ വിമാനങ്ങൾ കയറ്റുമതി ചെയ്യാനും ഇന്ത്യയ്ക്ക് സാഹചര്യമുണ്ടായേക്കാം.

കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം നടത്തിയതെങ്കിലും പദ്ധതിയുടെ പ്രാരംഭ ഘട്ടം തുടങ്ങിക്കഴിഞ്ഞുവെന്നാണ് പുറത്തു വരുന്ന റിപ്പോ‍‌ർട്ടുകൾ. റഷ്യയുടെ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനുമായി (UAC) ഇന്ത്യ തന്ത്രപ്രധാനമായ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ കരാർ പ്രകാരം റഷ്യയുടെ ആധുനിക സിവിൽ വിമാനങ്ങളായ SJ-100 (Sukhoi Superjet), IL-114-300 എന്നിവ ഇന്ത്യയിൽ നിർമ്മിക്കും. ആഭ്യന്തര സർവീസുകൾക്കായി ഇത്തരം 200 ഓളം വിമാനങ്ങളാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. റഷ്യൻ സാങ്കേതികവിദ്യയും ഇന്ത്യയുടെ നിർമ്മാണ ശേഷിയും ഒത്തുചേരുന്നതോടെ 'മെയ്ഡ് ഇൻ ഇന്ത്യ' യാത്രാവിമാനം എന്ന സ്വപ്നം ഉടൻ യാഥാർത്ഥ്യമാകുമെന്നാണ് പുറത്തു വരുന്ന റിപ്പോ‍‌ർട്ടുകൾ.

ഇന്ത്യക്ക് നേരെയുള്ള വെല്ലുവിളികൾ

റഷ്യൻ കരാറടക്കം വലിയ പ്രതീക്ഷ നൽകുന്നതാണെങ്കിലും, ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളികൾ വളരെ വലുതാണ്. വാണിജ്യ വിമാനം നിർമ്മിക്കുന്നതിന്റെ ഏറ്റവും കടുത്ത പ്രതിസന്ധി 'എഞ്ചിൻ സാങ്കേതികവിദ്യ' വികസിപ്പിക്കുക എന്നതായിരിക്കും. വിമാനത്തിന്റെ ഹൃദയമാണ് എഞ്ചിൻ. വിമാന നിർമ്മാണ ചിലവിന്റെ 30% മുതൽ 40% വരെ വരുന്നത് ഇതിനാണ്. ഇന്ന് വാണിജ്യ ജെറ്റ് എഞ്ചിനുകളുടെ സാങ്കേതികവിദ്യ അമേരിക്കയുടെ ജനറൽ ഇലക്ട്രിക് (GE), പ്രാറ്റ് ആന്റ് വിറ്റ്നി, ബ്രിട്ടന്റെ റോൾസ് റോയ്സ് തുടങ്ങിയ ചുരുക്കം ചില പാശ്ചാത്യ കമ്പനികളുടെ കുത്തകയാണ്. റഷ്യയുടെ സുഖോയ് (SJ-100) പ്രൊജക്റ്റുമായി ഇന്ത്യ മുന്നോട്ട് പോകുന്നുണ്ടെങ്കിലും, പാശ്ചാത്യ ഉപരോധങ്ങൾ കാരണം റഷ്യയ്ക്ക് അവരുടെ എഞ്ചിനുകൾക്ക് (PD-8 പോലുള്ളവ) ആഗോള സർട്ടിഫിക്കേഷൻ നേടാൻ കഠിനമായി പരിശ്രമിക്കേണ്ടി വരുന്നുണ്ട്.

ഇനി, ഇന്ത്യ സ്വന്തമായി ഒരു വാണിജ്യ ജെറ്റ് എഞ്ചിൻ വികസിപ്പിച്ചെടുക്കുന്നത് വരെ വിദേശ വിതരണക്കാരെ ആശ്രയിക്കേണ്ടി വരും. ഇത് വലിയൊരു ജിയോപൊളിറ്റിക്കൽ റിസ്ക് ആണ്. ഭാവിയിൽ നയതന്ത്ര തർക്കങ്ങളോ അന്താരാഷ്ട്ര ഉപരോധങ്ങളോ ഉണ്ടായാൽ, സ്പെയർ പാർട്സുകളുടെ ക്ഷാമമോ സാങ്കേതികവിദ്യ വിലക്കുന്നതോ കാരണം ഇന്ത്യയുടെ കോടിക്കണക്കിന് ഡോളറിന്റെ പ്രൊജക്റ്റുകൾ പ്രതിസന്ധിയിലായേക്കാം എന്ന റിസ്ക് നിലവിൽ മുന്നിലുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും, തേജസ് പോലെയുള്ള യുദ്ധവിമാനങ്ങളും തദ്ദേശീയ ഹെലികോപ്റ്ററുകളും വികസിപ്പിച്ച ഇന്ത്യക്ക് ഇതും സാധിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ജനങ്ങൾ. ഒരുകാലത്ത് സൈക്കിളിൽ റോക്കറ്റ് കൊണ്ടുപോയി ഇന്ന് ഐഎസ്ആർഒയിലൂടെ ബഹിരാകാശം കീഴടക്കിയ ഇന്ത്യയാണിതെന്ന കാര്യം മറക്കരുത്.

PREV
Read more Articles on
click me!

Recommended Stories

എഥനോൾ ചേർത്ത പെട്രോളിന് ഇനി എക്സൈസ് നികുതിയില്ല; പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ
ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്ക് മുന്നേറ്റം; മൂല്യം 20 പൈസ വർദ്ധിച്ച് 95.41 രൂപയായി