നിർബന്ധിത തൊഴിൽ തടയുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം ഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് മേൽ പുതിയ തീരുവകൾ ഏർപ്പെടുത്തി. നയതന്ത്ര ചർച്ചകളെ തുടർന്ന് ഇന്ത്യയുടെ തീരുവ 12.5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചു.
ഇന്നലെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുവകൾ പ്രഖ്യാപിച്ചത്. നിർബന്ധിത തൊഴിൽ (Forced Labour) തടയുന്നതിനുള്ള സെക്ഷൻ 301 പ്രോബിന്റെ ഭാഗമായാണ് 60 രാജ്യങ്ങൾക്ക് മേൽ പുതിയ തീരുവകൾ ഏർപ്പെടുത്തിയത്. നേരത്തെ ഇന്ത്യയ്ക്ക് 12.5% ഉയർന്ന തീരുവ ചുമത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും, നയതന്ത്ര ചർച്ചകൾക്ക് ഒടുവിൽ നിരക്ക് 10% ആയി കുറച്ചു. ഇതോടെ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്താൻ, വികസിത രാജ്യങ്ങളായ യുകെ, കാനഡ എന്നിവരുൾപ്പെടെ 17 രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യ ഇടംപിടിച്ചത്.
എന്താണ് സെക്ഷൻ 301 പ്രോബ് ?
അമേരിക്കൻ നിയമപ്രകാരം 'നിർബന്ധിത തൊഴിൽ' വഴി നിർമ്മിക്കപ്പെടുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയാനും അത്തരം ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ചുമത്താനും സെക്ഷൻ 301 പ്രോബ് സർക്കാരിന് അധികാരം നൽകുന്നു. ജൂൺ 3-നാണ് ഈ നിയമപ്രകാരം 60 രാജ്യങ്ങൾക്കെതിരെ നടപടി ആരംഭിച്ചത്. ഇന്ത്യ, യുകെ, കാനഡ, ബംഗ്ലാദേശ്, പാകിസ്താൻ, മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ 17 രാജ്യങ്ങൾ 10% കുറഞ്ഞ സ്ലാബിൽ ഉൾപ്പെടുന്നവയാണ്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, സ്വിറ്റ്‌സർലൻഡ്, തായ്‌വാൻ, യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ തുടങ്ങി 43 ഓളം രാജ്യങ്ങൾ 12.5% ഉയർന്ന സ്ലാബിൽപ്പെടുന്നു.
ഇവിടെ ഇന്ത്യയുടെ തീരുവ നിരക്ക് നിന്ന് 10% ആകാൻ കാരണം തൊഴിൽ രീതികളുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ഇന്ത്യ നടത്തിയ ഫലപ്രദമായ ചർച്ചകളാണ്. നിർബന്ധിത തൊഴിലിലൂടെ നിർമ്മിച്ച സാധനങ്ങളുടെ ഇറക്കുമതി പൂർണമായി നിരോധിക്കുന്നതായി ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
തീരുവ ഒഴിവാക്കിയ ഉൽപ്പന്നങ്ങൾ
അമേരിക്കയിൽ ആവശ്യത്തിന് ലഭ്യമല്ലാത്ത അസംസകൃത വസ്തുക്കൾ, കാർഷിക ഉൽപ്പന്നങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ, പുസ്തകങ്ങൾ, വ്യക്തിഗത വസ്തുക്കൾ എന്നിവയ്ക്ക് പുതിയ തീരുവ ബാധകമല്ല. കൂടാതെ ഉരുക്ക്, അലുമിനിയം തുടങ്ങിയ സെക്ഷൻ 232 പ്രകാരം നിലവിൽ നികുതിയുള്ള ഉൽപ്പന്നങ്ങളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


