ഡിജിറ്റല്‍ ഇടപാടുകളില്‍ അതിവേഗം മുന്നേറി ഇന്ത്യ;  ഓണ്‍ലൈന്‍ പണമിടപാടുകളില്‍ 35% വര്‍ധന; മുന്നില്‍ സ്ത്രീകളും ജെന്‍സിയും

Published : Oct 18, 2025, 08:57 PM IST
Digital India, Digital in India, Digital payment transaction in India, PM Modi, Modi Sarkar

Synopsis

ഡിജിറ്റല്‍ കുതിച്ചുചാട്ടത്തിന് പിന്നില്‍ പ്രധാനമായും രണ്ട് വിഭാഗങ്ങളാണുള്ളത്, സ്ത്രീകളും ജെന്‍സിയും . റീട്ടെയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ 2030-ന് വളരെ മുമ്പുതന്നെ 7 ട്രില്യണ്‍ ഡോളര്‍ കടക്കുമെന്ന് പഠനം പറയുന്നു.

രാജ്യത്തെ സാമ്പത്തിക ഇടപാടുകളില്‍ ഡിജിറ്റലൈസേഷന്‍ നടക്കുന്നത് അതിവേഗത്തിലെന്ന് പുതിയ റിപ്പോര്‍ട്ട്. 'ഹൗ അര്‍ബന്‍ ഇന്ത്യ പേയ്സ് 2025' എന്ന പേരില്‍ കീര്‍ണി ഇന്ത്യയും ആമസോണ്‍ പേയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് നിര്‍ണായകമായ ഈ മാറ്റം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓണ്‍ലൈന്‍, ഡിജിറ്റല്‍ ഇടപാടുകളില്‍ 35% വര്‍ധന രേഖപ്പെടുത്തി. ഈ ഡിജിറ്റല്‍ കുതിച്ചുചാട്ടത്തിന് പിന്നില്‍ പ്രധാനമായും രണ്ട് വിഭാഗങ്ങളാണുള്ളത്, സ്ത്രീകളും ജെന്‍സിയും . റീട്ടെയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ 2030-ന് വളരെ മുമ്പുതന്നെ 7 ട്രില്യണ്‍ ഡോളര്‍ കടക്കുമെന്ന് പഠനം പറയുന്നു.

ഡിജിറ്റല്‍ മുന്നേറ്റത്തിന് നേതൃത്വം നല്‍കി വനിതകള്‍

നഗരങ്ങളിലും ചെറുപട്ടണങ്ങളിലുമുള്ള വനിതാ സംരംഭകരാണ് ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തെ ഇപ്പോള്‍ നയിക്കുന്നത്. ബിസിനസ് നടത്താനും വ്യക്തിഗത സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യാനും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കൂടുതല്‍ സഹായകരമാകുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗിനായി പത്തില്‍ ഒമ്പത് സ്ത്രീകള്‍ക്കും ഡിജിറ്റല്‍ മാര്‍ഗങ്ങളാണ് ഇപ്പോള്‍ പ്രിയം. വനിതാ സംരംഭകരില്‍ 80% പേരും അവരുടെ ബിസിനസ് ഇടപാടുകള്‍ക്കായി യു.പി.ഐ , ഡിജിറ്റല്‍ വാലറ്റുകള്‍, കാര്‍ഡ് പേയ്‌മെന്റുകള്‍ എന്നിവ ഉപയോഗിക്കുന്നു. യു.പി.ഐ ആണ് ഇവരില്‍ കൂടുതല്‍ പേര്‍ക്കും ഇഷ്ടം,34% പേരും യുപിഐ ഇടപാടുകളാണ് നടത്തുന്നത്.

ജെന്‍സിയുടെ പുത്തന്‍ ട്രെന്റുകള്‍

ജെന്‍ സി വിഭാഗക്കാര്‍ക്ക് പ്രിയം ക്രെഡിറ്റ് കാര്‍ഡുകള്‍ തന്നെ.  ആദ്യമായി ജോലിയില്‍ പ്രവേശിച്ച ഉടന്‍ തന്നെ 65% യുവജനങ്ങളും  ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കുന്നു. ക്യാഷ്ബാക്കുകള്‍, റിവാര്‍ഡുകള്‍, കൂടാതെ നല്ലൊരു ക്രെഡിറ്റ് സ്‌കോര്‍ നേരത്തെ തന്നെ നേടിയെടുക്കുക എന്നിവയാണ് ഇവരുടെ പ്രധാന ലക്ഷ്യങ്ങള്‍.

ഇ-കൊമേഴ്സിലും ഡിജിറ്റല്‍ തന്നെ

ഓണ്‍ലൈന്‍ ഷോപ്പിംഗ്  വാങ്ങല്‍ രീതിയെ മാത്രമല്ല, പണം നല്‍കുന്ന രീതിയെയും മാറ്റിമറിച്ചു. 80% ലധികം ഇ-കൊമേഴ്സ് ഉപയോക്താക്കളും പ്ലാറ്റ്ഫോമിന്റെ ഇന്‍ബില്‍റ്റ് പേയ്‌മെന്റ് സേവനങ്ങളെയാണ് ആശ്രയിക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്ക് സാധാരണയായി പണമോ യു.പി.ഐയോ ഉപയോഗിക്കുമ്പോള്‍, ഇലക്ട്രോണിക്‌സ് പോലുള്ള വലിയ സാധനങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നു. ഷോപ്പിംഗിന് റിവാര്‍ഡുകള്‍ നേടാന്‍ സഹായിക്കുന്ന കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ കൂടുതല്‍ ജനപ്രിയമാവുകയാണ്.

ചെറു പട്ടണങ്ങളും ഡിജിറ്റല്‍ ലോകത്തേക്ക്

ഡിജിറ്റല്‍ പേയ്മെന്റിന്റെ സ്വീകാര്യത ഇപ്പോള്‍ മെട്രോ നഗരങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. ചെറിയ പട്ടണങ്ങളിലെ കടകളിലെ ഡിജിറ്റല്‍ പേയ്മെന്റുകള്‍  42% ല്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 50% ആയി ഉയര്‍ന്നു. മെട്രോ നഗരങ്ങളില്‍ ഇത് 62% ആണ്. എന്നാല്‍, കൊച്ചി, ലഖ്നൗ, ജയ്പൂര്‍,  ഭുവനേശ്വര്‍ തുടങ്ങിയ നഗരങ്ങള്‍ ഈ രംഗത്ത് അതിവേഗം മുന്നേറുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും