ഇന്ത്യയുടെ റുപേ കാര്‍ഡുകള്‍ ആഗോള തലത്തില്‍ 'സൂപ്പര്‍ ഹിറ്റ്'

By Web TeamFirst Published Mar 9, 2019, 3:21 PM IST
Highlights

രാജ്യത്തിന് അകത്ത് റുപേ കാര്‍ഡ് എന്ന പേരിലും ഡിസ്കവര്‍ നെറ്റിന്‍റെ സഹായത്തോടെ അന്താരാഷ്ട്ര തലത്തില്‍ റുപേ ഗ്ലോബല്‍ കാര്‍ഡ് എന്ന പേരിലുമാണ് എന്‍പിസിഐ കാര്‍ഡുകള്‍ പുറത്തിറക്കുന്നത്. 

മുംബൈ: ഇന്ത്യയുടെ നാഷണല്‍ പേമെന്‍റ്സ് കോര്‍പ്പറേഷന്‍ (എന്‍പിസിഐ) പുറത്തിറക്കുന്ന റുപേ ഗ്ലോബല്‍ കാര്‍ഡുകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വന്‍ ഡിമാന്‍റ്. ആഗോള തലത്തില്‍ റുപേ കാര്‍ഡുകളുടെ എണ്ണം 64 ദശലക്ഷം കടന്നു. 2014 ലാണ് എന്‍പിസിഐ റുപേ കാര്‍ഡുകള്‍ പുറത്തിറക്കുന്നത്. വെറും അഞ്ച് വര്‍ഷം കൊണ്ടാണ് ഇത്രയധികം ഉപഭോക്താക്കളെ എന്‍പിസിഐ സൃഷ്ടിച്ചത്. 

രാജ്യത്തിന് അകത്ത് റുപേ കാര്‍ഡ് എന്ന പേരിലും ഡിസ്കവര്‍ നെറ്റിന്‍റെ സഹായത്തോടെ അന്താരാഷ്ട്ര തലത്തില്‍ റുപേ ഗ്ലോബല്‍ കാര്‍ഡ് എന്ന പേരിലുമാണ് എന്‍പിസിഐ കാര്‍ഡുകള്‍ പുറത്തിറക്കുന്നത്. 190 രാജ്യങ്ങളിലെ 41 ദശലക്ഷം വ്യാപാരികളുമായി റുപേ കാര്‍ഡുമായി ബന്ധപ്പെട്ടിരിക്കുന്നതായാണ് എന്‍പിസിഐയുടെ അവകാശവാദം.

നിലവില്‍ 40 ല്‍ അധികം ബാങ്കുകള്‍ റുപേ ഗ്ലോബല്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ട്. റുപേ നിലവില്‍ വന്നതോടെ സ്വന്തമായി പണമിടപാട് ശൃംഖലയുളള രാജ്യമായി ഇന്ത്യ മാറിയിരുന്നു. വിസ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയ പേമെന്‍റ് ഗേറ്റ്‍വേ സംവിധാനങ്ങള്‍ക്ക് ബദലായാണ് ഇന്ത്യ റുപേയെ സംവിധാനത്തിന് തുടക്കമിട്ടത്. 

click me!