ഏറ്റവും വലിയ ഡിജിറ്റൽ വിപണിയായി ഇന്ത്യ മാറുന്നു, ഇന്റർനെറ്റ് ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കും: കേന്ദ്രമന്ത്രി

By Web TeamFirst Published Sep 30, 2021, 8:56 PM IST
Highlights

കൊവിഡ് രണ്ടാം തരംഗത്തിലും ലോക്ക്ഡൗൺ കാലത്തും വീട്ടിലിരുന്ന് കൊണ്ട് പ്രധാന സാമ്പത്തിക ഇടപാടുകൾ നടത്താൻ ജനത്തെ ഫിൻടെക് വ്യവസായം പ്രാപ്തരാക്കി.

ദില്ലി: ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ വിപണികളിലൊന്നായി (Digital Market) ഇന്ത്യ (India) മാറുകയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ(Piyush Goyal). രണ്ടാമത് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2021 (Global Fintech Fest 2021) ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഫിൻടെക് സ്വീകാര്യതാ നിരക്ക് 87 ശതമാനവും ആഗോള ശരാശരി 64 ശതമാനവുമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ നിരക്ക് ലോകത്തെ ഏറ്റവും ഉയർന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ യുപിഐ രംഗത്ത് 224 ബാങ്കുകളുടെ പങ്കാളിത്തം വഴി 2021 മെയ് മാസം വരെ 68 ബില്യൺ ഡോളറിലേറെ മൂല്യമുള്ള 2.6 ബില്യൺ ഇടപാടുകൾ രേഖപ്പെടുത്തിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 2021 ഓഗസ്റ്റിൽ ഏറ്റവും ഉയർന്ന നിരക്കായ 3.6 ബില്യൺ ഇടപാടുകളാണ് നടന്നത്. കഴിഞ്ഞ വർഷം ആധാർ അടിസ്ഥാനമായ പേമെന്റ് സിസ്റ്റം വഴി രണ്ട് ലക്ഷം കോടിയിലധികം ഇടപാടുകൾ നടന്നതായും അദ്ദേഹം പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗത്തിലും ലോക്ക്ഡൗൺ കാലത്തും വീട്ടിലിരുന്ന് കൊണ്ട് പ്രധാന സാമ്പത്തിക ഇടപാടുകൾ നടത്താൻ ജനത്തെ ഫിൻടെക് വ്യവസായം പ്രാപ്തരാക്കി. നാഷണൽ ബ്രോഡ്‌ബാന്റ് മിഷന് കീഴിൽ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നും ഇതുവഴി രാജ്യം ഫിൻടെക് സെക്ടറിൽ നവ സംരംഭകത്വ കേന്ദ്രമായി (Fintech Innovation hub) മാറുമെന്നും മന്ത്രി പറഞ്ഞു.

മൊബൈൽ ആപ്ലിക്കേഷനുകൾ, ഇ-കൊമേഴ്‌സ് സ്റ്റോറുകൾ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നീ സെക്ടറുകളിൽ നിക്ഷേപം ആകർഷിക്കാൻ ഫിൻടെക്കിന് സാധിക്കുമെന്ന് ഗോയൽ വ്യക്തമാക്കി. 2016 ൽ ആരംഭിച്ചതിന് ശേഷം ഫിൻ‌ടെക് മേഖലയിലെ നിക്ഷേപം 10 ബില്യൺ ഡോളറായി ഉയർന്നു. ഈ വിപണിയിൽ ഇന്ത്യയിന്ന് അതിവേഗം വളരുന്ന രാജ്യമാണെന്നും പിയൂഷ് ഗോയൽ പറഞ്ഞു.

click me!