ഇനി 'ഇന്ത്യൻ ഡ്രസ് സൈസ്'; മീഡിയവും ലാർജുമെല്ലാം ഇനി നമ്മുടെ ശരീരമനുസരിച്ച്, ബ്രാൻഡുകൾക്ക് ഏകീകൃത സൈസ് വരുന്നു

Published : Aug 01, 2026, 12:31 PM IST
Dress Shopping

Synopsis

രാജ്യത്തെ വസ്ത്രങ്ങളുടെ അളവുകൾ ഏകീകരിക്കാൻ പുതിയ നയം കൊണ്ടുവരുകയാണ് കേന്ദ്ര സർക്കാർ. യൂറോപ്പിലും അമേരിക്കയിലുമുള്ളതുപോലെ, ഇന്ത്യയിലെ എല്ലാ ബ്രാൻഡുകൾക്കും ബാധകമായ ഒരു ഏകീകൃത സൈസിംഗ് രീതി നടപ്പിലാക്കാനാണ് വസ്ത്ര മന്ത്രാലയം ലക്ഷ്യമിടുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം.

വസ്ത്രം വാങ്ങാനൊരുങ്ങുമ്പോൾ പലപ്പോഴും നമ്മളെ കുഴപ്പിക്കുന്ന ഒരു കാര്യമാണ് അളവുകൾ (Size). പല ബ്രാന്റുകളനുസരിച്ച് XS,S,M,L,XL,XXL.... എന്നിങ്ങനെയുള്ള സൈസുകളിലും വ്യത്യാസം വരാറുണ്ട്. എന്നാൽ ഈ വ്യത്യാസം കാരണമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പുതിയ നയം കൊണ്ടു വരികയാണ് കേന്ദ്രം. രാജ്യത്ത് വസ്ത്രങ്ങളുടെ അളവുകൾ ഏകീകൃതമാക്കാൻ (National Apparel Sizing Framework) കേന്ദ്ര സ‍‌ർക്കാ‌ർ തീരുമാനിച്ചതായി എക്കണോമിക് ടൈംസ് റിപ്പോ‍‍‌ർട്ട് ചെയ്യുന്നു. യൂറോപ്പിലും അമേരിക്കയിലും ഉള്ളതുപോലെ ഇന്ത്യയിലെ എല്ലാ വസ്ത്ര ബ്രാൻഡുകൾക്കും ബാധകമായ ഏകീകൃത സൈസിംഗ് രീതി നിലവിൽ വരുത്താനാണ് കേന്ദ്ര വസ്ത്ര മന്ത്രാലയം (Ministry of Textiles) നീക്കം നടത്തുന്നത്.

അക്കങ്ങളിലുള്ള അളവുകളേക്കാൾ ആളുകൾക്ക് കൂടുതൽ പരിചയം S (Small), M (Medium), L (Large) തുടങ്ങിയ ഇംഗ്ലീഷ് അക്ഷരങ്ങളിലുള്ള അളവുകളോടാണ്. ഉദാഹരണത്തിന് സ്ത്രീകളുടെ അളവെടുക്കുമ്പോൾ പൊതുവിൽ 36–38 മീഡിയം, 38–40 ലാര്‍ജ് എന്നിങ്ങനെയാണ് കണക്കാക്കാറുള്ളത്. എന്നാൽ, ചില ബ്രാന്റുകളിൽ ഇതിൽ തൊട്ട് മുകളിലോ താഴെയോ ഉള്ള ബ്രാന്റുകൾ ആണ് ഫിറ്റ് ആയി കിട്ടുക. ഇത് ഏകീകരിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

നിലവിൽ ഇന്ത്യയിലെ പ്രമുഖ വസ്ത്ര ബ്രാൻഡുകളെല്ലാം അമേരിക്കൻ അല്ലെങ്കിൽ യുകെ (US/UK) സൈസിംഗ് ചാർട്ടുകളാണ് പിന്തുടരുന്നത്. എന്നാൽ പാശ്ചാത്യരുടെയും ഇന്ത്യക്കാരുടെയും ശരീരഘടനയിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്. ഇത് മൂലം ഒരേ അളവിലുള്ള വസ്ത്രങ്ങൾ പോലും പല ബ്രാൻഡുകളിൽ പല രീതിയിൽ ഫിറ്റ് ആകുകയും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. ഓൺ‌ലൈൻ വസ്ത്ര വ്യാപാരത്തിൽ റിട്ടേണുകൾ (Return Rate) വർധിക്കുന്നതിനും ഇത് ഒരു പ്രധാന കാരണമാണ്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT)

ഈ അളവ് സ്റ്റാൻഡേ‍‌ർഡൈസ് ചെയ്യുന്നത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT) നടത്തിയ സമഗ്രമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇന്ത്യയിൽ 15 വയസിന് മുകളിലുള്ള 25,000-ത്തിലധികം പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീര അളവുകൾ 3D ബോഡി സ്കാനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ശേഖരിച്ചാണ് പഠനം നടത്തുന്നത്. തോൾ (Shoulder), ഇടുപ്പ് (Waist), നെഞ്ചളവ് തുടങ്ങി പ്രധാന ഭാഗങ്ങളുടെ മാനദണ്ഡങ്ങളാണ് തയാറാക്കിയിരിക്കുന്നത്. വസ്ത്ര മന്ത്രാലയം, വ്യാപാരികൾ, വസ്ത്ര നിർമ്മാതാക്കൾ എന്നിവരടങ്ങുന്ന ടാസ്ക് ഫോഴ്സാണ് പുതിയ ഫ്രെയിംവർക്കിന്റെ അവസാനവട്ട തയാറെടുപ്പുകൾ നടത്തിവരുന്നത്. ഇതോടെ ഏത് ബ്രാൻഡിന്റെ വസ്ത്രം വാങ്ങിയാലും ഇന്ത്യക്കാർക്ക് കൃത്യമായ ഫിറ്റിംഗ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഡോണള്‍ഡ് ട്രംപിന്റെ 2025 ലെ സാമ്പത്തിക വിവരങ്ങള്‍ പുറത്ത്; ആസ്തി കൈകാര്യം ചെയ്യുന്നത് അമേരിക്കയിലെ മുന്‍നിര ബാങ്കുകള്‍
ഇന്ത്യയിൽ കല്യാണവും കച്ചവടമാകുന്നു; വിവാഹച്ചെലവ് കണ്ടെത്താന്‍ പുതിയ വഴിയായി 'വെഡ്ഡിങ് ടൂറിസം', ടിക്കറ്റെടുത്ത് വിദേശികള്‍