ഓൺലൈൻ ഷോപ്പിങ് കൂടുതൽ സുതാര്യമാക്കുന്നതിനായി ഇ-കൊമേഴ്സ് ചട്ടങ്ങളിൽ നിർണായക ഭേദഗതികൾ വരുത്തി കേന്ദ്രസർക്കാർ. വ്യാജ ഡിസ്കൗണ്ടുകൾ തടയുക, സെർച്ച് റിസൾട്ടുകളിലെ കൃത്രിമം ഒഴിവാക്കുക, ഉപഭോക്തൃ വിവരങ്ങൾ സംരക്ഷിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. പുതിയ നിയമങ്ങൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.

ഓൺലൈൻ ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കൾക്ക് നിർണായക മാറ്റങ്ങളുമായി കേന്ദ്രസർക്കാർ. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഉൽപ്പന്നങ്ങളുടെ വില, ഡിസ്‍കൌണ്ട്, സെർച്ച് ഫലങ്ങൾ, സ്പോൺസേർഡ് ലിസ്റ്റിങ്ങുകൾ, ഉപഭോക്തൃ പരാതികൾ, വ്യക്തിഗത വിവരങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനാണ് പുതിയ നിയമഭേദഗതികൾ.

ഉപഭോക്തൃകാര്യ വകുപ്പ് ഉപഭോക്തൃ സംരക്ഷണ (ഇ-കൊമേഴ്സ്) ചട്ടങ്ങൾ, 2020 കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു. പുതിയ ചട്ടങ്ങൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ഓൺലൈൻ വിപണന മേഖലയെ കൂടുതൽ സുതാര്യവും സന്തുലിതവുമായ രീതിയിൽ നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ഭേദഗതികളെന്ന് സർക്കാർ വ്യക്തമാക്കി.

ഡിസ്കൗണ്ട് യഥാർഥമാണോ?

ഓൺലൈൻ ഷോപ്പിങ്ങിൽ ഉപഭോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് വൻ ഡിസ്കൗണ്ട് അവകാശവാദങ്ങളാണ്. ഒരു ഉൽപ്പന്നത്തിന് 50 ശതമാനം അല്ലെങ്കിൽ 60 ശതമാനം വിലക്കുറവ് പ്രഖ്യാപിക്കുമ്പോൾ യഥാർഥത്തിൽ അത്രയും വിലക്കുറവുണ്ടോ എന്ന് ഉപഭോക്താവിന് പലപ്പോഴും മനസിലാക്കാൻ കഴിയാറില്ല. പുതിയ ചട്ടപ്രകാരം ഒരു പ്ലാറ്റ്ഫോം വില കുറച്ചതായി പ്രഖ്യാപിക്കുമ്പോൾ കുറച്ച വിലയ്ക്കൊപ്പം മുൻ വിലയും വ്യക്തമാക്കണം. ഡിസ്കൗണ്ട് പ്രഖ്യാപിക്കുന്നതിന് മുൻപുള്ള 30 ദിവസത്തിനിടെ ആ ഉൽപ്പന്നമോ സേവനമോ നൽകിയ ഏറ്റവും കുറഞ്ഞ വിലയായിരിക്കും ‘മുൻ വില’യായി കണക്കാക്കുക. ഇതോടെ വലിയ ഡിസ്കൗണ്ട് അവകാശവാദങ്ങൾ യഥാർഥമാണോ എന്ന് ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ പരിശോധിക്കാൻ സാധിക്കും.

സെർച്ച് റിസൾട്ടുകളിൽ നിയന്ത്രണം

ഉപഭോക്താക്കളുടെ സെർച്ച് റിസൾട്ടുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ക്രമീകരിക്കാനും ഇനി ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് കഴിയില്ല. ഉപഭോക്താവ് തിരയുന്ന കാര്യവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ പ്രസക്തി കുറയുന്ന രീതിയിൽ സെർച്ച് ഫലങ്ങൾ മാറ്റിമറിക്കുന്നതും പുതിയ ചട്ടങ്ങൾ തടയും. വില കൂടുതലുള്ള ഉൽപ്പന്നങ്ങൾ, പ്ലാറ്റ്ഫോമിന്റെ സ്വന്തം ഉൽപ്പന്നങ്ങൾ, അല്ലെങ്കിൽ ഉപഭോക്താവിന്റെ തിരച്ചിലുമായി കാര്യമായ ബന്ധമില്ലാത്ത ഉൽപ്പന്നങ്ങൾ എന്നിവ പണം നൽകി സെർച്ച് ഫലങ്ങളിൽ മുകളിലെത്തിക്കുന്ന രീതികൾക്ക് ഇതോടെ നിയന്ത്രണമുണ്ടാകും.

പണം നൽകി മുകളിൽ വരുന്ന ഉൽപ്പന്നങ്ങൾ വ്യക്തമാക്കണം

പണം നൽകി പ്രദർശിപ്പിക്കുന്നതോ സ്പോൺസർ ചെയ്യുന്നതോ ആയ ഉൽപ്പന്ന ലിസ്റ്റിങ്ങുകൾക്ക് വ്യക്തവും ശ്രദ്ധേയവുമായ വെളിപ്പെടുത്തൽ നിർബന്ധമാകും. ഒരു ഉൽപ്പന്നം ഉപഭോക്താവിന്റെ തിരച്ചിലുമായി ബന്ധപ്പെട്ടതിനാലാണോ മുകളിൽ പ്രത്യക്ഷപ്പെട്ടത്, അതോ വിൽപ്പനക്കാരനോ ബ്രാൻഡോ പണം നൽകി മുൻനിരയിൽ എത്തിച്ചതാണോ എന്ന് ഉപഭോക്താവിന് തിരിച്ചറിയാൻ കഴിയുന്ന തരത്തിലായിരിക്കണം ലിസ്റ്റിങ്.

‘ഡാർക്ക് പാറ്റേണുകൾക്കും’ നിയന്ത്രണം

ഉപഭോക്താക്കളെ സ്വാധീനിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്ന ‘ഡാർക്ക് പാറ്റേൺ’ രീതികൾക്കെതിരായ നിയന്ത്രണങ്ങളും ശക്തമാക്കും. 2023ലെ ഡാർക്ക് പാറ്റേൺ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ ഇ-കൊമേഴ്സ് മേഖലയിലും കൂടുതൽ വ്യക്തമായി ബാധകമാകും. തെറ്റായ തിരക്ക് സൃഷ്ടിക്കൽ, ഉപഭോക്താവിന്റെ കാർട്ടിലേക്ക് ആവശ്യപ്പെടാത്ത ഉൽപ്പന്നങ്ങൾ ചേർക്കൽ, സബ്‍സ്‍ക്രിപ്ഷൻ കെണികൾ, പരസ്യങ്ങളെ മറ്റൊരു ഉള്ളടക്കമായി അവതരിപ്പിക്കൽ തുടങ്ങിയ രീതികൾ ഇതിൽ ഉൾപ്പെടുന്നു. പ്ലാറ്റ്ഫോമുകൾ വർഷത്തിലൊരിക്കൽ സ്വയം പരിശോധന നടത്തുകയും ചട്ടങ്ങൾ പാലിക്കുന്നുവെന്ന സർട്ടിഫിക്കറ്റ് ശ്രദ്ധേയമായി പ്രദർശിപ്പിക്കുകയും വേണം.

അനാവശ്യമായി അധിക ഫീസ് ഈടാക്കാൻ കഴിയില്ല

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലാത്ത സേവനങ്ങൾക്ക് ഉപഭോക്താക്കളിൽനിന്ന് കൂട്ടിച്ചേർത്ത ഫീസ് ഈടാക്കുന്നതിനും നിയന്ത്രണമുണ്ടാകും. എന്നാൽ നിർദിഷ്‍ട വ്യവസ്ഥകൾക്ക് കീഴിലുള്ള ലോയൽറ്റി അല്ലെങ്കിൽ അംഗത്വ പദ്ധതികൾക്ക് ഇളവ് ലഭിക്കും.

പരാതികളിലും പുതിയ വ്യവസ്ഥ

ഉപഭോക്താവ് പരാതി നൽകുമ്പോൾ അത് രേഖപ്പെടുത്തിയതിന്റെ പകർപ്പ് പരാതിക്കാരന് നൽകണമെന്നും പുതിയ ചട്ടങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈൻ സംവിധാനവുമായി കൂടുതൽ ശക്തമായ ബന്ധം ഉറപ്പാക്കുന്നതിനായി എല്ലാ ഇ-കൊമേഴ്സ് സ്ഥാപനങ്ങളും ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈന്റെ ഏകോപന പ്രക്രിയയിൽ പങ്കാളികളാകണം. 2025ൽ ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈന് ലഭിച്ചത് 17,71,622 പരാതികളാണ്. ഇതിൽ 5,11,196 പരാതികൾ, അതായത് ഏകദേശം 29 ശതമാനം, ഇ-കൊമേഴ്സ് മേഖലയുമായി ബന്ധപ്പെട്ടവയായിരുന്നു.

ഉൽപ്പന്നത്തിന്റെ വിവരങ്ങൾ കൂടുതൽ വ്യക്തമാക്കണം

ഉപഭോക്താക്കൾക്ക് ഉൽപ്പന്നം വാങ്ങുന്നതിന് മുമ്പ് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും പുതിയ ചട്ടങ്ങളിൽ നിർദേശം നൽകുന്നുണ്ട്. ഉൽപ്പന്നത്തിന്റെ ഉപയോഗിക്കേണ്ട അവസാന തീയതി, മടക്കിനൽകൽ-റീഫണ്ട് വ്യവസ്ഥകൾ, വാറന്‍റി, ഡെലിവറി, പണമടയ്ക്കൽ തുടങ്ങിയ പ്രധാന വിവരങ്ങൾ വിപണന പ്ലാറ്റ്ഫോമുകൾ നൽകണം. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ ഇറക്കുമതിക്കാരന്റെ പേരും വിവരങ്ങളും ഉൽപ്പന്നത്തിന്റെ ഉത്ഭവ രാജ്യവും വ്യക്തമാക്കണം.

ഉപഭോക്തൃ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതിനും നിയന്ത്രണം

ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ നിർദിഷ്‍ട ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് മുമ്പ് അവരുടെ വ്യക്തമായതും സജീവവുമായ സമ്മതം നേടണമെന്നും പുതിയ ചട്ടങ്ങൾ വ്യക്തമാക്കുന്നു. ഓൺലൈൻ ഷോപ്പിങ്ങിൽ വിലയും ഡിസ്‍കൌണ്ടും മുതൽ ഉൽപ്പന്ന വിവരങ്ങളും പരാതിപരിഹാരവും വ്യക്തിഗത വിവരങ്ങളുടെ ഉപയോഗവും വരെയുള്ള വിവിധ ഘട്ടങ്ങളിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് പുതിയ ഭേദഗതികളുടെ ലക്ഷ്യം.