രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യ വത്കരിക്കാൻ നീക്കമെന്ന് റിപ്പോർട്ട്

By Web TeamFirst Published Jul 21, 2020, 6:12 AM IST
Highlights

രാജ്യത്ത് 4-5 പൊതുമേഖലാ ബാങ്കുകൾ മാത്രമായി നിജപ്പെടുത്താനാണിത്. നിലവിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആണ്. 

ദില്ലി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ൽ നിന്ന് അഞ്ചാക്കി കുറയ്ക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. പാതിയോളം പൊതുമേഖലാ ബാങ്കുകളും സ്വകാര്യ വത്കരിക്കാനാണ് ആലോചന. ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് ആന്റ് സിന്ത് ബാങ്ക് എന്നിവയിൽ ഭൂരിഭാഗം ഓഹരികളും സ്വകാര്യ വത്കരിക്കും. 

രാജ്യത്ത് 4-5 പൊതുമേഖലാ ബാങ്കുകൾ മാത്രമായി നിജപ്പെടുത്താനാണിത്. നിലവിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആണ്. ഇതിന്റെ പദ്ധതി രൂപകൽപ്പന നടക്കുകയാണെന്നും പിന്നീട് കേന്ദ്ര മന്ത്രിസഭയുടെ അനുമതിക്കായി സമർപ്പിക്കുമെന്നുമാണ് വിവരം. കേന്ദ്ര ധനകാര്യ മന്ത്രാലയം ഈ റിപ്പോർട്ടിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

സ്വകാര്യവത്കരണത്തിലൂടെ ധനസമാഹരണത്തിനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് തീരുമാനം. കേന്ദ്രസർക്കാരിന്റെ നിരവധി കമ്മിറ്റികളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി വിൽപ്പന വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇനി പൊതുമേഖലാ ബാങ്കുകൾ തമ്മിൽ ലയിപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഈ സാഹചര്യത്തിൽ ഓഹരി വിറ്റഴിക്കൽ മാത്രമാണ് സർക്കാരിന് മുന്നിലുള്ള വഴി. കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ പത്ത് പൊതുമേഖലാ ബാങ്കുകളെ തമ്മിൽ ലയിപ്പിച്ച് വെറും നാലെണ്ണമാക്കി കുറച്ചിരുന്നു.

click me!