പുതിയ ഉപഭോക്തൃസംരക്ഷണനിയമം ഇന്ന് മുതൽ, നിങ്ങളറിയേണ്ടതെല്ലാം

By Web TeamFirst Published Jul 20, 2020, 3:56 PM IST
Highlights

34 വര്‍ഷം പഴക്കമുളള ഉപഭോക്തൃ സംരക്ഷണ നിയമം കാലോചിതമായി പൊളിച്ചെഴുതിയാണ് രാജ്യത്ത് പുതിയ നിയമം നിലവില്‍ വന്നത്. 2019 ഓഗസ്റ്റ് 6-ന് പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമത്തിന്‍റെ വിജ്ഞാപനം ഇക്കഴിഞ്ഞ 15-നായിരുന്നു പുറത്തിറങ്ങിയത്. 

ദില്ലി: ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ഉറപ്പാക്കി രാജ്യത്ത് പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം രാജ്യത്ത് ഇന്ന് മുതൽ നിലവിൽ വന്നു. കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുമെന്നതും ജില്ലാ- സംസ്ഥാന- ദേശീയ കമ്മീഷനുകളുടെ അധികാരം വര്‍ദ്ധിപ്പിച്ചതും പ്രധാന നേട്ടമാണ്. എന്നാല്‍ ആരോഗ്യമേഖലയെ നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്താത്തത് വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

34 വര്‍ഷം പഴക്കമുളള ഉപഭോക്തൃ സംരക്ഷണ നിയമം കാലോചിതമായി പൊളിച്ചെഴുതിയാണ് രാജ്യത്ത് പുതിയ നിയമം നിലവില്‍ വന്നത്. 2019 ഓഗസ്റ്റ് 6-ന് പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമത്തിന്‍റെ വിജ്ഞാപനം ഇക്കഴിഞ്ഞ 15-നായിരുന്നു പുറത്തിറങ്ങിയത്. മാറിയ ബിസിനസ് രീതികളും ഉപഭോക്താക്കളുടെ ആവശ്യങ്ങളും പരമാവധി ഉള്‍ക്കൊണ്ടുക്കൊളളുന്നതാണ് പുതിയ നിയമം. നിയമത്തിന്‍റെ പ്രധാന നേട്ടങ്ങള്‍ ഇവയാണ്.

1. ജില്ലാ കമ്മീ‍ഷനിലോ സംസ്ഥാന കമ്മീഷനിലോ ദേശീയ കമ്മീഷനിലോ ഒരു പരാതി നല്‍കിയാല്‍ അത് മൂന്നു മാസത്തിനകം തീര്‍പ്പാക്കണം. ഉല്‍പ്പന്നത്തിന്‍റെ ലബോറട്ടറി ടെസ്റ്റ് ആവശ്യമെങ്കില്‍ അഞ്ച് മാസം വരെ സമയമെടുക്കാം.

2. ജില്ലാ ഉപഭോക്തൃ ഫോറത്തിന് കൈകാര്യം ചെയ്യാവുന്നത് പരമാവധി 20 ലക്ഷം രൂപ വരെ മൂല്യമുളള ഉല്‍പ്പന്നങ്ങളുടെ കേസുകള്‍ ആയിരുന്നു. എന്നാല്‍ പുതിയ നിയമ പ്രകാരം ജില്ലാ കമ്മീഷന് ഒരു കോടി രൂപ വരെയുളള കേസുകള്‍ പരിഗണിക്കാം. സംസ്ഥാന കമ്മീഷന് 10 കോടി രൂപ വരെയുളള കേസുകളും. 10 കോടി രൂപയ്ക്ക് മുകളിലുളള ഉല്‍പ്പന്നങ്ങളുടെയോ സേവങ്ങളുടെയോ കേസുകള്‍ ദേശീയ കമ്മീഷനാണ് പരിഗണിക്കേണ്ടത്.

3. 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് ഉല്‍പ്പന്നം സംബന്ധിച്ച് പരാതി നല്‍കണമെങ്കില്‍ ഉല്‍പ്പാദകനോ വില്‍പ്പനക്കാരനോ താമസിക്കുന്ന സ്ഥലത്തോ തൊഴില്‍ ചെയ്യുന്ന സ്ഥലത്തോ വേണമായിരുന്നു. അല്ലെങ്കില്‍ ഉല്‍പ്പന്നം വാങ്ങിയ സ്ഥലത്ത്. എന്നാല്‍ ഇനി മുതല്‍ ഉപഭോക്താവിന്‍റെ താമസിക്കുന്ന സ്ഥലത്തോ ജോലി ചെയ്യുന്ന സ്ഥലത്തോ പരാതി നല്‍കാം. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, ഡയറക്ട് മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ വര്‍ദ്ധിച്ചുവരുന്ന തട്ടിപ്പുകള്‍ക്ക് തടയിടാന്‍ ഈ വ്യവസ്ഥ ഗുണം ചെയ്യും.

3. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിനുളള സ്വാതന്ത്ര്യം നല്‍കുന്നു.

4. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയാല്‍ അതിന്‍റെ ബാധ്യത പരസ്യങ്ങളില്‍ അഭിനയിക്കുന്നവര്‍ക്കും ഉല്‍പ്പാദകര്‍ക്കും ഉണ്ടാകും.

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി സ്ഥാപിക്കണമെന്നത് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഇത് പ്രാബല്യത്തില്‍ വന്നിട്ടില്ല. അതോറിറ്റി നിലവില്‍ വരുന്നതോടെ പരസ്യ ചിത്രങ്ങളുടെ ഉള്‍പ്പെടെ കാര്യത്തില്‍ കൂടുതല്‍ നിരീക്ഷണം നിലവില്‍ വരും.

click me!