
സോഷ്യല്‍ മീഡിയ വെറുതെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുക മാത്രമല്ല, ലക്ഷങ്ങളും കോടികളും സമ്പാദിക്കാനുള്ള ഒരു പ്രധാന മാര്‍ഗമായി അത് മാറിയിരിക്കുകയാണ്. ഒഡിഷയില്‍ നിന്നുള്ള പ്രശസ്ത ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററായ സുഭശ്രീ സാഹുവിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് അടുത്തിടെയാണ് അധികൃതര്‍ നീക്കം ചെയ്തത്. എന്നാല്‍ അതിനുമുമ്പ് ഇന്‍സ്റ്റാഗ്രാമിലെ 'പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍' വഴി അവര്‍ നേടിയിരുന്ന വരുമാനം കേട്ടാല്‍ ആരും ഒന്ന് ഞെട്ടും.
ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, ഫേസ്ബുക്ക്, എക്‌സ് (ട്വിറ്റര്‍) തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകളിലായി ലക്ഷക്കണക്കിന് ആരാധകരാണ് സുഭശ്രീക്ക് ഉള്ളത്. ലൈഫ്‌സ്‌റ്റൈല്‍ വ്‌ളോഗുകൾ, ഡാന്‍സ് വീഡിയോകള്‍, ചെറിയ റീല്‍സുകള്‍ എന്നിവയാണ് പ്രധാനമായും അവര്‍ പങ്കുവെച്ചിരുന്നത്. അക്കൗണ്ട് നഷ്ടപ്പെടുന്നതിന് മുന്‍പ് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം 1.3 മില്യണ്‍ (13 ലക്ഷം) ഫോളോവേഴ്‌സ് അവര്‍ക്കുണ്ടായിരുന്നു. ഇതില്‍ത്തന്നെ പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്ത ആറായിരത്തോളം 'പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സും' ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
പ്രതിമാസം 399 രൂപ നല്‍കിയാണ് ഈ സബ്‌സ്‌ക്രൈബേഴ്‌സ് പ്രീമിയം ആക്‌സസ് നേടിയിരുന്നത്. ഇതനുസരിച്ച് കണക്കാക്കുമ്പോള്‍, സബ്‌സ്‌ക്രിപ്ഷനില്‍ നിന്ന് മാത്രം മാസം തോറും ഏകദേശം 23 ലക്ഷം രൂപയായിരുന്നു താരത്തിന്റെ വരുമാനം. അതായത്, ഒരു വര്‍ഷത്തെ വരുമാനം ഏകദേശം 2.7 കോടി രൂപയോളം വരും.
യൂട്യൂബിലും താരത്തിന് മികച്ച വരുമാനമുണ്ട്. 'സുഭശ്രീ സാഹു വ്‌ലോഗ്‌സ്' എന്ന യൂട്യൂബ് ചാനലിന് 1.42 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ആണുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് 130 വീഡിയോകളിലൂടെ 14.68 ദശലക്ഷം കാഴ്ചക്കാരാണ് ചാനലിന് ലഭിച്ചത്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് പ്രതിമാസം ഏകദേശം 37,000 രൂപ (394 ഡോളര്‍) അവര്‍ യൂട്യൂബില്‍ നിന്നും നേടുന്നുണ്ട്. ഇതിനുപുറമെ യൂട്യൂബിലും 119 രൂപ മുതല്‍ 1,599 രൂപ വരെയുള്ള വിവിധ പെയ്ഡ് മെമ്പര്‍ഷിപ്പ് പ്ലാനുകള്‍ അവര്‍ നല്‍കുന്നുണ്ട്. എന്നാല്‍ യൂട്യൂബില്‍ എത്ര പേര്‍ ഈ പ്ലാനുകള്‍ എടുത്തിട്ടുണ്ട് എന്നതിന്റെ കണക്കുകള്‍ ലഭ്യമല്ല. സുഭശ്രീ മാത്രമല്ല, ഇന്‍സ്റ്റാഗ്രാമിലെ പെയ്ഡ് സബ്‌സ്‌ക്രിപ്ഷനിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന മറ്റ് നിരവധി താരങ്ങളും ഇന്ത്യയിലുണ്ട്.
അദിതി മിസ്ത്രി: 2,377 സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള അദിതി മാസം 290 രൂപയാണ് ഈടാക്കുന്നത്. പ്രതിമാസ വരുമാനം ഏകദേശം 6.89 ലക്ഷം രൂപ.
മുസ്‌കാന്‍ കരിയ: 390 രൂപ നല്‍കുന്ന 5,154 സബ്‌സ്‌ക്രൈബേഴ്‌സുള്ള ഇവരുടെ പ്രതിമാസ വരുമാനം ഏകദേശം 20.1 ലക്ഷം രൂപയാണ്.
നേഹ ശര്‍മ്മ: പ്രശസ്ത ബോളിവുഡ് നടി നേഹ ശര്‍മ്മയ്ക്കും 6,967 സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. 290 രൂപ നിരക്കില്‍ പ്രതിമാസം ഏകദേശം 20.2 ലക്ഷം രൂപ അവര്‍ നേടുന്നുണ്ട്.
റിയ ആഹിര്‍: കഴിഞ്ഞ ജൂലൈയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ മുംബൈയില്‍ പൊലീസ് വാന്‍ തടഞ്ഞതിലൂടെ വൈറലായ പെണ്‍കുട്ടിയാണ് റിയ. ഈ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ളത് റിയയ്ക്കാണ് (10,900 പേര്‍). പ്രതിമാസം 140 രൂപയാണ് നിരക്കെങ്കിലും വരുമാനം 15.26 ലക്ഷത്തോളം വരും.
ഫിറ്റ്‌ഗേള്‍_08 : സോണിയ സിംഗ് ഖത്രി നടത്തുന്ന ഈ പേജിന് 9,071 സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. 390 രൂപയാണ് നിരക്ക്. മാസം 35.4 ലക്ഷം രൂപയാണ് (വര്‍ഷം 4.2 കോടി) ഇവര്‍ ഇതിലൂടെ മാത്രം സമ്പാദിക്കുന്നത്.
സാധാരണക്കാര്‍ക്ക് കാണാന്‍ കഴിയുന്ന പബ്ലിക് പ്രൊഫൈലുകളെക്കാള്‍ അല്‍പം കൂടി ഗ്ലാമറസായ കണ്ടന്റുകളാകും പെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സിന് ലഭിക്കുക. ഗ്ലാമര്‍ വസ്ത്രങ്ങളിലുള്ള ചിത്രങ്ങള്‍, നൃത്തങ്ങള്‍, ബെഡ്റൂം വ്‌ലോഗുകള്‍, ആരാധകരുമായി ലൈവ് ആയി സംസാരിക്കാനുള്ള അവസരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ചില താരങ്ങള്‍ ഇത്തരം സബ്‌സ്‌ക്രിപ്ഷനുകളെ 'ഓണ്‍ലി ഫാന്‍സ്' (OnlyFans) പോലെയുള്ള മറ്റ് പ്രീമിയം പ്ലാറ്റ്ഫോമുകളിലേക്ക് ആരാധകരെ ആകര്‍ഷിക്കാനുള്ള ഒരു വഴിയായും ഉപയോഗിക്കാറുണ്ടെന്നും പറയപ്പെടുന്നു.