സൗദിയിൽ നിന്ന് എണ്ണ വാങ്ങുന്നത് കുറയ്ക്കും, റഷ്യയുമായി മുന്നോട്ടു പോകാൻ ഇന്ത്യൻ കമ്പനികൾ

By Web TeamFirst Published Apr 7, 2022, 6:31 PM IST
Highlights

സൗദി ഭരണകൂടം ക്രൂഡോയിൽ വില കുത്തനെ ഉയർത്തിയതിന് പിന്നാലെയാണ് ഇന്ത്യയിലെ രണ്ട് പ്രധാന എണ്ണക്കമ്പനികൾ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ തീരുമാനിച്ചത്. 

ദില്ലി: ഇന്ത്യൻ എണ്ണക്കമ്പനികൾ  മെയ് മാസത്തിൽ സൗദിയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് കുറയ്ക്കുമെന്ന് റിപ്പോർട്ട്. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയിൽ ക്രൂഡോയിൽ വാങ്ങാൻ ലക്ഷ്യമിട്ടാണ് ഈ  നീക്കം. സൗദി ഭരണകൂടം ക്രൂഡോയിൽ വില കുത്തനെ ഉയർത്തിയതിന് പിന്നാലെയാണ് ഇന്ത്യയിലെ രണ്ട് പ്രധാന എണ്ണക്കമ്പനികൾ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ തീരുമാനിച്ചത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ.

ആഗോളതലത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയരുന്നത് കൂടുതൽ ബുദ്ധിമുട്ടിലാക്കിയതും ഇന്ത്യയെയാണ്. സൗദി അരാംകോ ലോക രാജ്യങ്ങൾക്ക് നൽകുന്ന എണ്ണ വില ഉയർത്തിയതും ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. ഏഷ്യയിലെ ഉപഭോക്താക്കളായ രാജ്യങ്ങൾക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്നത്. ഇറാക്കും സൗദി അറേബ്യയുമാണ് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്നത്. മെയ് മാസത്തിൽ ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറയുമെങ്കിലും വൻ തോതിലുള്ള മാറ്റമുണ്ടാകില്ല.

പ്രതിവർഷം നിശ്ചിത അളവിൽ ക്രൂഡോയിൽ വാങ്ങാമെന്ന  ധാരണ ഉള്ളതിനാൽ ക്രൂഡ് ഓയിലിന്റെ അളവ് വലിയ രീതിയിൽ കുറയ്ക്കാൻ ഇന്ത്യൻ കമ്പനികൾക്ക്  സാധിക്കില്ല. റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങാൻ തീരുമാനിച്ച കമ്പനികളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവർ എത്ര ബാരൽ റഷ്യയിൽ നിന്ന് വാങ്ങുമെന്നതും വ്യക്തമല്ല. 

click me!