Latest Videos

വില കൂടി; പാമോയിലിന് പകരം സൂര്യകാന്തി എണ്ണ ഇറക്കുമതി ചെയ്ത് ഇന്ത്യ

By Web TeamFirst Published Apr 11, 2024, 5:03 PM IST
Highlights

ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ പാം ഓയിൽ വാങ്ങുന്നത് കുറച്ചത് ആഗോള വിപണി വിലയെ സ്വാധീനിക്കും. 

പാമോയിലിന് വില കൂടിയതോടെ ഇറക്കുമതി കുറച്ച് ഇന്ത്യ. മാർച്ചിൽ ഇന്ത്യയുടെ പാം ഓയിൽ ഇറക്കുമതി 10 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. പാം ഓയിൽ ഇറക്കുമതി മാർച്ചിൽ മുൻ മാസത്തേക്കാൾ  2.5% ഇടിഞ്ഞ് 485,354 മെട്രിക് ടണ്ണിലെത്തി, 2023 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ പാം ഓയിൽ വാങ്ങുന്നത് കുറച്ചത് ആഗോള വിപണി വിലയെ സ്വാധീനിക്കും. പാമോയിലിന് പകരം സൂര്യകാന്തി എണ്ണയാണ് കൂടുതായി ഇറക്കുമതി ചെയ്യുന്നത്. 

പാമോയിൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ  സ്റ്റോക്ക് ഇടിഞ്ഞതാണ് വില ഉയരാൻ കാരണമായത് . ഇതോടെ പാമോയിലിൽ നിന്ന് സൂര്യകാന്തി എണ്ണയിലേക്ക് മാറാൻ  ഇന്ത്യയടക്കമുള്ള ഇറക്കുമതിക്കാർ നിർബന്ധിതരായി.ഇതോടെ മാർച്ച് മാസത്തിലെ സൂര്യകാന്തി എണ്ണ ഇറക്കുമതി 50% ഉയർന്ന് 445,723 ടണ്ണിലെത്തി.

അസംസ്കൃത പാം ഓയിൽ ഇറക്കുമതിക്ക്  മെട്രിക് ടണ്ണിന് ഏകദേശം 1,040 ഡോളറാണ് ചെലവ് വരിക. അതേസമയം സൂര്യകാന്തി എണ്ണ മെട്രിക് ടണ്ണിന് ഏകദേശം 1,015 ഡോളറാണ് വില. സൂര്യകാന്തി എണ്ണയ്ക്ക് പുറമേ സോയ ഓയിലിന്റെ ഇറക്കുമതിയും ഉയർന്നിട്ടുണ്ട്.മാർച്ചിലെ സോയ ഓയിൽ ഇറക്കുമതി ഒരു മാസം മുമ്പത്തേതിനേക്കാൾ 26.4% ഉയർന്ന് 218,604 ടണ്ണിലെത്തി. ഇന്ത്യ പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നാണ് പാമോയിൽ വാങ്ങുന്നത്, അർജൻറീന, ബ്രസീൽ, റഷ്യ, ഉക്രെയ്ൻ എന്നിവിടങ്ങളിൽ നിന്ന് സോയ ഓയിലും സൂര്യകാന്തി എണ്ണയും ഇറക്കുമതി ചെയ്യുന്നു.

click me!