
ദില്ലി: ഇന്തോ പസഫിക് സമുദ്ര മേഖലയില്‍ പരസ്പര സഹകരണം മെച്ചപ്പെടുത്താന്‍ ഇന്ത്യയും ഫ്രാന്‍സും ഓസ്‌ട്രേലിയയും കൈകോര്‍ക്കുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഇത് സംബന്ധിച്ച് ഉണ്ടാക്കിയ ധാരണയുടെ ഭാഗമായി, സഹകരണം മെച്ചപ്പെടുത്താനുള്ള വഴികള്‍ ത്രിരാഷ്ട്ര ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്തു.
മാരിടൈം സെക്യുരിറ്റി, ദുരിതാശ്വാസ പ്രവര്‍ത്തനം, അനിയന്ത്രിത മത്സ്യബന്ധനം ഇവയടക്കം വിവിധ വിഷയത്തില്‍ നേരത്തെയുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഉന്നതതല ചര്‍ച്ച നടത്തിയത്. ഭാവി നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇന്തോ പസഫിക് മേഖലയില്‍ ചൈന സൈനിക സാന്നിധ്യം ശക്തമാക്കുമ്പോഴാണ് ചര്‍ച്ച നടത്തിയത്.
ഇന്ത്യയുടെ പ്രതിനിധികളായി വിദേശകാര്യ മന്ത്രാലയം യൂറോപ് വെസ്റ്റ് ജോയിന്റ് സെക്രട്ടറി സന്ദീപ് ചക്രവര്‍ത്തിയാണ് പങ്കെടുത്തത്. ഫ്രാന്‍സ് ഏഷ്യ ആന്റ് ഓഷ്യാനിയ ഡയറക്ടര്‍ ബെര്‍ട്രന്റ് ലോര്‍തോലാറിയും ഓസ്‌ട്രേലിയയുടെ നോര്‍ത്ത് ആന്റ് സൗത്ത് ഏഷ്യാ ഡിവിഷന്‍ ഫസ്റ്റ് അസിസ്റ്റന്റ് സെക്രട്ടറി ഗാരി കോവന്‍, യൂറോപ്പ് ആന്റ് ലാറ്റിന്‍ അമേരിക്കന്‍ ഡിവിഷന്‍ ഫസ്റ്റ് അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍ ഗിയറിങ് എന്നിവരാണ് പങ്കെടുത്തത്.