പാക്കിസ്ഥാനിലെ വിമാനങ്ങളെയും പൈലറ്റുമാരെയും 188 രാജ്യങ്ങളിൽ വിലക്കിയേക്കും

By Web TeamFirst Published Nov 8, 2020, 11:14 PM IST
Highlights

നവംബർ മൂന്നിന് ഓർഗനൈസേഷൻ, പാക്കിസ്ഥാനിലെ സിവിൽ ഏവിയേഷൻ ഭരണകൂടത്തിന് അയച്ച കത്തിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാനായില്ലെന്ന് കുറ്റപ്പെടുത്തിയിരുന്നു.

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനികൾക്ക് 188 രാജ്യങ്ങളിൽ വിലക്കിന് സാധ്യത. പൈലറ്റ് ലൈസൻസിങിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് തടസമാവുന്നത്. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനാണ് നടപടിക്ക് ഒരുങ്ങുന്നത്.

ലൈസൻസിങ് അഴിമതിയെ തുടർന്ന് പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന് ഇപ്പോൾ തന്നെ യുകെയിലും യൂറോപ്യൻ യൂണിയനിലും വിലക്കുണ്ട്. അഴിമതി ഏവിയേഷൻ മന്ത്രി ഗുലാം സർവർ ഖാന്റെ പ്രസ്താവനയോടെയാണ് പുറത്ത് വന്നത്. പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ 141 പൈലറ്റുമാരടക്കം രാജ്യത്തെ 262 പൈലറ്റുമാർക്ക് മതിയായ യോഗ്യതകളില്ലെന്നും ഇവർ നിയമവിരുദ്ധ മാർഗത്തിലൂടെയാണ് ലൈസൻസ് സ്വന്തമാക്കിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ തങ്ങളുടെ 179ാമത്തെ സെഷനിലെ 12ാമത്തെ യോഗത്തിൽ അംഗരാജ്യങ്ങൾക്ക് ബാധകമായ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ തീരുമാനിച്ചിരുന്നു. നവംബർ മൂന്നിന് ഓർഗനൈസേഷൻ, പാക്കിസ്ഥാനിലെ സിവിൽ ഏവിയേഷൻ ഭരണകൂടത്തിന് അയച്ച കത്തിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാനായില്ലെന്ന് കുറ്റപ്പെടുത്തിയിരുന്നതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.

ഈ സാഹചര്യത്തിലാണ് ലോകത്തിലെ 188 രാജ്യങ്ങളിലേക്ക് പറക്കുന്നതിൽ നിന്ന് പാക്കിസ്ഥാനിലെ വിമാനക്കമ്പനികൾക്കും ഇവിടെ നിന്നുള്ള പൈലറ്റുമാർക്കും വിലക്ക് വരുമെന്ന് കരുതുന്നത്. പാക്കിസ്ഥാന്റെ വ്യോമയാന രംഗത്തിന്റെ സമ്പൂർണ തകർച്ചയിലേക്കാവും കാര്യങ്ങൾ എത്തുകയെന്നാണ് പാക്കിസ്ഥാൻ എയർലൈൻസ് പൈലറ്റ്സ് അസോസിയേഷന്റെ വക്താവിന്റെ പ്രതികരണം.

click me!