അന്താരാഷ്ട്ര വിമാനങ്ങളുടെ പോക്കുവരവ്; നേട്ടം സ്വന്തമാക്കി നെടുമ്പാശ്ശേരി വിമാനത്താവളം

By Web TeamFirst Published Oct 3, 2021, 10:23 PM IST
Highlights

ഒരിടവേളയ്ക്ക് ശേഷം ശ്രീലങ്കൻ എയർവെയ്സ് കൊച്ചിയിൽ നിന്നുള്ള സർവീസ് പുനരാരംഭിച്ചു. തിരക്കുള്ള റൂട്ടായ കൊളംബൊയിലേക്ക് കൊച്ചിയിൽ നിന്ന് എല്ലാദിവസവും കന്പനി സർവീസ് നടത്തും.

കൊച്ചി: അന്താരാഷ്ട്ര വിമാനങ്ങളുടെ (International Flights) പോക്കുവരവിൽ രാജ്യത്തെ മൂന്നാമത്തെ വിമാനത്താവളം (Airport) എന്ന പദവി സ്വന്തമാക്കി കൊച്ചി. കൊവിഡ് ആശങ്ക കുറഞ്ഞതോടെ സർവീസുകൾ കൂടിയതാണ് കൊച്ചി വിമാനത്താവളത്തെ (cochin international airport ) തുണച്ചത്. കൊച്ചിയിൽ നിന്ന് കൊളംബൊയിലേക്കുള്ള പ്രതിദിന സർവീസും പുനരാരംഭിച്ചു.

കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തിലൂടെ കടന്ന് പോയത് 58 രാജ്യാന്തര വിമാനങ്ങൾ. തുടർച്ചയായ മൂന്ന് മാസമായി രാജ്യാന്തര വിമാനങ്ങളുടെ ഗതാഗതത്തിൽ മൂന്നാമതാണ് കൊച്ചി. ജൂലൈയിൽ 85,395 രാജ്യാന്തര യാത്രക്കാർ മാത്രമാണ് കൊച്ചി വിമാനത്താവളത്തിൽ എത്തിയതെങ്കിൽ സെപ്റ്റംബറിൽ ഇത് 1,94,900 ആയി ഉയർന്നു. വിദേശ വിമാനക്കന്പനികൾ തുടർച്ചയായി കൊച്ചിയിൽ നിന്ന് സർവീസ് തുടങ്ങിയതാണ് വളർച്ചയ്ക്ക് പിന്നിലെന്ന് സിയാൽ എംഡി എസ് സുഹാസ്.

ഒരിടവേളയ്ക്ക് ശേഷം ശ്രീലങ്കൻ എയർവെയ്സ് കൊച്ചിയിൽ നിന്നുള്ള സർവീസ് പുനരാരംഭിച്ചു. തിരക്കുള്ള റൂട്ടായ കൊളംബൊയിലേക്ക് കൊച്ചിയിൽ നിന്ന് എല്ലാദിവസവും കന്പനി സർവീസ് നടത്തും.

ആഭ്യന്തര-രാജ്യാന്തര സർവീസുകളായി 106 വിമാനങ്ങളാണ് ശരാശരി ഒരു ദിവസം സിയാലിലൂടെ കടന്ന് പോകുന്നത്. കൊവിഡിന് മുന്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഏറെക്കുറെ എത്തിക്കഴിഞ്ഞു. കൊവിഡ് വിലക്കുകൾ കുറഞ്ഞതോടെ രാജ്യാന്തര യാത്രക്കാരുടെ വരവും വൈകാതെ പഴയനിലയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് സിയാൽ.

click me!