മൈതാനത്തെ മാന്ത്രികന്‍ വിപണിയിലും കിംഗ്; വോണിന്റെ മക്കള്‍ക്ക് ലഭിക്കുക 450 കോടിയുടെ 'ജാക്ക്‌പോട്ട്'

Published : Mar 25, 2026, 05:50 PM IST
Shane Warne

Synopsis

2026 ഐപിഎല്‍ സീസണിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പുതിയ ഉടമകളിലേക്ക് മാറുന്നു. രാജസ്ഥാന്‍ റോയല്‍സിലെ ഷെയ്ന്‍ വോണിന്റെ പഴയ ഓഹരി പങ്കാളിത്തം അദ്ദേഹത്തിന്റെ മക്കള്‍ക്ക് ഏകദേശം 450 കോടി രൂപയുടെ നേട്ടമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക നീക്കം ക്രിക്കറ്റ് ലോകത്ത് വിസ്മയമായി മാറുകയാണ്.

2026 ഐപിഎല്‍ സീസണിന് ആവേശം കൂട്ടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന രണ്ട് വമ്പന്‍ ഉടമസ്ഥാവകാശ മാറ്റങ്ങള്‍ പുറത്തുവരുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് അന്തരിച്ച ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ ദീര്‍ഘവീക്ഷണമാണ്. വോണ്‍ മരിച്ച് നാല് വര്‍ഷം പിന്നിടുമ്പോള്‍, അദ്ദേഹം മുന്‍പ് നടത്തിയ ഒരു 'മാസ്റ്റര്‍ സ്‌ട്രോക്ക്' നീക്കത്തിലൂടെ മക്കളെ തേടിയെത്തുന്നത് ഏകദേശം 450 കോടി രൂപയുടെ വമ്പന്‍ നിക്ഷേപമാണ്.

രാജസ്ഥാന്‍ റോയല്‍സിനെ സ്വന്തമാക്കി യുഎസ് കരുത്തര്‍

കല്‍ സോമാനിയുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ കണ്‍സോര്‍ഷ്യം രാജസ്ഥാന്‍ റോയല്‍സിനെ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 15,290 കോടി രൂപയ്ക്കാണ് ഈ വമ്പന്‍ കച്ചവടം നടന്നത്. വാള്‍മാര്‍ട്ട് കുടുംബത്തിലെ റോബ് വാള്‍ട്ടണ്‍, ഫോര്‍ഡ് കുടുംബത്തിലെ ഹാംപ് എന്നിവരും ഈ നിക്ഷേപ സംഘത്തിലുണ്ട്.

വോണിന്റെ ബുദ്ധി; നിക്ഷേപത്തിലും വിസ്മയം

2008-ല്‍ ഐപിഎല്‍ തുടങ്ങുമ്പോള്‍ എട്ട് ടീമുകളില്‍ ഏറ്റവും മൂല്യം കുറഞ്ഞ ഫ്രാഞ്ചൈസിയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. അന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഷെയ്ന്‍ വോണിനെ ടീമിനെ നയിക്കാന്‍ അവര്‍ ഏല്‍പ്പിച്ചു. എന്നാല്‍ പ്രതിഫലമായി വോണ്‍ ആവശ്യപ്പെട്ടത് ഒരു പ്രത്യേക കരാറായിരുന്നു. ഓരോ വര്‍ഷവും ലഭിക്കുന്ന 6,57,000 ഡോളര്‍ ശമ്പളത്തിന് പുറമെ, ഓരോ സീസണിലും ടീമിന്റെ 0.75 ശതമാനം വീതം ഉടമസ്ഥാവകാശംകൂടി വോണ്‍ ഉറപ്പിച്ചു. നാല് സീസണുകളില്‍ രാജസ്ഥാനായി കളിച്ച് വോണ്‍ ഐപിഎല്‍ വിടുമ്പോള്‍ ടീമില്‍ അദ്ദേഹത്തിന് മൂന്ന് ശതമാനം ഓഹരിയുണ്ടായിരുന്നു. ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് വിറ്റുപോയ തുക വെച്ച് കണക്കുകൂട്ടിയാല്‍ വോണിന്റെ ഈ മൂന്ന് ശതമാനം ഓഹരിക്ക് മാത്രം 450 കോടി മുതല്‍ 460 കോടി രൂപ വരെ വില ലഭിക്കും. ക്രിക്കറ്റ് ഫീല്‍ഡിലെ തന്ത്രങ്ങള്‍ പോലെ തന്നെ വോണ്‍ നടത്തിയ ഈ സാമ്പത്തിക നീക്കവും ഇപ്പോള്‍ വിസ്മയമായി മാറുകയാണ്.

റെക്കോര്‍ഡ് തുകയ്ക്ക് ബാംഗ്ലൂരും കൈമാറുന്നു

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഉടമസ്ഥതയിലും വന്‍ മാറ്റമാണ് വരുന്നത്. ഡിയാജിയോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് സ്പിരിറ്റ്സ്, ടീമിന്റെ 100 ശതമാനം ഓഹരികളും വില്‍ക്കാന്‍ തീരുമാനിച്ചു. ആദിത്യ ബിര്‍ള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് എന്നിവര്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യമാണ് ആര്‍സിബിയെ വാങ്ങുന്നത്. 16,660 കോടി രൂപയുടെ പണമിടപാടിലൂടെയാണ് ഈ വമ്പന്‍ കൈമാറ്റം നടക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഫോർബ്സ് ഇന്ത്യ 2026: 7 മലയാളികൾ ലിസ്റ്റിൽ, ഏറ്റവും സമ്പന്നനായ വ്യക്തിഗത മലയാളിയായി എം എ യൂസഫലി
വിമാനത്താവളത്തിലെ കൺവെയർ ബെൽറ്റിൽ നിന്ന് കിട്ടിയ പെട്ടി പൊട്ടിയ നിലയിലാണോ? നഷ്ടപരിഹാരം വാങ്ങാൻ എയർപോർട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ?